
ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളെ സന്ദർശിക്കാനെത്തിയ ഇടത് പ്രതിനിധി സംഘത്തെ തടഞ്ഞു. സാങ്കേതിക കാരണങ്ങളുണ്ടെന്ന് പറഞ്ഞാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ കാണാന്‍ അനുമതി നിഷേധിച്ചത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ, സിപിഐ(എം) നേതാവ് ബൃന്ദാ കാരാട്ട്, എംപിമാരായ പി പി സുനീർ, കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുള്ളത്. അനുമതി നൽകാമെന്ന് നേരത്തെ ഉറപ്പ് ലഭിച്ചെന്ന് അറിയിച്ചിട്ടും രേഖകൾ കാണിച്ചിട്ടും പൊലീസ് മനഃപൂർവം തടസങ്ങൾ സൃഷ്ടിക്കുകയായിരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ അനുവദിക്കുന്നതുവരെ അവിടെ തുടരുമെന്നും പറഞ്ഞു. തുടര്‍ന്ന് ഇന്ന് സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. പിന്നീട് ദുര്‍ഗിലെ വിശ്വദീപം കോണ്‍വെന്റിലെത്തിയ നേതാക്കള്‍ സിസ്റ്റര്‍ വന്ദനയുടെ സഹോദരിയും സഭാംഗവുമായ ദീപയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ജയിലില്‍ കന്യാസ്ത്രീകളെ കണ്ടതിനുശേഷം ജാമ്യത്തിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പിപി സുനീര്‍ പറഞ്ഞു.
ഇന്ന് രാവിലെ ജയിലിലെത്തിയ യുഡിഎഫ് എംപിമാരുടെ സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു. ഛത്തീസ്‌ഗഢ് മുൻമുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ഇടപെടലിൽ പിന്നീട് യുഡിഎഫ് സംഘത്തിനും സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരനായ ബൈജുവിനും അനുമതി നൽകി. അതേസമയം ബിജെപി സംഘത്തിന്റെ സന്ദർശനത്തിന് ഒരു തടസവുമുണ്ടായില്ല. ദുർഗ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രണ്ട് കന്യാസ്ത്രീകളും ജയിലില്‍ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചു. ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സഭാംഗങ്ങളായ കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ച് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനമാരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു വച്ചതിനു പിന്നാലെയായിരുന്നു നടപടി.
കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉള്‍പ്പെടെ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുന്നു. സിസ്റ്റര്‍ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയും പെണ്‍കുട്ടികളുടെ ബന്ധു സുഖ്മന്‍ മണ്ടാവി മൂന്നാം പ്രതിയുമാണ്. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാതിരുന്ന പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പരസ്യ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍. നാളെ വൈകിട്ട് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. കര്‍ദിനാള്‍ മാര്‍ ക്ലീമിസും വിവിധ സഭാധ്യക്ഷന്മാരും വിശ്വാസികളും പങ്കെടുക്കും. ഇന്ന് വൈകിട്ട് സിപിഐ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.