
സ്ത്രീധന പീഡനം മൂലം തമിഴ്നാട്ടിലെ തിരുപ്പൂരിൽ നവവധു ജീവനൊടുക്കി. വിവാഹം 78ാം ദിവസമാണ് പെൺകുട്ടി ജീവനൊടുക്കിയിരിക്കുന്നത്. തിരുപ്പൂർ സ്വദേശിനി റിധന്യ(27) ആണ് മരിച്ചത്. വിവാഹസമയത്ത് 100 പവൻ സ്വർണവും 70 ലക്ഷം രൂപ വിലവരുന്ന ആഡംബരക്കാറുമാണ് സ്ത്രീധനമായി നൽകിയിരുന്നത്. ഭർത്താവിൻറെയും ഭർതൃ വീട്ടുകാരുടെയും സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം സഹിക്കാൻ കഴിയാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ഇന്നലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കാറെടുത്ത് പോയ റിധന്യ വഴിയരികിൽ കാർനിർത്തിയിട്ടശേഷം കീടനാശിനി ഗുളികകൾ കഴിക്കുകയായിരുന്നു. കൂറേസമയം കാർ വഴിയിൽ കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മരിക്കുന്നതിന് മുൻപ് ഭർതൃവീട്ടുകാരുടെ പീഡനെ വിവരിച്ചുകൊണ്ട് റിധന്യ പിതാവിന് ശബ്ദ സന്ദേശം അയച്ചിരുന്നു. ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും ഇനിയും വീട്ടുകാർക്ക് ഭാരമായി ജീവിക്കാൻ വയ്യെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സന്ദേശത്തിൽ പറയുന്നു.
ഈവർഷം ഏപ്രിലായിരുന്നു റിധന്യയുടെയും കവിൻറെയും വിവാഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ റിധന്യയുടെ ഭർത്താവ് കവിൻ കുമാർ, മാതാപിതാക്കളായ ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.