
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച പുതിയ വ്യാപാര കരാറിലെ വ്യവസ്ഥകൾ ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അതീവ ഗുരുതരമാണ്. മെഡിക്കൽ സഹായ സംഘടനയായ മെഡിസിൻ സാൻസ് ഫ്രോണ്ടിയേഴ്സ് (എംഎസ്എഫ്) ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പുതിയ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഗൗരവമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 80ലധികം രാജ്യങ്ങളിൽ അടിയന്തര വൈദ്യസഹായം നൽകുന്ന ഈ സംഘടന ലോകമെമ്പാടുമുള്ള രോഗികളെ കരാർ എപ്രകാരം ബാധിക്കുമെന്ന് വ്യക്തമാക്കാൻ കരാറിന്റെ പൂർണരൂപം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നിലവിൽ പുറത്തറിയുന്ന കരാറിലെ ചില വ്യവസ്ഥകളനുസരിച്ച് ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയെ ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. കരാറിൽ പരാമർശിക്കുന്ന ഡാറ്റാ എക്സ്ക്ലൂസിവിറ്റി നിർബന്ധിത ലൈസൻസുകളെ ഇല്ലാതാക്കി മരുന്നുകളുടെ കുത്തക, കമ്പനികളിൽ നിലനിർത്തും. പേറ്റന്റ് കാലാവധി നീട്ടാനുള്ള കരാറിലെ നിർദേശം സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭിക്കുന്നത് ഇല്ലാതാക്കും. ബൗദ്ധിക സ്വത്തവകാശം ലംഘിച്ചുവെന്ന സംശയത്തിന്റെ പേരിൽ മരുന്നുകളുടെ കയറ്റുമതിയും ഇറക്കുമതിയും തടയാനുള്ള നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇന്ത്യയിലെയും വികസ്വര രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് രോഗികളെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥകൾ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിർവരമ്പാണ്. ഇന്ത്യയിൽ നിന്നുള്ള ജനറിക് മരുന്നുകളുടെ ഉല്പാദനം തടസമില്ലാതെ തുടരേണ്ടത് അത്യന്താപേക്ഷിതമാണ്.
2000 മുതൽ എയ്ഡ്സ് രോഗികൾക്ക് ആന്റി റിട്രോവൈറൽ തെറാപ്പി നൽകുന്നതിൽ എംഎസ്എഫ് മുന്‍പന്തിയിലുണ്ട്. തങ്ങളുടെ എയ്ഡ്സ് ചികിത്സാ പദ്ധതികൾക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ 80 ശതമാനത്തിലധികം അവർ സമാഹരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. താഴ്ന്ന‑ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 92% എയ്ഡ്സ് രോഗികള്‍ ഇന്ത്യയിൽ നിർമ്മിച്ച ജനറിക് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. മൂന്ന് മരുന്നുകൾ അടങ്ങിയ ഒരു ഗുളിക — ‘ത്രീ ഇൻവൺ’ ക്യാപ്സൂളുകൾ — ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ തുടർന്നിരുന്ന പേറ്റന്റ് നിയമങ്ങളിൽ ഇത്തരം മരുന്നുകൾ നിർമ്മിക്കുന്നതിന് തടസമില്ലാതിരുന്നതാണ് ഈ നേട്ടത്തിന് കാരണം. 2005 മുതൽ രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കാനുള്ള അവകാശവും ഔഷധ കമ്പനികളുടെ ലാഭവും തമ്മിൽ തുലനം ചെയ്യുന്ന പേറ്റന്റ് നിയമമായിരുന്നു ഇന്ത്യ പിന്തുടര്ന്നത്. പേറ്റന്റ് നിയമത്തിലെ കർശനമായ മാനദണ്ഡങ്ങളനുസരിച്ച്, മരുന്നുകളിൽ നിസാരമായ മാറ്റങ്ങൾ വരുത്തി പേറ്റന്റ് കാലാവധി അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്ന ‘എവർഗ്രീനിങ്’ രീതി തടയാൻ ഇപ്പോൾ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. പക്ഷെ, ലോക വ്യാപാര സംഘടനയുടെ ട്രിപ്സ് മാനദണ്ഡങ്ങൾക്കപ്പുറമുള്ള കർശനമായ വ്യവസ്ഥകൾ പുതിയ വ്യാപാര കരാറുകളുടെ ഭാഗമായി അടിച്ചേല്പിക്കപ്പെട്ടാൽ സാധാരണക്കാരന്റെ മരുന്നിനുള്ള അവകാശം ഇല്ലാതാകും. അങ്ങനെ വന്നാല്‍ പുതിയ കരാർ ലോകമെമ്പാടുമുള്ള സാധാരണക്കാരന്റെ ജീവനെയാണ് കവർന്നെടുക്കുക.
ഇന്ത്യ — യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന്റെ അന്തിമരൂപത്തിൽ നിന്ന് ജനറിക് മരുന്ന് വിപണിയെ തകർക്കുന്ന ചില വ്യവസ്ഥകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ആവർത്തിക്കുമ്പോഴും ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ചില പ്രത്യേക വകുപ്പുകൾ വലിയ ആശങ്കയുയർത്തുന്നതാണ്. ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ ഉൾച്ചേർത്തിട്ടുള്ള പൊതുജനാരോഗ്യ സംരക്ഷണ വ്യവസ്ഥകളെ അട്ടിമറിക്കാൻ ഈ വകുപ്പുകൾക്ക് സാധിക്കും. പേറ്റന്റ് കുത്തകകളുടെ ചൂഷണം തടയുന്നതിനും ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ജീവൻരക്ഷാ മരുന്നുകൾ ഉറപ്പാക്കുന്നതിനും നിയമപരമായ മുൻകരുതലുകൾ അത്യന്താപേക്ഷിതമാണ്. മരുന്നുകൾക്ക് പേറ്റന്റ് നൽകുന്നതിന് മുമ്പുതന്നെ അവയെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ (Pre-grant opposition) ഇല്ലാതാക്കാനുള്ള സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന് എംഎസ്എഫ് ഉൾപ്പെടെയുള്ള ഡോക്ടർമാരടങ്ങുന്ന സംഘടനകൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഡാറ്റാ എക്സ്ക്ലൂസിവിറ്റി പോലുള്ള വിനാശകരമായ വ്യവസ്ഥകൾ നിരസിക്കപ്പെടണം. ഇത്തരം വ്യവസ്ഥകൾ ജനറിക് മരുന്നുകളുടെ ഉല്പാദനം വൈകിപ്പിക്കുകയും മരുന്നുവില കുറയുന്നതിനെ തടയുകയും ചെയ്യും. ആത്യന്തികമായി മനുഷ്യജീവനെ സംരക്ഷിക്കുന്നതിൽ ജനറിക് മരുന്നുകളുടെ മത്സരം വലിയ പങ്കാണ് വഹിക്കുന്നത്. ഓരോ സ്വതന്ത്ര വ്യാപാര കരാറുകളും വരാനിരിക്കുന്ന മറ്റ് കരാറുകൾക്കുള്ള മാതൃകകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, ഈ കരാറിലെ ദോഷകരമായ മുൻഗണനകൾ ഇന്ത്യ ഭാവിയിൽ ഒപ്പിടാൻ പോകുന്ന മറ്റ് ആഗോള കരാറുകളെയും മോശമായി ബാധിക്കും. ഇത് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍രക്ഷാ മരുന്നിനുള്ള അവകാശത്തെ ഇല്ലാതാക്കും, ജീവനെയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.