കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ അനുജനും പ്രഗത്ഭ മോഹിനിയാട്ടം നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ കാക്കക്കറുമ്പനെന്ന് വിളിച്ച് അധിക്ഷേപിച്ച ഒരു നര്‍ത്തകിയെക്കുറിച്ച് കേട്ടു. കേട്ടപ്പോള്‍ അത്ഭുതം തോന്നി. കലാമണ്ഡലത്തിന്റെ പടി ചവിട്ടി എന്നതു കൊണ്ട് ആ പവിത്രസ്ഥാപനത്തിന്റെ ചേര്‍ത്തു വച്ചൊരു നര്‍ത്തകി സത്യഭാമ ഡോ. രാമകൃഷ്ണനെതിരെ എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത്! ‘കാക്കക്കറുമ്പനായ ഇവന്‍ മോഹിനിയാട്ടം നടത്താന്‍ അര്‍ഹനേയല്ല. കാലുകള്‍ കവച്ചുവച്ച് ആടുമ്പോള്‍ കാണാന്‍ എന്തൊരു അരോചകമാണ്. കാലുകള്‍ അകറ്റി പെണ്ണുങ്ങള്‍ നൃത്തം ചെയ്താല്‍ എന്ത് മനോഹരമായിരിക്കും.’ വര്‍ണ വംശീയ വെറിയോടെ ലെെംഗികച്ചുവയോടെ ഇങ്ങനെ സംസാരിക്കാന്‍ വിഖ്യാത നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്കാകുമോ. അന്വേഷിച്ചപ്പോഴല്ലേ അറിയുന്നത് അനന്തപുരിയില്‍ ഇപ്പോഴും ഓണംകേറാമൂലയായി തുടരുന്ന വടയാറ്റുകോട്ടയിലെ ഒരു വൃദ്ധയാണ് ഡ്യൂപ്ലിക്കേറ്റ് കലാമണ്ഡലം സത്യഭാമയായി അവതരിച്ചിരിക്കുന്നതെന്ന്. ഉദ്യോഗമണ്ഡല്‍ ശശിയെന്ന കറുമ്പനെങ്കിലും അനുഗ്രഹീത നര്‍ത്തകന്റെ പത്നി; ബിജെപിയുടെ തമ്പേറടിക്കാരി.
കറുത്ത ആണുങ്ങള്‍ക്ക് നൃത്തം നിഷിദ്ധമാണെന്നാണ് ഈ നര്‍ത്തകിയുടെ പക്ഷം. കറുത്ത പെണ്‍കുട്ടികള്‍ പോലും നൃത്ത മത്സരത്തിന് പോകരുതെന്നാണ് 66കാരി അകത്തമ്മയുടെ കല്പന. കറുത്തവര്‍ ആണായാലും പെണ്ണായാലും കാലുകള്‍ കവച്ചുവച്ച് നൃത്തം ചെയ്തുകൂടത്രേ. അങ്ങനെയെങ്കില്‍ ഇവരുടെ കണവന്‍ എന്നേ ഷെഡ്ഡില്‍ കയറേണ്ടിയിരുന്നു. കാലുകള്‍ അകറ്റിയും അടുപ്പിച്ചും വിവിധ ക്രമവേഗതകളില്‍ അദ്ദേഹം ലാസ്യനൃത്തം അവതരിപ്പിക്കുമ്പോള്‍ സദസ് ആ നൃത്തലാവണ്യം ആസ്വദിക്കുകയാണ് ചെയ്തത്. ആര്‍എല്‍വി രാമകൃഷ്ണന്റെ നിറം കറുപ്പെന്ന് പരിഹസിക്കുന്ന അഭിനവസത്യഭാമ തന്റെ പ്രിയതമന്റെ കറുപ്പിനെക്കുറിച്ചെന്ത് പറയും. ഭരതമുനിയുടെ നാട്യശാസ്ത്രത്തെയും നന്ദികേശന്റെ അഭിനയദര്‍പ്പണത്തിന്റെയും മുഖവുരയെങ്കിലും ഈ നര്‍ത്തകി വായിച്ചിട്ടുണ്ടോ. ‘ഭാവനാനുഭവത്വം ഭരതത്വം’ എന്നാണ് ഭരതമുനി പറയുന്നത്. യതോ ഹസ്തഃ തതോ ദൃഷ്ടിഃ യതോ ദൃഷ്ടിഃ തതോ മനഃ യതോ മനഃ തതോ ഭാവഃ യതോ ഭാവഃ തതോ രസഃ” എന്ന് നന്ദികേശനും പറയുന്നത് വെറുപ്പിന്റെ ഈ കലാകാരിക്കറിയുമോ? വിശ്രുത നര്‍ത്തകദമ്പതികളും മലയാളക്കരയുടെ അഭിമാനവുമായ ധനഞ്ജയന്‍-ശാന്താ ധനഞ്ജയന്മാരെക്കുറിച്ച് ഇവര്‍ കേട്ടിട്ടുണ്ടോ. മലയാളക്കരയുടെ സാംസ്കാരിക തിരുമുറ്റത്തുനിന്ന് വര്‍ണ‑ലെെംഗികവെറി വര്‍ഷിക്കുന്ന ഈ സ്ത്രീക്കെതിരെ മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി കമ്മിഷനും മറ്റും കേസെടുത്തിരിക്കുന്നുവെന്ന് കേട്ടു. അതൊന്നും വേണ്ട, പണ്ടൊരു മനുഷ്യന്‍ പറഞ്ഞപോലെ ചെയ്താല്‍ മതി, ‘അന്തമില്ല ജനാര്‍ദനാ, വീടുകേറി അടിയെടാ.’ സ്ത്രീധനപീഡനക്കേസില്‍ പ്രതിയായ ഈ സത്യഭാമ അതുകൊണ്ടെങ്കിലും നന്നാകുമെങ്കില്‍ ദേവിക റെഡി.
