
മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തുനിന്നും പടിയിറങ്ങി. 2024 ടി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയ ശേഷം പടിയിറങ്ങിയ ദ്രാവിഡ് വീണ്ടും രാജസ്ഥാന്റെ പരിശീലക സ്ഥാനമേറ്റെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒമ്പതാം സ്ഥാനത്ത് മാത്രമാണ് രാജസ്ഥാന് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.
പുതിയ സീസണില്‍ രാജസ്ഥാന്‍ പുതിയ പരിശീലകന്റെ കീഴില്‍ മത്സരിക്കാനിറങ്ങും. ഫ്രാഞ്ചൈസി വിപുലീകരണത്തിന്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് ‘ഓഫർ’ ചെയ്തെങ്കിലും ദ്രാവിഡ് സ്വീകരിച്ചില്ലെന്ന് രാജസ്ഥാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘വര്‍ഷങ്ങളായി റോയല്‍സിന്റെ യാത്രയില്‍ രാഹുല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം ഒരു തലമുറയിലെ കളിക്കാരെ സ്വാധീനിക്കുകയും ടീമിനുള്ളില്‍ ശക്തമായ മൂല്യങ്ങള്‍ കെട്ടിപ്പടുക്കുകയും ഞങ്ങളുടെ സംസ്‌കാരത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഫ്രാഞ്ചൈസിക്ക് നല്‍കിയ സേവനത്തിന് രാജസ്ഥാന്‍ റോയല്‍സും കളിക്കാരും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരും രാഹുലിന് നന്ദി അറിയിക്കുന്നു’, രാജസ്ഥാന് റോയല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
നായകന്‍ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണിന് മുമ്പ് ടീം വിടാന്‍ താല്പര്യമറിയിച്ചതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ദ്രാവിഡ് പടിയിറങ്ങിയത്. കഴിഞ്ഞ സീസണിൽ 14 ഐപിഎൽ മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 10 കളികൾ തോറ്റു. താരലേലത്തില്‍ ജോസ് ബട്ലറെ വിട്ടുനല്‍കിയതും റിയാന്‍ പരാഗിനെ നിലനിര്‍ത്തിയതും വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. 2012, 2013 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാനെ നയിച്ചിരുന്നു. തുടര്‍ന്നുള്ള രണ്ട് സീസസുണകളില്‍ ദ്രാവിഡ് ടീമിന്റെ മെന്ററുടെ റോളിലെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.