26 December 2025, Friday

പായല്ലേ പൊന്നെ…

 സ്വർണ വില പവന് ഒരു ലക്ഷം കടന്നു 
Janayugom Webdesk
December 23, 2025 8:24 pm

രു കുഞ്ഞിന്റെ ജനനം മുതൽ വിവാഹം വരെ പല ആവശ്യങ്ങൾക്കായും നിക്ഷേപമെന്ന നിലയിലും സ്വർണം വാങ്ങികൂട്ടുന്നവരാണ് മലയാളികൾ. സാധാരണക്കാർക്ക് കിട്ടാക്കനിയാകുമെന്ന ആശങ്ക ശക്തമാക്കി സ്വർണ വില കുതിച്ചുയരുകയാണ്. പരമ്പരാഗതമായി സ്വർണത്തോട് അമിത താല്പര്യമുള്ളവരാണ് ഇന്ത്യക്കാർ. നമ്മളെ സംബന്ധിച്ച് സ്വർണം ഒരു നിക്ഷേപം മാത്രമല്ല, സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ്. ശുഭ പ്രതീക്ഷയുടെ ലോഹമായാണ് വിശ്വാസികൾ സ്വർണത്തെ കാണുന്നത്. അതിനാലാണ് വിവാഹം പോലുള്ള മംഗളകാര്യങ്ങളിൽ സ്വർണത്തിന്റെ പങ്ക് വലുതാവുന്നത്. മുൻകാലങ്ങളിൽ ബാർട്ടർ സമ്പ്രദായത്തിൽ സ്വർണവും ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യൻ നിക്ഷേപകരാകട്ടെ സ്വർണത്തെ സുരക്ഷിത നിക്ഷേപ മാർഗമായി കണക്കാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഭരണ വിപണികളിൽ സ്വർണത്തെ വെല്ലാൻ മറ്റൊരു ലോഹമില്ല. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകത 2020 ൽ 446.4 ടൺ ആയിരുന്നു. എന്നാൽ 2021 ൽ ഇത് 797.3 ടണ്ണായി ഉയർന്നു. 2024ൽ ഗ്രാമിന് 6670 രൂപയും പവന് 53,360 മായിരുന്നു. ഇന്ന് ഒരു പവന്റെ വില 1,010,40 ആയി ഉയർന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജി എസ് ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇനി ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ വില വർധനവിന് കാരണമായി

