
1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ശുഭാംശു ശുക്ലയുടെ ജനനം. നാല് പതിറ്റാണ്ടുകൾക്ക് ശേഷം രാകേഷ് ശര്‍മ്മയുടെ പാത പിന്തുടര്‍ന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായി അദ്ദേഹം. ആക്സിയം ദൗത്യം നാളെ ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി ശുഭാംശുവിന് സ്വന്തമാകും. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ് 39 കാരനായ ശുഭാംശു ശുക്ല. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായ ഇദ്ദേഹത്തെ 2019ല്‍ ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് കേന്ദ്രത്തില്‍ പരിശീലനം നേടി. രാകേഷ് ശര്‍മ്മ എക്കാലവും തന്റെ പ്രചോദനമായിരുന്നുവെന്ന് ജനുവരിയിലെ ക്രൂ കോൺഫറൻസിൽ ശുക്ല പറഞ്ഞിരുന്നു. ഐഎസ്എസിലേക്കുള്ള യാത്രയിലൂടെ ശുഭാംശു ശുക്ലയ്ക്ക് ലഭിക്കുന്ന അനുഭവസമ്പത്ത് ഗഗന്‍യാന്‍ ദൗത്യത്തിന് വളരെയധികം സഹായകമാകുമെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തുന്നു. 2035 ഓടെ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ ഒരു ബഹിരാകാശയാത്രികനെ ചന്ദ്രനിലേക്ക് അയയ്ക്കാനുമുള്ള പദ്ധതികളും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
1984 ഏപ്രിൽ 12നാണ് സംഘാഗമായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കിയുടെ ജനനം. യൂറി ഗഗാറിന്റെ ചരിത്രപരമായ ആദ്യ ബഹിരാകാശ പറക്കലിന്റെ 23-ാം വാർഷികദിനം. എല്ലാ വർഷവും ജന്മദിനത്തിൽ അമ്മ എപ്പോഴും ‘കോസ്മോ ഡേ’ ആശംസകളാണ് നേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകം നമുക്ക് ചുറ്റും എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയുന്നതില്‍ തനിക്ക് എപ്പോഴും താല്പര്യമുണ്ടായിരുന്നുവെന്നും വിസ്നിയേവ്സ്കി പറയുന്നു.
1991ല്‍ ജനിച്ച ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. പോളിമർ സാങ്കേതികവിദ്യയിൽ ബിരുദാനന്തര ബിരുദം നേടി. ആസ്ട്രോനട്ട് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കുന്നതുവരെ ഒരു എയ്‌റോസ്‌പേസ് ടെക്‌നോളജി കമ്പനിയിൽ സ്‌പേസ് റേഡിയേഷൻ വിഭാഗത്തില്‍ എന്‍ജിനീയറായിരുന്നു.
നിലവില്‍ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച സഞ്ചാരിയായ യുഎസിന്റെ പെഗ്ഗി വിറ്റ്സന്‍ തന്റെ റെക്കോഡ് വീണ്ടും പുതുക്കും.
നാഷണല്‍ ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ദൗത്യമായ ആക്‌സിയം-4 ഇന്ത്യ‑യുഎസ് ബഹിരാകാശ സഹകരണത്തില്‍ ഒരു പുതിയ അധ്യായം കൂടിയാണ് അടയാളപ്പെടുത്തുക. മേയ് 29ന് ആദ്യ വിക്ഷേപണ തീയതി പ്രഖ്യാപിച്ചതിനുശേഷം ആക്‌സിയം-4ന് ഒന്നിലധികം തവണ തടസങ്ങള്‍ നേരിട്ടിരുന്നു. പ്രതികൂല കാലാവസ്ഥ, ഓക്‌സിഡൈസറിന്റെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ ദൗത്യത്തെ തടയുകയായിരുന്നു. വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഒരു ചെറിയ പ്രശ്‌നം ഉണ്ടായെങ്കിലും വളരെ വേഗത്തില്‍ അത് പരിഹരിക്കാനായെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.