പതിമൂന്ന് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ജുനാഗഢ് ജില്ലയിൽ താമസിക്കുന്ന ദയ സാവലിയ(35) യാണ് മരിച്ചത്. 2024 ജനുവരി രണ്ടുമുതൽ ഇവരെ കാണാനില്ലെന്ന് ഭർത്താവ് വല്ലഭ് വിസവദാർ പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം രാവിലെ ഒമ്പതിനാണ് ദയ വീട്ടിൽ നിന്ന് ഇറങ്ങിയത്. കൈയിൽ സ്വർണവും 9.60 ലക്ഷം രൂപയുടെ പണമടങ്ങിയ ബാഗുമുണ്ടായിരുന്നു. കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ യുവതിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. അന്വേഷണത്തിനിടെ ദയക്ക് ഹർദിക് സുഖാദിയ എന്ന വ്യക്തിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. സംശയത്തിന്റെ നിഴലിലായിരുന്ന ഹാർദിക് മറ്റൊരു കഥ മെനഞ്ഞ് അന്വേഷണ സംഘത്തെ വഴിതെറ്റിച്ചു. ദയക്ക് രാഹുൽ എന്ന് പേരുള്ള മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ഒളിച്ചോടിയതാണെന്നും ഇയാള്‍ അന്വേഷണ സംഘത്തെ വിശ്വസിപ്പിച്ചു. താൻ നിരപരാധിയാണെന്ന് ആവർത്തിച്ച ഹാർദിക് പൊലീസ് നിരീക്ഷണത്തിൽപെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിർത്തി.
ഇടക്ക് പൊലീസ് ഇയാളെ ശബ്ദവിശകലന പരിശോധനക്കും വിധേയനാക്കിരുന്നു. അതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ കൃത്യമായ തെളിവിന്റെ അഭാവവും സാക്ഷികളില്ലാത്തതും ഹാർദിക്കിന് രക്ഷപ്പെടാൻ വഴിയൊരുക്കി. സാങ്കേതിക സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഹാർദിക്കിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ ഹാർദിക് കുറ്റം സമ്മതിക്കുകയായിരുന്നു. ഫെബ്രുവരി 27ന് പൊലീസ് ഹാർദിക്കിനെയുമായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. അപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനയച്ചു. ദയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ ഹാർദിക്കിന് താൽപര്യമുണ്ടായിരുന്നില്ല. ഹാർദിക്കിന്റെ കൂടെ താമസിക്കണമെന്ന് ദയ നിർബന്ധം പിടിച്ചതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 2024 ജനുവരി മൂന്നിന് ഹാർദിക് ദയയെ കല്ലുകൊണ്ട് തലക്കടിച്ചാണ് ഹാര്‍ദിക് കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു. കൊലപാതകത്തിന് തൊട്ടുമുമ്പ് ഹാർദിക് പ്രത്യേക ആപ്പുപയോഗിച്ച് ദയയാണെന്ന രീതിയിൽ ദയയുടെ ഭർത്താവിനെ വിളിച്ചിരുന്നു. കുടുംബ കലഹം മൂലമാണ് ദയ വീട് വിട്ടതെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഹാർദിക്കിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.