തിഹാര്‍ ജയില്‍ സൂപ്രണ്ട് തന്നെ അരവിന്ദ് കെജ്‌രിവാളിന് പകരം ഡല്‍ഹി മുഖ്യമന്ത്രിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് കത്തയച്ചതായി രസകരമായ ഒരു സമൂഹമാധ്യമ പോസ്റ്റ് കാണാനിടയായി. അവകാശവാദം തികച്ചും ന്യായം. കാരണം ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമടക്കം ഡല്‍ഹി നിയമസഭയിലെ ഭൂരിപക്ഷം പേരും തന്റെ കസ്റ്റഡിയിലാണെന്നും അതിനാല്‍ അവരുടെ പിന്തുണയുള്ള തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നുമാണത്രെ ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ. സംഗതി തമാശയായി പറയുന്നതാണെങ്കിലും നാട്ടിലെ സ്ഥിതിഗതികള്‍ നോക്കിയാല്‍ ഈ തമാശയില്‍ സത്യം മാത്രമാണ് പുതഞ്ഞുകിടക്കുന്നതെന്ന് കാണാം. ഇഡിയും സിബിഐയുമടക്കമുള്ള സര്‍വ അന്വേഷണ സംവിധാനങ്ങളും ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സികളായി രൂപാന്തരപ്പെട്ടിരിക്കുന്നു. പെയിന്റിന്റെ പരസ്യത്തില്‍ പറയുന്നതുപോലെ ‘നോ കറ, നോ പാട്’ എന്ന അവസ്ഥ. അഴിമതിയുടെ കറ പുരണ്ടവരെല്ലാം ബിജെപിയില്‍ ചേര്‍ന്നാല്‍ തനി പത്തരമാറ്റ് തങ്കങ്ങള്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായ ശരത്‌പവാറിന്റെ ഒരനന്തിരവന്‍ അജിത് പവാറിനെതിരെ ശതകോടികളുടെ വായ്പാതട്ടിപ്പിന് ഇഡി കേസെടുത്തു. ഇതിനിടെ പവാര്‍ ഉള്‍പ്പെടുന്ന കൂട്ടുമന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായതോടെ അജിത് പവാറിന് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കി. ആ മന്ത്രിസഭ മറിഞ്ഞതോടെ ബിജെപി അധികാരത്തിലെത്തി. വീണ്ടും പഴയ കേസില്‍ തുടരന്വേഷണമായി. അതോടെ അയാള്‍ മറുകണ്ടം ചാടി ബിജെപി മന്ത്രിസഭയില്‍ അംഗമായി. അന്വേഷണം ആവിയായി. 35 കോടിയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡിയുടെ പിടിയിലായ ഹസന്‍ മുഷ്‌റീഫ് മോഡി ക്യാമ്പിലെത്തിയതോടെ കേസ് പിന്‍വലിക്കലും മന്ത്രിപദവിയും ഇനാം. അസമിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ഹിമന്ത് വിശ്വ ശര്‍മ്മ ചിട്ടിതട്ടിപ്പ് കേസില്‍ പ്രതിയായി ഇഡി അന്വേഷണമായി. അയാള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കേസ് അട്ടത്തുവച്ച് പൂട്ടി. ഇഡി എടുത്ത കേസുകളിലെ പ്രതികളായ 121 പേരില്‍ 115 പേരും ബിജെപി ഇതര പ്രതിപക്ഷ കക്ഷികളിലുള്ളവര്‍. ഇവരില്‍ 40ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ പേരിലുള്ള എല്ലാ കേസുകളും എഴുതിത്തള്ളി. അവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളില്‍ ഉന്നത സ്ഥാനീയരുമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഇഡിയും സിബിഐയും കൂടുതല്‍ പേരെ കുടുക്കാന്‍ വലവിരിക്കുന്നു. ഈ വലക്കണ്ണികള്‍ കേരളത്തിലേക്കും നീണ്ടേക്കാം. തെരഞ്ഞെടുപ്പിനിടെ വമ്പന്മാരെ വലയിലാക്കിയാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കാമല്ലോ. എന്നിട്ട് മോഡിക്ക് പുരപ്പുറത്തുനിന്ന് വിളിച്ചുകൂവാം; ‘ഭാരതം ലോകജനാധിപത്യത്തിന്റെ മാതാവ്.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.