
ഇസ്രായേൽ‑ഇറാൻ യുദ്ധം പശ്ചിമേഷ്യയിൽ മാത്രം ഒരുങ്ങി നിൽക്കുന്നതല്ലെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുദ്ധവിരുദ്ധ‑സമാധാന സന്ദേശ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശവെറിയും അധിനിവേശ മോഹവും യുദ്ധത്തിന്റെ പ്രത്യക്ഷ ലക്ഷണമായി തോന്നുമെങ്കിലും കോർപ്പറേറ്റ് മൂലധനത്തിന്റെ ലാഭക്കൊതിയും ആയുധ കച്ചവട താല്പര്യവുമാണ് എല്ലാ യുദ്ധത്തിന്റെയും അടിസ്ഥാന കാരണം. ഇസ്രായേൽ‑ഇറാൻ യുദ്ധത്തിന്റെ അഞ്ചു ദിവസങ്ങൾക്കുള്ളിൽ അസംസ്കൃത എണ്ണയുടെയും പാചക വാതകത്തിന്റെയും വില എത്ര ഇരട്ടിയാണ് വർദ്ധിച്ചതെന്ന് പരിശോധിച്ചാൽ ഇതു മനസ്സിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു യുദ്ധവും ജീവ നഷ്ടവും മറ്റു നാശനഷ്ടവും മാത്രമല്ല വിലക്കയറ്റവും സൃഷ്ടിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ജനാധിപത്യമില്ലായ്മ തുടർച്ചയായ യുദ്ധങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്.
ഞാൻ ആരുടെയും സംസ്കാരം മാറ്റാനോ സ്ഥലം പിടിച്ചെടുക്കാനോ അല്ല, കച്ചവടം നടത്താനാണ് ശ്രമിക്കുന്നതെന്നാണ് സൗദിഅറേബ്യൻ രാജാവ് അറബ് ഭരണാധികാരികളുടെ ഒരു യോഗത്തിൽ പറഞ്ഞത്. അമേരിക്കൻ സെനറ്റില്‍ യുദ്ധത്തിനെതിരെഒരു പ്രമേയം പാസാക്കാൻ പോലും സാധ്യമല്ല. ആയുധക്കച്ചവടക്കാരായ ലോക കോർപ്പറേറ്റുകളുടെ കൂട്ടത്തിൽ ഗൗതം അദാനിയ്ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട്. യുദ്ധവിരുദ്ധ ലോക സമാധാന പ്രസ്ഥാനങ്ങൾ കെട്ടിടങ്ങളിൽ ഒതുങ്ങാതെ ജനങ്ങളിലേക്കിറങ്ങണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകസമിതി കൺവിനർ ടി കെ സുധീഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ, കെ പി സന്ദീപ് മറ്റു നേതാക്കളായ കെ എസ് ജയ, കെ ശ്രീകുമാർ, പി മണി, ബിനോയ് ഷബീർ, അനിത രാധാകൃഷ്ണൻ, മിഥുൻപോട്ടക്കാരൻ എന്നിവർ സംസാരിച്ചു. സംഗമത്തിൽ ഇ ആർ ജോഷി കവിതകൾ അവതരിപ്പിച്ചു. ചിത്രകാരി രശ്മി ജോഷി സമാധാന സന്ദേശമുയർത്തി ചിത്രം വരച്ചു. എൻ കെ ഉദയപ്രകാശ് സ്വാഗതവും അഡ്വ.പി ജെ ജോബി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.