ആഗോള വിപണിയില്‍ റെക്കോഡ് നിലവാരത്തിലാണ് സ്വര്‍ണവില. യൂറോപ്പിലെയും മധ്യേഷ്യയിലെ സംഘര്‍ഷവും. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് വില കൂടാന്‍ കാരണം. എന്നാൽ സ്വർണ വില ഇങ്ങനെ വേഗത്തിൽ ഉയരാൻ കാരണക്കാരൻ യുഎസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ജനുവരിയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോൾ 58,720 രൂപയായിരുന്നു സ്വർണവില. ട്രംപ് വന്നതുമുതൽ ലോക രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ഇടപെട്ടതിന്റെ ബാക്കിപത്രമാണ് ഈ സ്വർണവിലക്കയറ്റമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഡോളറിന്റെയും ഇക്വിറ്റി മാർക്കറ്റുകളുടെയും മൂല്യം ഇടിഞ്ഞു. സ്വർണ വില ഉയരുകയും ചെയ്തു.യൂറോയുമായുള്ള വിനിമയത്തിൽ ഡോളറിന്റെ മൂല്യം 2.6 ശതമാനം വരെ ഇടിഞ്ഞതായാണ് റിപ്പോർട്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. ടോക്കിയോയിലെ നിക്കി ഓഹരി സൂചികയ്ക്ക് നാല് ശതമാനത്തിലധികം തകർച്ചയുണ്ടായി. ഓട്ടോമൊബൈൽസ്, ആഡംബര, ബാങ്കിംഗ് മേഖലകളിലുൾപ്പെടെ വലിയ തിരിച്ചടിയാണ് നേരിട്ടത്. സ്വർണവിലയെ നെഗറ്റീവായി സ്വാധീനിക്കുന്ന ഒരു ഘടകം പോലും നിലവിലില്ല. ഇന്ത്യയും അമേരിക്കയും ചൈനയുമാണ് സാമ്പത്തിക വള‍ര്‍ച്ച നേടിയ വലിയ രാജ്യങ്ങൾ. യൂറോപ്പിലെയടക്കം വലിയ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങൾ കുറവാണ്. ചൈനയിൽ പോലും അടിസ്ഥാന സൗകര്യ മേഖലയിൽ മന്ദിപ്പുണ്ട്. നിക്ഷേപകർ ഇവിടെ സ്വർണം വാങ്ങിക്കൂട്ടുന്നു. ഇന്ത്യയിലാണെങ്കിൽ വില എത്ര ഉയർന്നാലും സ്വർണം വാങ്ങുന്നതിൽ കുറവുണ്ടാവുന്നില്ല. രാജ്യത്തെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്. സ്വർണ വില ഉയരുന്ന ഇപ്പോഴത്തെ ട്രന്റ് മാസങ്ങളായി തുടരുന്നതാണ്. അത് ഇനിയും മുകളിലേക്ക് തന്നെ പോകാനാണ് എല്ലാ സാധ്യതകളും അപകടസാധ്യതയുള്ള ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം താരതമ്യേന മികച്ച നിക്ഷേപം എന്ന നിലയിലെത്തി. 2022 ഫെബ്രുവരിയിൽ റഷ്യ‑യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില ഔൺസിന് 2,000 ഡോള‍ര്‍ എന്ന റെക്കോ‍ഡിലേക്ക് എത്തിയിരുന്നു. 2007 ല്‍ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സ്വര്‍ണ വിപണിയില്‍ ഇപ്പോള്‍ ഉയര്‍ച്ച ഉണ്ടാകുന്നത്. 2007 ല്‍ സ്വര്‍ണ വില 31.59% വര്‍ധിച്ച് ഔണ്‍സിന് 836.5 ഡോളറായിരുന്നു. പിന്നീട് ഉള്ള മൂന്ന് വര്‍ഷങ്ങളില്‍ 2011 ല്‍ സ്വര്‍ണ വില കുതിച്ച് ഉയര്‍ന്ന് 1900 ഡോളറായി. കേരളത്തില്‍ അന്ന് സ്വര്‍ണ വില ഗ്രാമിന് 3030 രൂപയും പവന് 24,240 രൂപയുമായിരുന്നു. പിന്നീട് സ്വര്‍ണ വില 2022 ല്‍ 2000 ത്തിന് മുകളില്‍ ഉയര്‍ന്നെങ്കിലും അത് നിലനിര്‍ത്താനായില്ല. ബാങ്കുകളുടെ തകർച്ച ലോകത്തെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്നതാണ് വില കൂടാൻ കാരണം. ഓഹരിവിപണിയിലെ തുടർച്ചയായ നഷ്ടവും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിക്കുന്നു. 2008ലെ ആഗോള തകർച്ചയ്‌ക്ക്‌ ഇടയാക്കിയ ലെമാൻ ബ്രദേഴ്സ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് തകർന്ന ഒക്‌ടോബറിനു മുമ്പ് സെപ്തംബർ അവസാനം ഔൺസിന് 871.60 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ സ്വർണവില. ഡിസംബര്‍ അവസാനമെത്തിയപ്പോഴേയ്ക്കും അത് 880.31 ഡോളറിലേക്കും 2009 ജനുവരി ഒടുവില്‍ 928.45 ഡോളറിലേക്കും ഉയര്‍ന്നു.

സാധാരണക്കാർ പ്രതിസന്ധിയിൽ

ക്രിസ്തുമസ് അവധിക്കാലവും വിവാഹ സീസണും തുടങ്ങിയപ്പോൾ സ്വർണ വില കുതിച്ചുയരുന്നത് സാധാരണക്കാരെ കുഴക്കുന്ന. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരും വിവാഹം പോലുള്ള ചടങ്ങുകളിൽ സ്വർണത്തെ അഭിവാജ്യ ഘടകമായാണ് കാണുന്നത്. വിവാഹം എന്നത് സ്വർണവും പണവും ഭൂമിയും കണക്ക് പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടിയായി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നുവെന്നതാണ് സത്യം. സ്ത്രീധന നിരോധന നിയമവും, ഗാർഹിക പീഡന നിരോധന നിയമവുമടക്കം സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങൾ ഉള്ള നാട്ടിൽ ഒട്ടേറെ പെൺകുട്ടികൾ സ്‌ത്രീ ധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു. കേരളം പോലുരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് ദുഃഖമുണ്ടാക്കുന്ന വാര്‍ത്തയാണിത്. വില കുത്തനെ ഉയരുന്നത് അവരുടെ പ്രതീക്ഷയെ ബാധിക്കും. വില കുറയുമെന്ന പ്രതീക്ഷയിലരിക്കുമ്പോഴാണ് വര്‍ധനവ് വന്നിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് എപ്പോഴും ആശ്വാസമാണ്. വിവാഹ ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രി ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

