
ഗവര്‍ണര്‍ക്ക് രാഷ്ട്രീയമുണ്ടാകാമെന്നും എന്നാല്‍ ആ രാഷ്ട്രീയത്തിന്റെ പ്രകടനവേദിയായി രാജ്ഭവനെ മാറ്റരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ രാജ്ഭവനില്‍ നിശ്ചയിച്ചിരുന്ന പരിസ്ഥിതിദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രവും പുഷ്പാര്‍ച്ചനയും വേണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ശഠിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പരിസ്ഥിതിദിനം എത്ര മഹത്തരമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നന്നായി അറിയാം. കേരളത്തില്‍ വര്‍ഷങ്ങളായി പരിസ്ഥിതി ദിനമാചരിക്കുന്നുണ്ട്. അതുകൊണ്ടാണ് രാജ്ഭവന്റ മുറ്റത്ത് ഒരു തൈ നടാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്. അതിലേക്ക് ഒരു പുതിയ ആശയം എത്തിക്കാൻ ഗവര്‍ണര്‍ വാശിപിടിക്കരുതായിരുന്നു.
ഭാരതാംബ എല്ലാവരുടെയും വികാരമാണ്. ഭാരതാംബയോട് നമുക്ക് ആദരവുമുണ്ട്. എന്നാല്‍ ഭാരതാംബയ്ക്ക് ഏതെങ്കിലും നിശ്ചിതമായ മുഖച്ഛായ ഉള്ളതായി നമുക്കറിയില്ല. ആ മുഖച്ഛായ നമ്മുടെയൊക്കെ മനസിലാണ്. ഭാരതമാണ് മാതാവ്. ഓരോ മണ്‍തരിയും പുഴയും മരങ്ങളും ചേരുമ്പോഴാണ് ഭാരതമാകുന്നത്. അതാണ് ഭാരതമാതാവ്. ആ ഭാരതമാതാവിന് തങ്ങളോ, മറ്റൊരാളോ, ഒരുകൂട്ടം ആളുകളോ മുഖച്ഛായ നിശ്ചയിക്കാൻ വന്നാല്‍ അത് ഭാരതമാതാവിന്റെ വൈവിധ്യത്തെയും നാനാത്വത്തെയും മാനിക്കുന്നതാണെന്ന് പറയാനാവില്ല.
ഇതിന്റെ പേരില്‍ ഗവര്‍ണറുമായി പോരിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഇടതുപക്ഷത്തിനോ താല്പര്യമില്ല. മുൻ ഗവര്‍ണറെക്കാള്‍ പല കാര്യങ്ങളിലും വ്യത്യസ്തനാണ് നിലവിലെ ഗവര്‍ണര്‍. പലതിലും സഹകരണത്തിന്റെയും സമവായത്തിന്റെയും മാര്‍ഗം ആരായുന്ന പരിണിതപ്രജ്ഞനായ നേതാവായ ഗവര്‍ണറെ തങ്ങള്‍ മാനിക്കുന്നു. അദ്ദേഹത്തിന്റെ സമീപനങ്ങളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ട്. പോസിറ്റീവായ സൗഹൃദാംശങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എപ്പോഴും സ്വാഗതം ചെയ്യും. അതുകൊണ്ടാണ് ഗവര്‍ണറുമായി തര്‍ക്കത്തിനോ ചര്‍ച്ചയ്ക്കോ താല്പര്യപ്പെടാത്തതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക പരിസ്ഥിതിദിനത്തില്‍ സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തില്‍ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരിലുള്ള ഓര്‍മ്മ മരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നട്ടു. കാനത്തിന്റെ സ്മരണ പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതാപനം വലിയൊരു വിപത്താണ്. ആഗോളവല്‍ക്കരണമാണ് ഇതിന് പ്രധാനകാരണം. ദേശീയപാതയുടെ നിര്‍മ്മാണത്തിനിടെ മലപ്പുറത്ത് റോഡ് ഇടിഞ്ഞത് ഗൗരവമായി കാണണം. ഭൂപ്രകൃതിയെയും മണ്ണിനെയും അറിഞ്ഞുകൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. വിവിധ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.