22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

ഇന്ത്യയുടെ പേരുമാറ്റാൻ നീക്കം സജീവം

‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്ന് രേഖപ്പെടുത്തി ലെറ്റര്‍പാഡ്
Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2023 2:19 pm

ബിജെപിക്കെതിരെ ശക്തിപ്പെട്ടുവരുന്ന ഇന്ത്യ സഖ്യത്തില്‍ ഭയവിഹ്വലരായ ബിജെപി രാജ്യത്തിന്റെ ഔദ്യോഗിക പേര് ഭാരതമെന്നാക്കാനുള്ള ദ്രുതനീക്കത്തില്‍. തുടക്കമെന്നോണം രാഷ്ട്രപതി ദ്രൗപദി മുര്‍മു ജി 20 രാഷ്ട്രത്തലവന്മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിന് ഇന്ത്യന്‍ രാഷ്ട്രപതി (പ്രസിഡന്റ് ഓഫ് ഇന്ത്യ) എന്നതിനു പകരം ഭാരത രാഷ്ട്രപതി എന്ന് പരാമര്‍ശിച്ച് ക്ഷണക്കത്തുകള്‍ അച്ചടിച്ച് വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനുള്ള കുറിപ്പിലും ഇന്ത്യക്ക് പകരം ഭാരതമെന്നാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഇന്ത്യക്ക് പകരം ഭാരതം എന്ന് വിളിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ഇന്ത്യയെന്ന പദപ്രയോഗം ഉപേക്ഷിച്ച് ഭാരതം എന്ന പേര് ഉപയോഗിക്കണം. ഇംഗ്ലീഷുകാര്‍ക്കു മനസിലാകാനാണ് ഇന്ത്യ എന്ന പേര് ഉപയോഗിച്ചിരുന്നത്.

ലോകത്ത് എവിടെ പോയാലും ഭാരതമെന്ന പേരാണ് ഉപയോഗിക്കേണ്ടതെന്നും ഭാഗവത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രനിലപാട് വ്യക്തമാക്കി രാഷ്ട്രപതിയുടെ ക്ഷണക്കത്ത് പുറത്തു വന്നത്. ഔദ്യോഗിക പരിപാടിയില്‍ ഇതാദ്യമായാണ് ഇന്ത്യയെന്ന പേരിന് പകരം ഭാരതം എന്ന് നാമകരണം ഉണ്ടായിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഭരണഘടന അനുച്ഛേദം ഒന്നില്‍ ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത്തരമൊരു പേരുമാറ്റത്തില്‍ അപാകതകളില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഒമ്പതുവര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി ഇതിനകം നടത്തിയ പാഴ്‌പ്രഖ്യാപനങ്ങളെല്ലാം ഇന്ത്യ എന്ന് ചേര്‍ത്തായിരുന്നു എന്നിടത്ത് പുതിയ നീക്കത്തിന് പിന്നിലെ ഭീതിയും ദുരുദ്ദേശ്യവും വ്യക്തമാകും.

മേക്ക് ഇന്‍ ഇന്ത്യ, അക്സസബിൾ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, എഫ്ഡിഐ: ഫസ്റ്റ് ഡെവലപ് ഇന്ത്യ, സ്റ്റാന്‍ഡപ് ഇന്ത്യ എന്നിങ്ങനെ അവര്‍ ഉപയോഗിച്ച എല്ലാ വികസന വായ്ത്താരികളിലും ഇന്ത്യയുണ്ടായിരുന്നു. പുതുതായി രൂപീകൃതമായ പ്രതിപക്ഷ ഐക്യനിരയ്ക്ക് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്കമായ ഇന്ത്യ എന്ന് പേരിട്ടതോടെയാണ് ബിജെപി ഭാരതത്തെ പ്രണയിച്ചു തുടങ്ങിയതെന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് എട്ടിനാണ് രാഷ്ട്രപതിഭവനില്‍ അതിഥികള്‍ക്കായി വിരുന്നു നല്‍കുക.

10 ഭരണഘടനാ ഭേദഗതികള്‍

ഭരണഘടന അനുച്ഛേദം 368 അനുസരിച്ച് ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുന്നതിന് സര്‍ക്കാരിന് ഇരു സഭകളിലും കേവല ഭൂരിപക്ഷം മാത്രമാണ് വേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച പ്രമേയം പാസായാല്‍ കുറഞ്ഞത് 10 ഇടങ്ങളിലെങ്കിലും ഭരണഘടനാ ഭേദഗതികള്‍ വരുത്തേണ്ടി വരും. പ്രത്യേകിച്ച് അനുച്ഛേദം 1, അനുച്ഛേദം 77(1), 77(3) എന്നിവയില്‍. ഇന്ത്യ അല്ലെങ്കില്‍ ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്നാണ് അനുച്ഛേദം 1 വ്യക്തമാക്കുന്നത്.

അനുച്ഛേദം 77 ഉപവകുപ്പ് (1) അനുസരിച്ച് ഇന്ത്യൻ സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക നിര്‍വാഹക പ്രവര്‍ത്തനങ്ങളും രാഷ്ട്രപതിയുടെ നാമത്തില്‍ നടക്കുന്നതായി പ്രസ്താവിക്കുന്നു. അനുച്ഛേദം 77 ഉപവകുപ്പ് (3) ല്‍ ഇന്ത്യൻ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ഉത്തരവാദിത്തങ്ങള്‍ മന്ത്രിമാര്‍ക്കിടയില്‍ വിഭജിച്ച് നല്‍കുന്നതിനും രാഷ്ട്രപതി ചട്ടങ്ങള്‍ നിര്‍മ്മിക്കണമെന്ന് വ്യക്തമാക്കുന്നു.

സുപ്രീം കോടതിക്ക് ഭിന്നാഭിപ്രായം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനായി 2016ലും 2020ലുമായി രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയിരുന്നു. വിഷയത്തില്‍ നാലു വര്‍ഷത്തിനിടയില്‍ രണ്ട് ചീഫ് ജസ്റ്റിസുമാര്‍ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറപ്പെടുവിച്ചത്. 2016 മാര്‍ച്ചില്‍ ഭാരത് എന്നോ ഇന്ത്യ എന്നോ സ്വന്തം ഇഷ്ടമനുസരിച്ച് വിളിക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം 2020 ജൂണില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ വിധി മറിച്ചായിരുന്നു. ഭരണഘടനയില്‍ ഭാരത് എന്ന പേര് നിലനില്‍ക്കുന്നതായി നിരീക്ഷിച്ചു. ഹര്‍ജിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വിഷയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

Eng­lish Sum­ma­ry: pres­i­dent drau­pa­di mur­mus g20 din­ner invite sparks buzz repub­lic of bharat
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.