സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സ്ഥാനമേല്ക്കും. ഇന്നലെ നടന്ന വോട്ടെണ്ണലിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ വലിയ വോട്ട് വ്യത്യാസത്തിലാണ് മുർമു പരാജയപ്പെടുത്തിയത്. 2824 വോട്ടുകളാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. വോട്ട് മൂല്യം 6,76,803. യശ്വന്ത് സിൻഹ നേടിയത് 1877 വോട്ടുകളാണ്; വോട്ട് മൂല്യം 3,80,177. മൂന്ന് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ മുര്‍മു വിജയം ഉറപ്പിച്ചിരുന്നു.
ആദ്യ റൗണ്ട് മുതൽ വലിയ വോട്ടിന്റെ ഭൂരിപക്ഷം മുർമുവിനുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ പാർലമെന്റ് അംഗങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 540 പേരുടെയും യശ്വന്ത് സിൻഹയ്ക്ക് 208 പേരുടെയും പിന്തുണ ലഭിച്ചു. 15 എംപിമാരുടെ വോട്ട് അസാധുവായി. മുർമുവിന് ലഭിച്ച വോട്ടിന്റെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ചത് 1,45,600 വോട്ട് മൂല്യം. ഈ റൗണ്ടിൽ 72.19 ശതമാനം വോട്ട് മുർമുവിന് ലഭിച്ചു.
രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡുണ്ടായിരുന്നു. ഈ റൗണ്ടിൽ ലഭിച്ചത് 1,349 പേരുടെ പിന്തുണ. വോട്ട് മൂല്യം 4,83,299. യശ്വന്ത് സിൻഹയ്ക്ക് 537 പേരുടെ പിന്തുണ ലഭിച്ചപ്പോൾ വോട്ട് മൂല്യം 1,89,876. ബിജെപിക്കും സഖ്യകക്ഷികൾക്കും പുറമേ പ്രതിപക്ഷത്തെ ചില പാർട്ടികളുടെയും പിന്തുണ ദ്രൗപദി മുർമുവിന് കിട്ടിയിരുന്നു. കേരളത്തില്‍ നിന്നും മുര്‍മുവിന് ഒരു വോട്ട് ലഭിച്ചു.
ബിജെഡി, ശിവസേന, ഝാർഖണ്ഡ് മുക്തി മോർച്ച, വൈഎസ്ആർ കോൺഗ്രസ്, ബിഎസ്‌പി, ടിഡിപി എന്നീ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെയാണ് മുർമു വിജയം സുനിശ്ചിതമാക്കിയത്.
ഒഡിഷയിലെ മയൂർഭഞ്ചിലെ ബെയ്ദാപോസിയെന്ന കുഗ്രാമത്തിൽ നിന്നാണ് രാഷ്ട്രപതിയുടെ വസതിയിലേക്ക് 64 കാരിയായ ദ്രൗപദി മുർമു എത്തുന്നത്. സന്താളുകൾക്കിടയിലെ ഗ്രാമമുഖ്യനായിരുന്നു മുത്തച്ഛൻ. ഭുവനേശ്വറിലെ രമാദേവി കോളജിൽ നിന്ന് ബിരുദം നേടിയ മുര്‍മു 1979 ൽ ജലവകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ജോലി നേടി. 1983 വരെ സർക്കാരുദ്യോഗത്തിൽ തുടർന്നു. ശ്രീ അരബിന്ദോ സ്കൂളിൽ അധ്യാപികയായി. 1997ൽ പഞ്ചായത്ത് കൗൺസിലിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടി. അതേവർഷം ബിജെപിയുടെ എസ്‌ടി മോർച്ചയുടെ ഒഡിഷയിലെ വൈസ് പ്രസിഡന്റായി. പിന്നീട് എംഎൽഎയും മന്ത്രിയും ഗവർണറുമായി. 2007ൽ മികച്ച നിയമസഭാ സാമാജികയ്ക്കുള്ള നിലകാന്ത പുരസ്കാരം മുർമുവിനെ തേടിയെത്തി. തിങ്കളാഴ്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ. 24ന് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കും.
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന് അഭിനന്ദന പ്രവാഹം. പുതിയ രാഷ്ട്രപതിയെ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. ഇന്ത്യ പുതിയ ചരിത്രം എഴുതുന്നുവെന്നാണ് ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയായ മുർമുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ദ്രൗപദി മുർമുവിനെ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ അഭിനന്ദിച്ചു. രാഷ്ട്രപതി എന്ന നിലയ്ക്ക് ദ്രൗപദി മുർമുവിന് നിർഭയം ഭരണഘടന സംരക്ഷിക്കാനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തന്നെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കണ്ട പ്രതിപക്ഷ ഐക്യം ഇനി മുന്നോട്ടും തുടരണമെന്നും സിൻഹ ട്വീറ്റ് ചെയ്തു. പുതിയ രാഷ്ട്രപതിയെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിനന്ദിച്ചു.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രയത്നങ്ങളില്‍ മുന്നിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർ മുര്‍മുവിനെ അഭിനന്ദിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തന്നെ മുർമുവിന്റെ ജന്മഗ്രാമത്തിലെ ജനങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മധുരപലഹാരം വിതരണം ചെയ്തും പരമ്പരാഗത നൃത്തച്ചുവടുകളോടെയും ഗോത്രജനത വിജയം ആഘോഷിച്ചു.
English Summary:Draupadi Murmu is President of india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.