
പെൻഷൻ സംരക്ഷണ പോരാട്ടങ്ങളെ വിതണ്ഡവാദങ്ങളുന്നയിച്ച് ദുർബലപ്പെടുത്താതെ പഴയ പെൻഷൻ പുനസ്ഥാപിക്കാനായി യോജിച്ച പോരാട്ടങ്ങൾക്ക് തയ്യാറാവണമെന്ന് ജോയിന്റ് കൗൺസിൽ. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരന്തരമായ പ്രക്ഷോഭത്തിലാണ് ജോയിന്റ് കൗൺസിലും അധ്യാപക- സർവീസ് സംഘടനാ സമരസമിതിയും. നിലപാടുകളിൽ മാറ്റം വരുത്താതെ പഴയ പെൻഷൻ പുനസ്ഥാപിക്കുന്നതിന് വേണ്ടി രാപ്പകൽ സമരവും പണിമുടക്കവും ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾ സംഘടന നടത്തിയിട്ടുണ്ട്. കാസർകോട് നിന്നും തിരുവനന്തപുരം വരെ ജോയിന്റ് കൗൺസിൽ നടത്തിയ സിവിൽ സർവീസ് സംരക്ഷണയാത്രയെ തുടർന്ന് നിയമസഭയിൽ ധനകാര്യ മന്ത്രി തന്നെ ഈ പദ്ധതി പുന പരിശോധിക്കാൻ സർക്കാർ ആലോചിക്കുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. സർക്കാർ നടത്തിയ ഈ പ്രഖ്യാപനം തന്നെ പിഎഫ്ആർഡിഎ നിയമം പിൻവലിക്കാതെ തന്നെ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനാകുമെന്ന ജോയിന്റ് കൗൺസിലും സമരസമിതിയും മുന്നോട്ട് വെച്ച വാദത്തെ ബലപ്പെടുത്തുന്നതായി മാറി. എന്നാൽ ഈ യാഥാർത്ഥ്യത്തെ വീണ്ടും ഇരുട്ടിൽ നിർത്തി മുദ്രാവാക്യങ്ങളിൽ അവസരവാദ നിലപാടുകൾ സ്വീകരിച്ച് ചിലർ പഴയ പെൻഷൻ പുനസ്ഥാപിക്കാനുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയാണ്. പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് സമരത്തിലൂടെ ആവശ്യപ്പെടുന്ന ചിലർ ഫലത്തിൽ പഴയ പെൻഷൻ പുനഃസ്ഥാപിക്കാനാവില്ല എന്ന് പറയാതെ പറയുകയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയർമാൻ എസ് സജീവും ജനറൽ സെക്രട്ടറി കെ പി ഗോപകുമാറും പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി കേരളത്തിലെ സർക്കാർ ജീവനക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കാനുള്ള പോരാട്ടത്തിലാണ്. 2013 ൽ യുഡിഎഫ് സർക്കാർ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നത് ഇടതുപക്ഷ സർക്കാർ മുന്നോട്ട് വച്ച വാഗ്ദാനമായിരുന്നു. എന്നാൽ അധികാരത്തിലെത്തി ഒമ്പത് വർഷം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. പിഎഫ്ആർഡിഎ നിയമം പിൻവലിച്ചാൽ മാത്രമെ പങ്കാളിത്ത പെൻഷൻ സംസ്ഥാന സർക്കാരിന് പിൻവലിക്കാനാകൂ എന്ന ദുർബ്ബലമായ വാദമുയർത്തി ചില സംഘടനകൾ സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കാനാണ് തുടക്കം മുതൽ ശ്രമിച്ചു കൊണ്ടിരുന്നത്. ഇതിന് മാറ്റം വരുത്തിയത് ജോയിന്റ് കൗൺസിൽ സുപ്രീം കോടതി വരെ നടത്തിയ നിയമ പോരാട്ടമാണ്. ആ വിധിയെ തുടർന്ന് സർക്കാർ പുറത്ത് വിട്ട പുനഃപരിശോധന സമിതി റിപ്പോർട്ടിൽ ഈ പദ്ധതിയിൽ നിന്ന് പിൻമാറുന്നതിന് സംസ്ഥാന സർക്കാരിന് നിയമപരവും സാങ്കേതികവുമായ ഒരു തടസവും ഇല്ലായെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചില സംഘടനകൾ പി എഫ്ആർഡിഎ നിയമം പിൻവലിക്കാതെ പഴയ പെൻഷൻ പുനസ്ഥാപിക്കാൻ ആവില്ലായെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തെ ദുർബലപ്പെടുത്തുന്നതാണ്. 2013 ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിച്ച കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ കവർന്നെടുത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചപ്പോൾ പറഞ്ഞിരുന്നതും ഇതേ വാദഗതികൾ ആയിരുന്നു.
