സംസ്ഥാന കായിക മേളയുടെ അവസാന ദിനം 200 മീറ്റർ ഓട്ടമത്സരത്തിൽ പൊടി പാറി. ജൂനിയർ താരങ്ങൾ മിന്നി തിളങ്ങിയ മത്സരത്തിൽ സ്പ്രിന്റ് ഡബിൾ തികച്ചു. ആണ്‍കുട്ടികളില്‍ ജെ നിവേദ് കൃഷ്ണയും പെണ്‍കുട്ടികളില്‍ ആര്‍ ശ്രേയയുമാണ് സ്പ്രിന്റ് ഡബിള്‍ തികച്ചത്.
പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ നിവേദ് കൃഷ്ണ 22.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 200 മീറ്ററിലും സ്വര്‍ണത്തിന് അവകാശിയായത്. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ 10.98 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. 200ല്‍ വെള്ളിനേട്ടത്തിന് ഉടമയായ മലപ്പുറം തിരുനാവായ നാവാമുകുന്ദയിലെ ഫസലുല്‍ഹഖ് 22.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വെങ്കലം സ്വന്തമാക്കിയ തിരുവനന്തപുരം ജി വി രാജയിലെ കെ പി വിനായക് 22.66 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ തൊട്ടത്. ഈ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്‍ ശ്രേയയും മികച്ച പ്രകടനം നടത്തി സ്വര്‍ണത്തില്‍ മുത്തമിട്ട് സ്പ്രിന്റ് ഡബിള്‍ തികച്ചു. 25.53 സെക്കന്‍ഡിലാണ് ശ്രേയ 200 മീറ്റര്‍ പിന്നിട്ടത്. തിരുവനന്തപുരം സായിയിലെ അനന്യ സുരേഷ് 25.70 വെള്ളിയും, തൃശൂര്‍ ആലൂര്‍ ആര്‍ എം ഹയര്‍സെക്കന്‍ഡറിയിലെ സി എസ് ആന്‍മരിയ (26.41) വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസിലിന്റെ ജസീം ജെ റസാഖ് സ്വര്‍ണം നിലനിര്‍ത്തി. 21.83 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് ജസീം പൊന്നണിഞ്ഞത്. 400 മീറ്ററില്‍ വെള്ളി നേടിയ ജസീം തുടര്‍ച്ചയായി മൂന്നാം തവണയാണ് 200 മീറ്ററില്‍ സ്വര്‍ണത്തില്‍ മുത്തമിടുന്നത്. പരിക്കിനെ തുടര്‍ന്ന് 100 മീറ്ററിലെ ജേതാവ് അന്‍സ്വാഫ് അഷ്‌റാഫ് 200 മീറ്ററില്‍ മത്സരിച്ചില്ല.
സീനിയര്‍ പെണ്‍കുട്ടികളില്‍ ഫോട്ടോ ഫിനിഷിലാണ് ജേതാവിനെ കണ്ടെത്തിയത്. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പാലക്കാടിന്റെ എം ജ്യോതിക സ്വര്‍ണത്തില്‍ മുത്തമിട്ടു. 25.43 സെക്കന്‍ഡ്. ജ്യോതികയുടെ മീറ്റിലെ മൂന്നാം സ്വര്‍ണമാണിത്. നേരത്തേ 400 മീറ്റര്‍ ഓട്ടത്തിലും ഹര്‍ഡില്‍സിലും സ്വര്‍ണം നേടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോടിന്റെ അല്‍ക്കാ ഷിനോജ് 27.11 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണത്തോടെ ട്രിപ്പിള്‍ തികച്ചു. 400, 600 മീറ്ററുകളില്‍ സ്വര്‍ണം ഓടിയെടുത്ത അല്‍ക്ക സ്വര്‍ണം നേടിയ 4 x100 റിലേ ടീമിലും അംഗമായിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരത്തിന്റെ പി കെ സായൂജ് ഒന്നാമതെത്തി തന്റെ സ്വര്‍ണമെഡല്‍ നേട്ടം രണ്ടാക്കി. 400 മീറ്ററില്‍ സ്വര്‍ണം നേടിയ സായൂജ് 100 മീറ്ററില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.