മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം തടങ്കല്‍ ഉത്തരവും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിക്കെതിരെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. മലപ്പുറം പോത്തുകല്ല് എഴുപംപാടം വടക്കേടത്ത് വീട്ടില്‍ ഷൈൻ ഷാജി(24) ക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഷൈന്‍ ഷാജിക്കെതിരെ നിരവധി കേസുകളുണ്ട്. അനധികൃതമായി കഞ്ചാവ് കൈവശം വെച്ചതിന് കാളികാവ് എക്സൈസ് റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിച്ചതിന് എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും എംഡിഎംഎ കൈവശം വെച്ചതിന് ഫറോക്ക് എക്സൈസ് റേഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 770 ഗ്രാം എംഡിഎംഎ, 80 എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവ വില്‍പനയ്ക്കായി കൈവശം വെച്ചതിന് വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞുവരികയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രതി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഇവ വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ സ്വതന്ത്രമായ സാന്നിധ്യം പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിവരത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ആഭ്യന്തര വകുപ്പ് ഒരു വര്‍ഷത്തെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞുവരുന്ന പ്രതിയെ കോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാര്‍ക്കോട്ടിക് സെല്‍ അസി. പൊലീസ് കമ്മീഷണര്‍ കെ എ ബോസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.