പിഎഫ്ആർഡിഎ നിയമത്തിൽ നിന്നും മാറി നിൽക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല എന്ന നിയമപ്രശ്നമുന്നയിച്ചാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതിനെതിരായി നടത്തിയ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങളെ യു ഡിഎഫ് സർക്കാരും അവരെ പിന്തുണക്കുന്ന സംഘടനകളും നേരിട്ടത്. നിലവിൽ സർവീസിലുള്ളവരുടെ പെൻഷൻ നിലനിർത്തുമെന്ന് പ്രഖ്യാപിച്ച് ജീവനക്കാരെ രണ്ടു തട്ടിലാക്കി പദ്ധതിയ്ക്കെതിരെയുള്ള എതിർപ്പ് കുറയ്ക്കുക എന്ന തന്ത്രമാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്. എന്നാൽ ഇതിനെതിരെ അധ്യാപക-സർവീസ് സംഘടനാ സമരസമിതി ഉൾപ്പെടെയുള്ള ഇടതുപക്ഷ സർവീസ് സംഘടനകൾ ശക്തമായ നിലപാട് സ്വീകരിക്കുകയും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുകയും ഉണ്ടായി. ഭരണമുന്നണിയുമായി ബന്ധമുണ്ടായിരുന്ന സംഘടനകൾ പണിമുടക്കിനെതിരെ നിലപാട് സ്വീകരിക്കുകയും ഭരണസ്വാധീനമുപയോഗിച്ച് പണിമുടക്കിനെ തകർക്കുകയും ചെയ്തു. ആറ് ദിവസം കൊണ്ട് പണിമുടക്കം അവസാനിപ്പിക്കേണ്ടി വന്നു. അന്ന് അധ്യാപക-സർവീസ് മേഖലകളിൽ അന്നത്തെ യുഡിഎഫ് സർക്കാർ അനുകൂല സംഘടനകൾ സർക്കാർ വാദങ്ങളെ പിന്തുണച്ച് രംഗത്തുവരുകയും പങ്കാളിത്ത പെൻഷന്റെ നേട്ടങ്ങളെ കുറിച്ച് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് യോജിച്ച പ്രക്ഷോഭത്തിലൂടെ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നതിനെ ചെറുക്കാൻ കഴിയാതെ പോയത്. അന്ന് പണിമുടക്കം പിൻവലിക്കേണ്ടി വന്നുവെങ്കിലും സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും പ്രസ്ഥാനമായ ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും എന്ന് പ്രഖ്യാപിക്കുകയും തുടർന്ന് 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രകടനപത്രികയിൽ അത് ഉൾപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഇടതുപക്ഷ മുന്നണി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കി ജനാഭിലാഷത്തിന് ഒപ്പം ഉയർന്ന സർക്കാരിയിരുന്നു. എന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി വിഷയത്തിൽ മാത്രം തീരുമാനം എടുക്കാൻ കഴിയാതെ പോയി. പുനഃപരിശോധനാ സമിതിയെ നിശ്ചയിക്കുന്നതിന് വരെ അധ്യാപക-സർവീസ് സംഘടനാ സമരസമിതിയും ജോയിന്റ് കൗൺസിലും നിരന്തരമായ പ്രക്ഷോഭങ്ങളിൽ ഏർപ്പെടേണ്ടി വന്നു. നിയമസഭയിൽ ഇടതുപക്ഷ നേതാക്കളായ സി ദിവാകരനും മുല്ലക്കര രത്നാകരനും ഉന്നയിച്ച സബ്മിഷനുകളെ തുടർന്നാണ് സർക്കാർ പുനഃപരിശോധനാ സമിതിയെ നിയമിച്ചത്. സമിതിയെ നിശ്ചയിച്ചതിനു ശേഷം പ്രവർത്തനം ആരംഭിക്കുന്നതിനും റിപ്പോർട്ട് ലഭ്യമാക്കുന്നതിനും വീണ്ടും പ്രക്ഷോഭങ്ങൾ നടത്തേണ്ടി വന്നു. ഇത്രയധികം സമ്മർദ്ദങ്ങളുടെ ഫലമായാണ് പുനഃപരിശോധന സമിതി റിപ്പോർട്ട് സർക്കാരിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പുനഃപരിശോധനാ സമിതി റിപ്പോർട്ട് ലഭ്യമായിട്ടും അത് പ്രസിദ്ധീകരിക്കുന്നതിനോ അതിൻമേൽ ചർച്ച നടത്തുന്നതിനോ സർക്കാർ തയ്യാറായില്ല. റിപ്പോർട്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയുടെ അപേക്ഷ പ്രകാരം പൊതുരേഖയാണെന്നും അത് അപേക്ഷകന് നൽകേണ്ടതാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായിട്ടു പോലും അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി നിയമപരമായ ബാദ്ധ്യതയാണെന്നും അത് പിൻവലിക്കുവാൻ സാധിക്കുകയില്ല എന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ രാജസ്ഥാനും ഛത്തീസ്ഗഡും ഉൾപ്പെടെയുള്ള എട്ട് സംസ്ഥാന സർക്കാരുകൾ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ധീരമായ നിലപാട് സ്വീകരിച്ചു. കേന്ദ്ര സർക്കാർ 2004 ജനുവരി ഒന്ന് മുതൽ പിഎഫ്ആർഡിഎ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ നാഷണൽ പെൻഷൻ സ്കീം എന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പരാജയമാണെന്ന് സമ്മതിച്ച് 20 വർഷങ്ങൾക്ക് ശേഷം പുതിയ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. കേരള സർക്കാർ നിയോഗിച്ച പുന: പരിശോധന സമിതി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവായി പഴയ പെൻഷൻ പദ്ധതി നടപ്പാക്കാൻ നിയമപരമായി ഏതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജോയിന്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.