15 November 2024, Friday
KSFE Galaxy Chits Banner 2

ഡോ. വന്ദന ദാസ് കൊലപാതകം; സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Janayugom Webdesk
തിരുവനന്തപുരം
August 5, 2023 11:27 pm

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അധ്യാപകൻ ജി സന്ദീപിനെ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടു. സന്ദീപ് നടത്തിയത് ഒരു മാതൃകാ അധ്യാപകന്റെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും അത്‌ അധ്യാപക സമൂഹത്തിന് അവമതിപ്പുണ്ടാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

പൊതുവിദ്യാഭ്യാസ വകുപ്പ് നിയമന അംഗീകാരം നൽകുകയും പിന്നീട് തസ്തിക നഷ്ടപ്പെട്ട് നിലവിൽ സംരക്ഷണ ആനുകൂല്യത്തിൽ കുണ്ടറ നെടുമ്പന യുപി സ്കൂളിൽ പുനർവിന്യസിക്കുകയും ചെയ്ത സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്‌. കൊലപാതകത്തിന്റെ സാഹചര്യത്തിൽ ഇയാളെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവദിവസമായ മേയ്‌ 10ന് തന്നെ സസ്പെന്റ് ചെയ്തിരുന്നു. 

രണ്ടു തവണ ഇയാൾക്ക്‌ പൊതുവിദ്യഭ്യാസ വകുപ്പ്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സന്ദീപിന്റെ ഭാഗത്തുനിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റവും പൊതുവിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും സമൂഹത്തെ പോലും സാരമായി ബാധിച്ചുവെന്നും വ്യക്തമായി. പ്രതി മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.
കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ്‌ കേരള വിദ്യാഭ്യാസ നിയമം അധ്യായം 14 എ ചട്ടം 65 ലെ (7) ൽ പരാമർശിക്കുന്ന വിധത്തിൽ സേവനത്തിൽ നിന്ന് നീക്കം ചെയ്ത്‌ ഉത്തരവ് പുറപ്പെടുവിച്ചത്‌. മേയ് 10ന് രാത്രിയാണ് ഡോ. വന്ദന ദാസിനെ ജോലിക്കിടെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Dr. Van­dana Das mur­der; Sandeep was fired from his job

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.