23 December 2024, Monday
KSFE Galaxy Chits Banner 2

വൈറല്‍ വീഡിയോയിലെ ചികിത്സക്കെതിരെ കുട്ടികളുടെ ഡോക്ടര്‍

web desk
June 11, 2023 7:57 pm

ശബ്ദമില്ലാതെ പിറന്നുവീണ കുഞ്ഞിനെ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് വൈകൃതമായൊരു ചികിത്സാ രീതിയിലൂടെ കരയിപ്പിച്ചെന്ന ഒരു വീഡിയോ ഈയിടെ വൈറല്‍ ആയിരുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ അത് പ്രചരിക്കുന്നുണ്ട്. ആ ചികിത്സാ രീതി വൈദ്യരംഗത്ത് അനുവര്‍ത്തിക്കേണ്ട ഒന്നല്ലെന്നാണ് കുട്ടികളുടെ ഡോക്ടറായ സൗമ്യ സരിന്‍ സാക്ഷ്യപ്പെടുത്തുന്നത്. ഡോ.സൗമ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യഥാര്‍ത്ഥ വസ്തുത എല്ലാവരിലേക്കും എത്തണം എന്ന മുഖക്കുറിപ്പോടെ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ അനുകരിക്കപ്പെട്ടാല്‍ അത് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതില്‍ കലാശിക്കുമെന്നാണ് ഡോക്ടറുടെ ആശങ്ക.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  …

മ്പൂർണ അസംബന്ധം! യഥാർത്ഥ വസ്തുത എല്ലാവരിലേക്കും എത്തിക്കൂ!

കാരണം വൈറൽ ആയ ഈ വീഡിയോ ഇനിയും പാവം കുഞ്ഞുങ്ങളുടെ ജീവനെടുത്തേക്കാം!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്ന വീഡിയോ ആണിത്. പല പ്രമുഖരടക്കം ഷെയർ ചെയ്തിട്ടുണ്ട്. വ്യൂസ് മില്യൺ കടന്നു. ജനിച്ച ഉടനെ കരയാത്ത കുഞ്ഞിനെ ഒരു ‘കരയിപ്പിച്ച’ ഡോക്ടർമാരെയും നഴ്സുമാരെയും വാനോളം പ്രശംസിച്ചു ആരോ പടച്ചു വിട്ട ഒരു വീഡിയോ. വീഡിയോ വ്യാജമാണെന്ന് തോന്നുന്നില്ല. ഹിന്ദി ആണ് സംസാരിക്കുന്നത്. അതിനാൽ ഉത്തരേന്ത്യയിൽ എവിടെയോ സംഭവിച്ചതാകാം. സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി…സന്തോഷം കൊണ്ടല്ല. ആ കുഞ്ഞിന്റെ ദുരവസ്ഥ ആലോചിച്ചിട്ട്!

കാരണം കരയാത്ത ഒരു നവജാതശിശുവിന് അത്യാവശ്യം കിട്ടേണ്ട ഒരു ചികിത്സയും ആ കുഞ്ഞിന് കിട്ടിയിട്ടില്ല. പകരം കിട്ടിയതോ ഒരിക്കലും ഒരു നവജാതശിശുവിനോട് ചെയ്യാൻ പാടില്ലാത്ത “പീഡനം!”. ഈ ചെയ്ത ചികിത്സ എന്ന പേരിലുള്ള പീഡനത്തിന്റെ ഫലം ആ കുഞ്ഞു ജീവിതകാലം മുഴുവൻ അനുഭവിക്കാൻ പോകുകയാണ് എന്നതിൽ ഒരു സംശയവും ഇല്ല.

ജനിച്ചു ആദ്യ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ചികിത്സാരീതികൾ എന്താണെന്നുള്ളത് ലോകത്തു മുഴുവൻ പൊതുവായി അംഗീകരിക്കപ്പെട്ട പ്രോട്ടോകോൾ ആണ്. അതിന് ‘നിയോനേറ്റൽ റീസസിറ്റേഷൻ പ്രോഗ്രാം’ എന്ന്‌ പറയും. ആദ്യത്തെ ഒരു മിനിറ്റിൽ കരയാത്ത കുഞ്ഞിന് ആദ്യശ്വാസം കൃത്രിമമായി നൽകുക എന്നതാണ് ഏറ്റവും മുഖ്യം. അതിന് പല ഉപകരണങ്ങളും ആവശ്യമാണ്. വലിയതൊന്നുമല്ല. ഒരു ക്ലിനിക്കിൽ പോലും അത്യാവശ്യം ഉണ്ടാവേണ്ട ചില സിമ്പിൾ സാധനങ്ങൾ. ആമ്പു ബാഗ് എന്നൊക്കെ പറയും ഞങ്ങൾ. ഇവിടെ അതൊന്നും കാണാനേ ഇല്ല. അത് കൊടുക്കാത്ത പക്ഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയുകയും കുഞ്ഞിന് പല വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

