20 January 2026, Tuesday

മോഡി സർക്കാരിന്റെ കരട് തൊഴിൽ നയം

ഗ്യാന്‍ പഥക്
October 19, 2025 4:45 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒടുവിൽ ദേശീയ തൊഴിൽ നയം — ശ്രം ശക്തി നീതി 2025 കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നു. പക്ഷേ അത് ചെയ്യാൻ അവര്‍ 11 വർഷമെടുത്തു. 20 ദിവസത്തിനുള്ളിൽ അതായത് 2025 ഒക്ടോബർ 27നകം ബന്ധപ്പെട്ടവര്‍, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർ തങ്ങളുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ സമർപ്പിക്കണമെന്ന് കാണിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റുകളിൽ കരട് നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ കരട് ദേശീയ തൊഴിൽ നയത്തെ വിമർശിക്കുന്നു. കരട് നയം വിപുലമായ കൂടിയാലോചനകളെ പ്രതിഫലിപ്പിക്കുകയും സഹകരണ ഫെഡറലിസം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, ഡിജിറ്റൽ സുതാര്യത എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും, തൊഴിലാളി സംഘടനകള്‍ ഇത് നിഷേധിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന ത്രികക്ഷി തൊഴിൽ സംഘടനയായ ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ (ഐഎൽസി) യോഗം ഇതുവരെ നടത്തിയിട്ടില്ലാത്ത സര്‍ക്കാര്‍ അവകാശപ്പെടുന്ന ‘കൂടിയാലോചന’യെ യൂണിയനുകള്‍ പരിഹസി‌‌ക്കുകയാണ്. എന്നാല്‍, വളർച്ചയുടെ നേട്ടങ്ങൾ തുല്യമായി പങ്കിടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കേന്ദ്രം, സംസ്ഥാനങ്ങൾ, വ്യവസായം, സാമൂഹിക പങ്കാളികൾ എന്നിവർക്കിടയിൽ ഏകോപിതമായ നടപടിക്ക് കരട് നയം ദീർഘകാല ചട്ടക്കൂട് നൽകുമെന്ന് കേന്ദ്രം പറയുന്നു. തൊഴിൽ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്‌മെന്റ് (ഡിജിഇ), നാഷണൽ കരിയർ സർവീസ് (എൻസിഎസ്) എന്നിവയുടെ വെബ്‌സൈറ്റുകളിലും കരട് നയം ലഭ്യമാണ്.

കരടിനെക്കുറിച്ച് വിമർശകര്‍ പറയുന്നത്, ഇത് സർക്കാരിന്റെ ഉത്തരവാദിത്തം “റെഗുലേറ്റര്‍ എന്നതില്‍ നിന്ന് ഫെസിലിറ്റേറ്റര്‍ തലത്തിലേക്ക്” മാറ്റുകയും സംസ്ഥാനങ്ങൾക്കും വിപണി ശക്തികൾക്കും ഉത്തരവാദിത്തം കൈമാറുകയും ചെയ്യുന്നുവെന്നാണ്. തൊഴിൽ നിയമങ്ങളുടെ ലക്ഷ്യം ‘തൊഴിലാളികളുടെ അവകാശങ്ങൾ’ എന്നതിൽ നിന്ന് ‘തൊഴിലാളികളുടെ കടമകൾ’ എന്നതിലേക്ക് മാറ്റാനും കരട് നയം ശ്രമിക്കുന്നുവെന്ന് അവർ പറയുന്നു. ഏതായാലും വരുംദിവസങ്ങളിൽ ഈ നയം തീർച്ചയായും വലിയ ചര്‍ച്ചയാകും. 2013 മേയ് 17, 18 തീയതികളില്‍ നടന്ന തൊഴിൽ വിഷയങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ 45-ാം സെഷൻ ഇവിടെ ഓർമ്മിക്കാവുന്നതാണ്. യോഗം തൊഴിലില്ലായ്മാ വിഷയം ചർച്ച ചെയ്യുകയും തൊഴിലാളി — തൊഴിലുടമ സംഘടനകളുടെയും കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിയാലോചന നടത്തി തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയെന്ന നിലയില്‍ ദേശീയ തൊഴിൽ നയത്തിന് മുൻഗണന നൽകണമെന്ന് ശുപാർശ ചെയ്യുകയുമുണ്ടായി. അക്കാലത്ത് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 4.7 ശതമാനമായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന നിലയില്‍ രാജ്യത്തെ ‘എല്ലാവർക്കും ജോലി‘യെന്ന് വാഗ്ദാനവും ചെയ്തിരുന്നു. മോഡി തെരഞ്ഞെടുപ്പിൽ വിജയിക്കുകയും പ്രധാനമന്ത്രിയാകുകയും ചെയ്തു.

പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹം തന്റെ വാഗ്ദാനം മറന്നു. 2015ൽ നടന്ന ഐഎൽസി യോഗത്തിലും ദേശീയ തൊഴിൽ നയം (എൻഇപി) രൂപീകരിക്കുന്ന വിഷയം ആവർത്തിച്ചു. എന്നാല്‍ അതിനുശേഷം, മോഡി സർക്കാർ ഐഎൽസി യോഗം അനുവദിച്ചിട്ടില്ല. 2017–18 കാലയളവിൽ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി, 6.1ശത മാനമായി. തുടര്‍ന്ന് എൻഎസ്എസ്ഒ റിപ്പോർട്ട് തന്നെ പൂഴ്ത്തി. 2013അവസാനത്തോടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോർന്നതിനെത്തുടർന്ന് അതിന്റെ തലവനും മറ്റ് ചില ഉദ്യോഗസ്ഥരും രാജിവച്ചിരുന്നു. പക്ഷേ, 2019ൽ മോഡി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, റിപ്പോർട്ട് പുറത്തിറങ്ങി. കേന്ദ്രം നാല് വിവാദപരമായ തൊഴിൽ കോഡുകൾ കൊണ്ടുവന്നു — വേതന കോഡ് 2019, വ്യാവസായിക ബന്ധ കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡ് 2020. 10 വര്‍ഷമായി സർക്കാർ ഐഎൽസിയുടെ യോഗം വിളിക്കുകയോ, കൂടിയാലോചിക്കുകയോ ചെയ്തില്ലെങ്കിലും രാജ്യത്തിനായി ഒരു ദേശീയ തൊഴിൽ നയം രൂപീകരിക്കാൻ ഐഎൽസി ശുപാർശ ചെയ്തിരുന്നു. 2021ൽ, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത് 2022ൽ അല്ലെങ്കിൽ 2023 പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് ദേശീയ തൊഴിൽ നയം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നാണ്. പക്ഷേ മോഡി സർക്കാർ പതിവുപോലെ പിന്‍വലിഞ്ഞു. 2022ലെ വര്‍ഷകാല സമ്മേളനത്തിൽ ബിസെട്ടി വെങ്കട സത്യവതി എംപിയുടെ ചോദ്യത്തിന്, ദേശീയ തൊഴിൽ നയം തയ്യാറാക്കുന്നതിന് കമ്മിറ്റിയില്ലെന്നും രൂപീകരിക്കുന്നതിന് പദ്ധതിയില്ലെന്നുമാണ് ലോക്‌സഭയില്‍ മറുപടി ലഭിച്ചത്. എംപിയുടെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട്, കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി പറഞ്ഞു, “നിലവിൽ, ദേശീയ തൊഴിൽ നയം തയ്യാറാക്കുന്നതിന് കമ്മിറ്റിയില്ല. പക്ഷേ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനായി, ഡിമാൻഡ്, സപ്ലൈ എന്നിവയെക്കുറിച്ച് സർക്കാർ സർവേകൾ ആരംഭിച്ചിട്ടുണ്ട്” എന്നാണ്. ഒക്ടോബർ എട്ടിന്, തൊഴിൽ മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി ദേശീയ തൊഴിൽ നയത്തിന്റെ കരട് — ശ്രം ശക്തി നീതി 2025 പുറത്തിറക്കിയതായി പിഐബി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. വികസിത് ഭാരത് 2047ന്റെ അഭിലാഷവുമായി പൊരുത്തപ്പെടുന്ന, നീതിയുക്തവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഭാവിക്ക് അനുയോജ്യവുമായ ഒരു തൊഴിൽ ലോകത്തിനായുള്ള പുതുക്കിയ കാഴ്ചപ്പാടായാണ് കരട് നയം അവതരിപ്പിക്കുന്നതെന്ന് അതിൽ പറയുന്നു. “ഇന്ത്യയുടെ നാഗരിക മൂല്യമായ ശ്രമ ധർമ്മത്തിൽ — ജോലിയുടെ അന്തസും ധാർമ്മിക മൂല്യവും — ഊന്നിയ നയം, ഓരോ തൊഴിലാളിക്കും സംരക്ഷണം, ഉല്പാദനക്ഷമത, പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്ന ഒരു തൊഴിൽ ആവാസവ്യവസ്ഥ വിഭാവനം ചെയ്യുന്നു. സംരംഭങ്ങളെ വളരാനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കാനും പ്രാപ്തമാക്കുന്നതിനൊപ്പം തൊഴിലാളികളുടെ ക്ഷേമം ഉയർത്തിപ്പിടിക്കുന്ന ഒരു സന്തുലിത ചട്ടക്കൂട് സൃഷ്ടിക്കാനാണ് ഇത് ശ്രമിക്കുന്നത്” എന്നാണ് സർക്കാർ പറയുന്നത്.

