
ദൗർഭാഗ്യകരമായി സംഭവിച്ച ചില ചികിത്സാപ്പിഴവുകൾ പെരുപ്പിച്ച് കാട്ടാനും അതേറ്റെടുത്ത് അക്രമസമരം സംഘടിപ്പിച്ച് സംസ്ഥാനത്തെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളെ കരിവാരിത്തേയ്ക്കാനുമുള്ള ശ്രമങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും നടത്തിക്കൊണ്ടിരിക്കുന്നത്. ഉണ്ടായ വീഴ്ചകൾ ഗൗരവമായിക്കണ്ട്, ശക്തമായ നടപടികൾ സർക്കാർ കൈക്കൊള്ളുമ്പോഴും പ്രതിപക്ഷം അതംഗീകരിക്കാതെ സമര പ്രഹസനങ്ങൾ നടത്തുകയും മാധ്യമങ്ങൾ അതിന് ഊർജം നൽകുകയുമാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങൾ വിശ്വപ്രസിദ്ധമാണ്. വികേന്ദ്രീകൃത ആരോഗ്യ സ്ഥാപനങ്ങളുടെ ശൃംഖലകൾ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് പോലും ആരോഗ്യ പരിപാലനം സാധ്യമാക്കിയാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. 1956ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ആരോഗ്യമേഖലയുടെ പരിഷ്കരണം സി അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് കൂടുതൽ വിപുലപ്പെട്ടു. ഏറ്റവും മുകളിൽ മെഡിക്കൽ കോളജുകളും താഴേക്ക് ജില്ലാ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ ഗ്രാമങ്ങളിൽവരെ ആശുപത്രി ശൃംഖലകൾ സംസ്ഥാനത്തുണ്ടായി. ഈ അടിത്തറയിൽ പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. അലോപ്പതിക്ക് പുറമേ ആയുർവേദം, ഹോമിയോപ്പതി ഉൾപ്പെടെ എല്ലാ ചികിത്സാ ശാഖകളും സൗജന്യമായോ സൗജന്യ നിരക്കിലോ പ്രാപ്യമാകുന്ന സ്ഥിതി സംജാതമാക്കി. സ്വകാര്യ ഭീമന്മാരുടെ ആഢംബര ആശുപത്രികളോട് മത്സരിക്കുന്നതിനും ഗുണമേന്മയുള്ളതും അത്യാധുനികവുമായ ചികിത്സ ലഭ്യമാക്കുന്നതിനും സാധ്യമായി. സ്വകാര്യ ആശുപത്രികളുടെ കുത്തകയായിരുന്ന പല ചികിത്സാ സംവിധാനങ്ങളും ഇന്ന് നമ്മുടെ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഈ വിധത്തിൽ ശക്തമായ ഇടപെടലുകൾ സര്‍ക്കാര്‍ നടത്തുകയും സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തതിനാലാണ് സംസ്ഥാന ആരോഗ്യ രംഗം മെച്ചപ്പെട്ടതും ലോകോത്തരമായതും. വ്യത്യസ്തമായ ആരോഗ്യ സൂചികകളിൽ പലതിലും ദേശീയ ശരാശരിക്ക് മുകളിലും വൻ രാഷ്ട്രങ്ങളുടെ ശരാശരിക്കൊപ്പമോ അതിന് മുകളിലോ ആണ് കേരളത്തിന്റെ സ്ഥാനം.