പഴയ സ്വർണം വിൽക്കാൻ തിരക്ക്

സ്വർണവില കുതിച്ചതോടെ പഴയ സ്വർണം വിൽക്കാൻ വൻ തിരക്ക്. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയതിന്റെ എത്രയോ ഇരട്ടി തുകയാണ് നിലവിലെ വിപണി വില. ഇതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള എളുപ്പ വഴിയായി പഴയ സ്വർണ വിൽപ്പന മാറിയിട്ടുണ്ട്. പണയം വെച്ച് പലിശ കൊടുക്കുന്നതിനെക്കാൾ നല്ലത് കൂടിയ വില ലഭിക്കുമ്പോൾ സ്വർണം വിൽക്കുന്നതാണെന്ന മനോഭാവവും ഉപഭോക്താക്കൾക്കിടയിൽ വർധിച്ചിട്ടുണ്ട്. മുമ്പ് കൊവിഡ് വ്യാപകമായപ്പോൾ ലോക്ക് ഡൗൺ ഇളവുകൾ വന്ന കാലത്തും പഴയ സ്വർണ വിൽപ്പന കൂടിയിരുന്നു. വില വർധനവിന്റെ കുട പിടിച്ച് കൈയിലിരിക്കുന്ന സ്വർണം വിറ്റ് പണമാക്കുന്നത് മണ്ടത്തരമാണെന്ന് സ്വർണ വ്യാപാര മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ദ്ധർ പറയുന്നു. വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ തിരക്ക് പിടിച്ചുള്ള വിൽപ്പന ഭാവിയിൽ നഷ്ടബോധമുണ്ടാക്കും. കൈയിലുള്ള ആഭരണം വിറ്റ് പണമാക്കിയാൽ, പിന്നീട് ആഭരണം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വരും.

വില കുതിക്കാൻ കാരണങ്ങളേറെ

ഏതൊരു വസ്തുവിന്റെയും വിപണിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം അതിന്റെ ആവശ്യത്തിന്റെയും വിതരണത്തിന്റെയും തോത് തന്നെയാണ്. അതായത് നിലവിൽ വിപണിയിലുള്ള സ്വർണത്തേക്കാൾ കൂടുതലാണ് സ്വർണത്തിന്റെ ഡിമാന്റ് എങ്കിൽ സ്വർണ വില ഉയരും. നേരെ തിരിച്ചാണെങ്കിൽ സ്വർണ വില കുറയുകയും ചെയ്യും. എല്ലാ വർഷവും ഖനനം ചെയ്തെടുക്കുന്ന സ്വർണം രാജ്യത്തെ മൊത്തം ഡിമാന്റ് നികത്തിക്കോളണമെന്നില്ല. വിവാഹ സീസണിലും മറ്റ് ഉത്സവ സീസണുകളിലും സ്വർണത്തിന് ആവശ്യക്കാർ ഏറെയാണ്. അതു കൊണ്ട് ഈ സമയങ്ങളിൽ സ്വർണ വില കുതിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.
വിപണിയിൽ ഏറെ പ്രാധാന്യമുള്ള ലോഹമായതിനാൽ പണപ്പെരുപ്പത്തെ ചെറുക്കാനും നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കാൻ തുടങ്ങിയതും വില കുതിച്ചുയരുവാൻ കാരണമായി. സ്വർണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് പലിശ നിരക്കുകൾ. പലിശ നിരക്കും സ്വർണ വിലയും വിപരീതാനുപാദത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പലിശ നിരക്ക് ഉയരുമ്പോൾ സ്വർണ്ണ വില കുറയും. കറൻസിയുടെ മൂല്യത്തിൽ വരുന്ന മാറ്റങ്ങളും സ്വർണവിലയിൽ മാറ്റം വരുത്തും. ഡോളറും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യത്തിനനുസരിച്ച് സ്വർണ വിലയിൽ മാറ്റം സംഭവിക്കാം.

