പരിശീലകന്‍ ഡൊറിവല്‍ ജൂനിയറിനെ ബ്രസീല്‍ പുറത്താക്കി. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയോട് നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് നടപടി. മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയോട് 4–1‑നായിരുന്നു ബ്രസീല്‍ നാണംകെട്ടത്. ഒരു വർഷവും രണ്ട് മാസവും ഡൊറിവല്‍ ജൂനിയർ ടീമിനെ പരിശീലിപ്പിച്ചു. ‘ഡൊറിവല്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്ക് നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍തന്നെ നിയമിക്കും’- ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിച്ചു. അര്‍ജന്റീനയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി ഡൊറിവല്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ മാറിമറിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ വെള്ളിയാഴ്ച ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡൊറിവല്‍ സ്ഥാനഭ്രഷ്ടനാകുന്നത്. കോപ്പ അമേരിക്കയില്‍ ഉറുഗ്വേയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയോട് തോല്‍ക്കുകയും വെനസ്വേലയോട് സമനില വഴങ്ങുകയും ചെയ്തതിന് പിന്നാലെ പരമ്പരാഗത വൈരികളായ അര്‍ജന്റീനയോട് കൂടി നാണംകെട്ട തോല്‍വി വഴങ്ങിയതോടെ ഡൊറിവലിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഡൊറിവല്‍ ജൂനിയറിന്റെ കീഴിൽ കളിച്ച 16 മത്സരങ്ങളിൽ ഏഴ് ജയങ്ങൾ മാത്രമാണ് ബ്രസീൽ സ്വന്തമാക്കിയത്.
2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റതിനെത്തുടര്‍ന്ന് കോച്ച് ടിറ്റെയെ പുറത്താക്കിയാണ് സാവോപോളോ മുന്‍ മാനേജര്‍ ഡൊറിവലിനെ ബ്രസീല്‍ പരിശീലകനായി നിയമിച്ചത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ബ്രസീല്‍ വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ആഞ്ചലോട്ടി ഒരിക്കല്‍ കൂടി ഓഫര്‍ നിരസിച്ചാല്‍ ആരെ ബ്രസീല്‍ പരിഗണിക്കും എന്നതും ആരാധകര്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. ആരായാലും വലിയ വെല്ലുവിളിയാണ് അവരെ കാത്തുനില്‍ക്കുന്നത്. സൗദി പ്രോ ലീഗില്‍ നിലവില്‍ അല്‍ ഹിലാലിന്റെ പരിശീലകനായ ജോര്‍ജെ ജീസസ്, ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മൈറാസിന്റെ പരിശീലകനായ ആബേല്‍ ഫെറേര എന്നിവരുടെ പേരും പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഫലത്തില്‍ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ 2026ലെ ലോകകപ്പിലെത്താന്‍ കഠിന ശ്രമം നടത്തേണ്ട നിലയാണ്. നിലവില്‍ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത തുലാസിലാണ്. ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ അവര്‍ അര്‍ജന്റീനയ്ക്കും ഇക്വഡോറിനും ഉറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ ബ്രസീലിന് നിര്‍ണായകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.