23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
August 12, 2024
June 26, 2024
June 25, 2024
June 21, 2024
February 6, 2024
November 19, 2023
October 20, 2023
September 28, 2023
May 18, 2023

റേറ്റിങ് കുറച്ചത് പ്രവര്‍ത്തനത്തെ ബാധിക്കില്ല: കേരള ബാങ്ക്

Janayugom Webdesk
തിരുവനന്തപുരം
June 26, 2024 10:23 pm

കേരള ബാങ്കിന്റെ റേറ്റിങ് കുറച്ച നടപടി ബാങ്ക് പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിക്കില്ലെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. 2022–23 സാമ്പത്തിക വർഷം നബാർഡ് ചൂണ്ടിക്കാട്ടിയ കുറവുകൾ ഭൂരിഭാഗവും പരിഹരിക്കുന്നതിന് 2023–24ല്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്ന നിലയിൽ നബാർഡ് വർഷാവർഷം ബാങ്കിൽ പരിശോധന നടത്താറുണ്ട്. ഇത് ഒരു സാധാരണ നടപടിക്രമമാണ്. 2022–23ലെ പരിശോധനയെ തുടർന്നാണ് റേറ്റിങ് ‘ബി’യിൽ നിന്നും ‘സി’ ആക്കിയത്. അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, പണയവായ്പകൾ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷത്തിൽ നിന്നും 25 ലക്ഷം രൂപയായി കുറയുക മാത്രമാണ് ഉണ്ടാകുന്നത്. ബാങ്കിന് 48,000 കോടി രൂപ വായ്പയുണ്ട്. ഇതിൽ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് വ്യക്തിഗത-പണയ വായ്പകൾ. ആയതിനാൽ, ബാങ്കിന്റെ നിക്ഷേപത്തെയോ, പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭ, ഭവന വായ്പകളെ ഇത് ബാധിക്കുന്നില്ല. കാർഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പരിധിയില്ലാതെയും, വ്യക്തികൾക്ക് ഭവന വായ്പ 75 ലക്ഷം രൂപ വരെയും കേരള ബാങ്ക് വഴി അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2023–24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റലാഭം നേടി. കഴിഞ്ഞ വർഷം അറ്റലാഭം 20.5 കോടി രൂപയായിരുന്നു. രൂപീകരണ ശേഷമുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിലും ബാങ്ക് അറ്റലാഭം നേടുകയുണ്ടായി. നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസിലും ക്രമാനുഗതമായ വളർച്ചയുണ്ടായി. മൊത്തം ഇടപാടുകള്‍ 2020 മാർച്ച് 31ലെ 1,01,194 കോടിയിൽ നിന്നും 2024 മാർച്ച് 31 പ്രകാരം 1,16,582 കോടി രൂപയായി ഉയർന്നു. 

2023–24 സാമ്പത്തിക വർഷം പുതുതായി 19,601 കോടി രൂപയുടെ വായ്പ അനുവദിച്ചു. കാർഷിക മേഖലയിൽ 99,200, ചെറുകിട സംരംഭ മേഖലയിൽ 85,000ത്തിലധികവും വായ്പകള്‍ ഇക്കാലയളവിൽ നൽകി. 2024 മാർച്ച് 31 പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്തത 10.32 ശതമാനമാണ്. ഒമ്പത് ശതമാനമാണ് റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത വേണ്ടത്. ഇക്കാര്യത്തിൽ നിലവിൽ ബാങ്കിന്റെ സ്ഥിതി സുരക്ഷിതമാണ്.
നബാർഡിൽ നിന്നുള്ള കാർഷിക‑കാർഷികേതര വായ്പ 6173 കോടിയിൽ നിന്നും 11,113 കോടിയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം 80 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

Eng­lish Sum­ma­ry: Down­grade will not affect oper­a­tions: Ker­ala Bank

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.