കേരളത്തിലെ ശിശു മരണനിരക്ക് അഞ്ച് ആണെന്നത് കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടിന്റെ വിലയിരുത്തലാണ്. 25 ദേശീയ ശരാശരിയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കൻ ഐക്യനാടുകളിലെ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് കേരളത്തിലെ ശിശു മരണനിരക്കെന്നർത്ഥം. നവജാതശിശു മരണ നിരക്ക് ദേശീയ തലത്തിൽ 18 ആണെങ്കിൽ കേരളത്തിൽ നാലിൽ താഴെയാണ്. 2023ൽ 1,000 കുഞ്ഞുങ്ങളിൽ അഞ്ച് എന്ന നിലയിൽ ശിശു മരണനിരക്ക് രേഖപ്പെടുത്തിയാണ് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ആരോഗ്യ രംഗത്തെ സംസ്ഥാന മികവിനെ കേന്ദ്രത്തിന്റെ നിതി ആയോഗിന്റേതുൾപ്പെടെ വിവിധ റിപ്പോർട്ടുകളിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. നിതി ആയോഗിന്റെ എസ്ഡിജി ഇന്ത്യ സൂചികയിൽ രണ്ടു റിപ്പോർട്ടുകളിൽ കേരളം ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. മാതൃമരണ നിരക്ക്, അഞ്ച് വയസിന് താഴെയുള്ള ശിശുമരണ നിരക്ക്, പുതിയ എച്ച്ഐവി ഇൻഫെക്ഷൻ നിരക്ക് എന്നിവ ഏറ്റവും കുറഞ്ഞ, നിതി ആയോഗിന്റെ സൂചികയിലും കേരളം ഒന്നാമതാണ്. ജനസംഖ്യക്ക് ആനുപാതികമായ ആരോഗ്യപ്രവർത്തകരുടെ സാന്ദ്രത (ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരുടെ എണ്ണം/10,000 ജനസംഖ്യ) ഏറ്റവും ഉയർന്ന സംസ്ഥാനമെന്ന നിലയിലും കേരളം ഒന്നാമതാണ്. നേട്ടങ്ങളുടെ പട്ടിക സ്ഥലപരിമിതി കാരണം ഇവിടെ അവസാനിപ്പിക്കേണ്ടിവരികയാണ്.
ഈ പശ്ചാത്തലമുള്ളപ്പോഴും ദൗർഭാഗ്യകരമായ വീഴ്ചകളെ പൊലിപ്പിച്ച് സംസ്ഥാനത്തിന്റെ കീർത്തിയിൽ കരിവാരിത്തേയ്ക്കുന്നതിനാണ് ശ്രമം. അവിടെയും അവസാനിപ്പിക്കാതെ സമരങ്ങളെന്ന പേരിൽ അക്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ആലപ്പുഴയിൽ സംഭവിച്ചത് പൊറുക്കാനാകാത്ത വീഴ്ച തന്നെയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പാലക്കാട് ജില്ലാശുപത്രിയിൽ പല്ലശന സ്വദേശിയായ ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവവും ദൗർഭാഗ്യകരമായിരുന്നു. ഈ സംഭവങ്ങൾ മനസിലാക്കിയ ഉടൻ അന്വേഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറേ വർഷങ്ങളായി അധികാരത്തിന് പുറത്ത് നിൽക്കുന്നതിന്റെ അസ്വസ്ഥകൾ കാരണം ഹാലിളകിയ പ്രതിപക്ഷം അക്രമങ്ങൾ അഴിച്ചുവിടുകയാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും തള്ളിക്കളയുകയോ വില കുറച്ചുകാണുകയോ ചെയ്യുന്നില്ല. എന്നാൽ അതിന്റെ പേരിൽ മന്ത്രിയുടെ വസതിയിലേക്ക് ഗേറ്റ് തകർത്ത് പ്രവേശിക്കുകയും സുരക്ഷാ ജീവനക്കാരെ അക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്യുന്ന രീതികളെ അംഗീകരിക്കാനാകില്ല. ഇതിനെ സമരാഭാസമെന്നാണ് വിളിക്കേണ്ടത്. നേരത്തെയും ഇത്തരം പ്രഹസന സമരങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അവ ജനങ്ങൾ അവഗണിച്ചപ്പോൾ താനെ കെട്ടടങ്ങിയതും കണ്ടതാണ്. ഈ സമരത്തിനും അത്തരമൊരു അന്ത്യം തന്നെയാകും ഉണ്ടാകുക. കാരണം കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തുന്നതിനുള്ള ശ്രമങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലതന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.