അര നൂറ്റാണ്ടിനിടയിൽ മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റം

അര നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 220 രൂപയുമായിരുന്നു. സ്വര്‍ണം ആഭരണമായി വാങ്ങി സൂക്ഷിക്കുന്നതിനൊപ്പം തന്നെ നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഉപഭോഗം നടത്തുന്നതിലും വലിയ വര്‍ധനവുണ്ട്. കറൻ‌സിയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ അന്നും മൂല്യമേറിയ ഉല്പന്നം തന്നെ. 8 വർഷം മുൻപ് 18720 രൂപയായിരുന്ന സ്വർണമാണ് ഇപ്പോൾ ഒരു ലക്ഷം കടന്നത്.
കഴിഞ്ഞ 50 വർഷത്തിൽ ലോകത്തിൽ ഏറ്റവും അധികം വിലക്കയറ്റം ഉണ്ടായ വസ്തുക്കളിൽ പ്രധാനപ്പെട്ടതാണു സ്വർണം. 1971ൽ പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി അമേരിക്ക ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുമ്പോൾ ഒരു ഔൺസിന്റെ വില 35 ഡോളർ. ഇങ്ങനെ റെക്കോ‍ഡുകളിൽ നിന്ന് റെക്കോ‍ഡുകളിലേക്ക് കുതിക്കുകയാണു സ്വർണം. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും കാണുന്നത്.1925 ൽ 13.75 രൂപയായിരുന്ന സ്വർണ വില 1930 ആയപ്പോഴേക്കും 13.57 രൂപയിലേക്കു കുറയുകയാണുണ്ടായത്. എന്നാൽ 5 വർഷംകൊണ്ട് വില കുതിച്ചുയർന്നു. 22.65 രൂപയിലേക്ക് എത്തി. 1950 ആയപ്പോഴേക്കും സ്വർണവില പവന് 72 രൂപയായി. പിന്നീട് 58 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അറുപതുകളുടെ തുടക്കത്തിൽ തന്നെ വില 82 രൂപയായി. 65 ൽ വില 90 രൂപയായി. 1770 ൽ സ്വർണവില 135 രൂപയിലേക്ക് എത്തി. എന്നാൽ പിന്നീട് 10 വർഷം കൊണ്ട് വില 1000 കടന്നു. 1985 ൽ ഒരു പവന്റെ വില 1573 രൂപയായി. 1990 ൽ വില 2500 രൂപയായി. പിന്നീട് വളരെ വേഗത്തിലാണ് വില ഉയർന്നത് 1995 ൽ ഒരു പവന്റെ വില 3500 രൂപ കടന്നു. 1996 ൽ ഇത് 3750 കടന്നു. പിന്നീട് സ്വർണവിലയിൽ കാര്യമായ ഇടിവു നേരിട്ടു. 1998 ൽ 2990 രൂപയായി വില കുറഞ്ഞു. എന്നാൽ അതിവേഗം സ്വർണവില തിരിച്ചുകയറി. 1999 ൽ 3100 രൂപയായി. 2000 ൽ 3200 രൂപ കടന്നു. 2001 ൽ 3070 നിലവാരത്തിലേക്ക് ഇടിഞ്ഞെങ്കിലും 2002 ൽ 3670 ലേക്ക് കുതിച്ചുയർന്നു. 2004 ആയപ്പോഴേക്കും 4500 രൂപയായി ഒരു പവന്റെ വില. എന്നാൽ 2006 ൽ 6300 രൂപയിലേക്കാണ് സ്വർണവില കുതിച്ചുയർന്നത്. 2007 മാർച്ചിൽ വില 6800 രൂപയായിരുന്നെങ്കിൽ 2008 ൽ 8890 രൂപയായി. 2009ൽ വിപായല്ലേ പൊന്നെല പവന് 10000 രൂപയെന്ന നിർണായക നിലവാരം കടന്നു. 2010 ൽ 11250 രൂപയായി വില ഉയർന്നു. 2011 മാർച്ചിൽ 15,560 രൂപയായി. 2012 മാർച്ച് ആയപ്പോഴേക്കും പവന് 20,000 എന്ന നിർണായക നിലവാരം കടന്ന് സ്വർണം മുന്നേറി. 2013ൽ 22,250 രൂപയായി വില ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.