5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 18, 2025
February 15, 2025
February 8, 2025
January 23, 2025
January 17, 2025
January 15, 2025
November 19, 2024
November 19, 2024
November 9, 2024

ഗാംബിയയിലെ കുട്ടികളുടെ മരണം: ഇന്ത്യന്‍ മരുന്നു നിര്‍മ്മാണ കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2022 8:19 pm

ഇന്ത്യന്‍ കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ നാല് ചുമ മരുന്നുകള്‍ക്കെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യന്‍ മരുന്ന് വിപണിക്ക് വന്‍ തിരിച്ചടിയാകും. ഗാംബിയയിൽ 66 കുട്ടികൾ വൃക്കരോഗം ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംശയം പ്രകടിപ്പിച്ച നാല് കഫ് സിറപ്പുകൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാന ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന നാല് കഫ് സിറപ്പുകൾക്കെതിരെയാണ് അന്വേഷണം. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകളിലാണ് മാരകമായ വിഷാംശം കലര്‍ന്നിട്ടുള്ളതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ മരുന്നുകള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റി അയച്ചതെന്നാണ് സൂചന.

നാലു മരുന്നുകളിലും അമിതമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവ വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറിനു വരെ കാരണമായേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സെപ്റ്റംബർ 29ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം ഉടൻതന്നെ ഹരിയാനയിലെ റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനായി സാമ്പിളുകള്‍ അയച്ചതായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.

ആഫ്രിക്ക, ഏഷ്യ, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, റഷ്യ എന്നിവിടങ്ങളിലെല്ലാം മികച്ച വിപണി കണ്ടെത്താന്‍ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് കഴി‌ഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെടുന്ന ഇന്ത്യയിലെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിപണിക്ക് തന്നെ വെല്ലുവിളിയാകാനാണ് സാധ്യത. ഇന്ത്യന്‍ മരുന്ന് ഉല്പാദന മേഖല 2030 ഓടെ 1300 കോടി ഡോളറിന്റേതായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ലോകത്തെ മൂന്നാമത്തെ മരുന്ന് ഉല്പാദകരായ ഇന്ത്യയുടെ വിപണിമൂല്യം 490 കോടി ഡോളറിന്റേതാണ്.
കോവിഡ് പ്രതിരോധത്തിലടക്കം ലോകത്തിന് കരുത്താകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ആരോപണം തെറ്റാണെന്ന് തെളിവുകള്‍ സഹിതം തെളിയിക്കുകയോ, ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുത്ത് മാതൃകയാവുകയോ ആണ് ഈ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യയ്ക്ക് ചെയ്യാനാവുകയെന്ന് വിദഗ്ധര്‍ പറയുന്നു.

കമ്പനി അടച്ചുപൂട്ടി

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ സോനിപത്തിലെ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാര്‍ മുങ്ങി. 1990 ല്‍ ആണ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഹരിയാനയില്‍‍ സ്ഥാപിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൊണ്ട് മരുന്ന് ഗവേഷണത്തിലും നിര്‍മ്മാണത്തിലും ആഗോളതലത്തില്‍ ശ്രദ്ധ നേടി. കമ്പനിയുടെ വെബ്സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ഒരു മാസം പത്ത് കോടി ടാബ്‌ലറ്റുകളും ആറ് കോടി ക്യാപ്സ്യൂളുകളും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. ആറ് കോടി ലിക്വിഡ് ഇ‌ഞ്ചക്ഷന്‍, അത്രയും തന്നെ ഡ്രൈ പൗഡര്‍ ഇഞ്ചക്ഷന്‍, ഒരു കോടി ഓറല്‍ ലിക്വിഡ്, 50 ലക്ഷം ഓയില്‍മെന്റുകള്‍, 50 ലക്ഷം കണ്ണില്‍ ഒഴിക്കുന്ന മരുന്ന് എന്നിവ ഒരു മാസം നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് കഴിയും. ജീവന്‍രക്ഷാ മരുന്നുകള്‍ മുതല്‍ അലര്‍ജി വിരുദ്ധ, ആന്റി ബയോട്ടിക് മരുന്നുകള്‍ വരെ ഇതില്‍പ്പെടും. 13–15 വരെ ഉല്പന്നങ്ങളാണ് ചുമയ്ക്കും പനിയ്ക്കും വേണ്ടി കമ്പനി നിര്‍മ്മിക്കുന്നത്. ഏകദേശം 50 ഇനം ആന്റി ബയോട്ടിക്കുകളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് വേദനസംഹാരികള്‍ക്കാണ്. ആന്റി മലേറിയല്‍, വേദനസംഹാരി ഇനത്തില്‍പ്പെട്ട പത്തോളം മരുന്നുകള്‍ ഇവര്‍ ഉല്പാദിപ്പിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Drugs board orders probe after WHO’s alert against India-made cough syrups
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.