ഇനി ആ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ആശുപത്രി ആണെന്ന് വാദിച്ചാലും അവർ ചെയുന്ന മറ്റു കാര്യങ്ങൾ അതിനേക്കാൾ ക്രൂരമാണ്. ഒരു പൂവിനെ പോലെ കൈകാര്യം ചെയ്യേണ്ടവരാണ് നവജാതശിശുക്കൾ. അധികമായി ഉണ്ടാവുന്ന ഒരു കുലുക്കമോ അനക്കമോ ഒക്കെ അവരുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാക്കും. ഇവിടെ ആ കുഞ്ഞിനെ എന്തൊക്കെയാണ് ചെയ്യുന്നത്? ബാക്കിൽ മൃദുവായി തടവുന്നതിനു പകരം എത്ര പ്രകൃതമായാണ് ആ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത്! തല കീഴായി തൂക്കുന്നു, പുറം ഭാഗത്തു തല്ലുന്നു! മൂന്നാം മുറയെക്കാൾ ഭീകരമാണിത്. അതും പോരാഞ്ഞു നെഞ്ചിൽ പിടിച്ചു അമർത്തുന്നു.

5 മിനിറ്റ് കഴിഞ്ഞു കുഞ്ഞു കരയുന്നു. ഈ ചെയ്തതിന്റെ ഫലമായാണ് കുഞ്ഞു കരഞ്ഞത് എന്ന്‌ ദയവു ചെയ്ത് കരുതല്ലേ. തൊണ്ണൂറു ശതമാനം കുഞ്ഞുങ്ങളും ചെറിയ സ്റ്റിമുലേഷനിൽ തന്നെ കരയുന്നവരാണ്. പക്ഷെ ഈ കുഞ്ഞിന്റെ മാതാപിതാക്കൾ ഈ ജീവനക്കാർ ചെയ്തതിന്റെ ഫലം അനുഭവിച്ചാൽ ഈ ജന്മം മുഴുവൻ കരയേണ്ടി വരും. കാരണം ഈ കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും ഓക്സിജൻ ലഭ്യത കുറവും ഉണ്ടായിട്ടുണ്ടാകും എന്നത് ഏകദേശം തീർച്ചയാണ്. അതിന്റെ ഫലമോ, പലവിധം അംഗവൈകല്യങ്ങൾ ഉള്ള ഒരു കുഞ്ഞും!

ഞങ്ങൾ എം ബി ബി എസ് എടുക്കുമ്പോൾ പറയുന്ന പ്രതിജ്ഞയിൽ പ്രധാനഭാഗം ഒരു മനുഷ്യനെ സഹായിക്കാൻ കഴിഞ്ഞില്ലയെങ്കിലും അവർക്ക് ചികിത്സ വഴി ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നതാണ്.

ഓക്സിജൻ ഇല്ലാത്ത ഒരു ആശുപത്രി ആണെങ്കിൽ പോലും ഇതിൽ ചെയ്ത തെറ്റുകൾ, ആ കുഞ്ഞിനോട് ചെയ്ത പ്രാകൃത രീതികൾ ഇവർക്ക് ഒഴിവാക്കാമായിരുന്നു.

അതിന് വേണ്ടത് ബോധവൽക്കരണം ആണ്. ഇനിയും നമ്മുടെ രാജ്യത്ത് എത്രയോ ഇടങ്ങളിൽ അറിവ് എത്താൻ ബാക്കി നില്കുന്നു! നമുക്ക് ഈ വീഡിയോ പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കാം. കാരണം ഇതുകണ്ട ആരെങ്കിലും നാളെ ഇതേ രീതിയിൽ ഒരു കുഞ്ഞിനെ കൈകാര്യം ചെയ്തേക്കാം.

പിന്നേ പ്രമുഖരോടാണ്…നല്ല ഉദ്ദേശത്തോടെ ആണെങ്കിലും മെഡിക്കൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ ഒരു തവണ എങ്കിലും ആധികാരികത പരിശോധിക്കുക. നിങ്ങൾക്ക് അതിനുള്ള സൗകര്യങ്ങൾ ഉണ്ട്. കാരണം നിങ്ങളെ കേൾക്കുന്നത് ലക്ഷങ്ങളാണ്. വിശ്വസിക്കുന്നതും. സത്യം പറയാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്!

Eng­lish Sam­mury: dr.soumya sar­in’s article

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.