11 January 2026, Sunday

Related news

January 5, 2026
December 30, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി മതം നോക്കണ്ട

സര്‍ക്കുലറുമായി സര്‍ക്കാര്‍
Janayugom Webdesk
തിരുവനന്തപുരം
June 17, 2023 9:00 pm

വിവാഹബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ വ്യത്യസ്ത മതത്തില്‍പെട്ടവരാണെന്നത്, വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാതിരിക്കാനുള്ള കാരണമല്ലെന്ന് സര്‍ക്കാര്‍. രജിസ്ട്രേഷനായി വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തില്‍ ദമ്പതികളുടെ മതമോ രക്ഷിതാക്കളുടെ മതമോ രേഖപ്പെടുത്തേണ്ട എന്നതിനാല്‍, ദമ്പതികളുടെയോ രക്ഷിതാക്കളുടെയോ മതമോ ജാതിയോ ഏതെന്ന് രജിസ്ട്രാ‍ര്‍മാര്‍ പരിശോധിക്കേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കൊച്ചി നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്തതിനെതിരെ ലാലന്‍ പി ആര്‍, ആയിഷ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ 2022 ഒക്ടോബര്‍ 12ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആധികാരിക രേഖ ഹാജരാക്കിയാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാവുന്നതാണെന്ന് 2011ല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിവാഹത്തിലേര്‍പ്പെടുന്ന കക്ഷികളുടെ മതമേതെന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടേണ്ടതില്ലെന്ന് 2021 നവംബര്‍ 23ന് വീണ്ടും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് ശേഷവും, മതം പരിഗണിച്ച് രജിസ്ട്രാര്‍മാര്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്ന സംഭവങ്ങളുണ്ടായെന്ന് പരാതികള്‍ ഉയര്‍ന്നുവന്നു.
അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നുവെന്ന് തെളിയിക്കാന്‍ നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. എല്ലാ തദ്ദേശ വിവാഹ രജിസ്ട്രാര്‍മാരും രജിസ്ട്രാര്‍ ജനറല്‍മാരും മുഖ്യ രജിസ്ട്രാര്‍ ജനറലും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

Eng­lish Sum­ma­ry: Don’t look at reli­gion to reg­is­ter a marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.