ശ്രം ശക്തി നീതി 2025, മുൻകയ്യെടുത്ത് പ്രവർത്തിക്കുന്ന ഒരു തൊഴിൽ ഫെസിലിറ്റേറ്റർ എന്ന നിലയിൽ, വിശ്വസനീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനങ്ങളിലൂടെ തൊഴിലാളികൾ, തൊഴിലുടമകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലെ ബന്ധം വർധിപ്പിക്കുന്നതിന് തൊഴിൽ മന്ത്രാലയത്തെ പ്രാപ്തമാക്കും. സുതാര്യവും സമഗ്രവുമായ തൊഴിൽബന്ധങ്ങള്‍, യോഗ്യതാ പരിശോധന, നൈപുണ്യ വിന്യാസം എന്നിവ ലഭ്യമാക്കുന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി നാഷണൽ കരിയർ സർവീസ് (എൻ‌സി‌എസ്) പ്ലാറ്റ്‌ഫോം പ്രവർത്തിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. സാർവത്രിക സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷയും ആരോഗ്യവും, സ്ത്രീ — യുവ ശാക്തീകരണം, ഹരിത, സാങ്കേതികവിദ്യാധിഷ്ഠിതമായ തൊഴില്‍സൃഷ്ടി എന്നിവയിലും നയം ഊന്നൽ നൽകുന്നു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, കാലാവസ്ഥാ പരിവർത്തനങ്ങൾ, ആഗോള മൂല്യ ശൃംഖലകൾ എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളതും വൈദഗ്ധ്യമുള്ളതുമായ ഒരു തൊഴിൽശക്തി കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ഇപിഎഫ്ഒ, ഇഎസ്ഐസി, ഇ‑ശ്രം, എൻ‌സി‌എസ് തുടങ്ങിയ പ്രധാന ദേശീയ ഡാറ്റാബേസുകളെ ഒരു ഏകീകൃത കള്ളിയിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ, സാമൂഹിക സംരക്ഷണം, വരുമാന സുരക്ഷ എന്നിവയെ പിന്തുണയ്ക്കുന്ന സമഗ്രവും പരസ്പരം പ്രവർത്തിക്കുന്നതുമായ ഡിജിറ്റൽ ആവാസവ്യവസ്ഥയും നയം വിഭാവനം ചെയ്യുന്നുവെന്നാണ് മറ്റൊരു അവകാശവാദം.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.