6 March 2026, Friday

Related news

March 6, 2026
March 2, 2026
February 26, 2026
February 26, 2026
February 5, 2026
January 11, 2026
December 31, 2025
December 23, 2025
December 20, 2025
December 17, 2025

സ്ഥലപരിമിതിയില്‍ കര്‍ത്തവ്യ ഭവന്‍; വീര്‍പ്പുമുട്ടി മന്ത്രാലയങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2026 10:31 pm

വിശാലമായ മുറികളില്‍ നിന്ന് നിന്നുതിരിയാന്‍ ഇടമില്ലാത്ത മുറികളിലേക്ക് പറിച്ചുനടപ്പെട്ട് കേന്ദ്ര മന്ത്രാലയങ്ങള്‍. പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കര്‍ത്തവ്യ ഭവനിലേക്ക് മാറ്റിയ മന്ത്രാലയങ്ങളാണ് സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നത്.
നേരത്തെയുണ്ടായിരുന്ന നോര്‍ത്ത് ബ്ലോക്കിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, മ്യൂസിയമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ കര്‍ത്തവ്യ ഭവന്‍ നിര്‍മ്മിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ ഓഫിസും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറി അടക്കമുള്ളവയും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. വിദേശകാര്യം, ആഭ്യന്തരം, ധനകാര്യം, ഗ്രാമീണ വികസന എന്നീ മന്ത്രാലയങ്ങള്‍ കര്‍ത്തവ്യ ഭവന്‍ ഫേസ് മൂന്നിലേക്ക് മാറ്റിക്കഴിഞ്ഞുവെങ്കിലും ഈ മന്ത്രാലയങ്ങളുടെ ലൈബ്രറികള്‍ക്ക് ഇതുവരെ സ്ഥലം അനുവദിച്ചില്ല. ഇതോടെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലാണ് നാല് ലൈബ്രറികളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

വിശാലമായ പഴയ ശാസ്ത്രി ഭവനിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിയിലെ 4,000 ചതുരശ്രയടി സ്ഥലത്തിന് പകരം അനുവദിച്ചത് കേവലം 300 ചതുരശ്രയടി സ്ഥലം. രാജ്യത്തിന്റെ സുപ്രധാന ചരിത്രരേഖകളും അമൂല്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഈ ലൈബ്രറി കര്‍ത്തവ്യ ഭവനില്‍ വീര്‍പ്പുമുട്ടുകയാണ്. 1891ല്‍ ബ്രിട്ടിഷുകാര്‍ ആരംഭിച്ച ദി ഇംപീരിയല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിയാണ് പിന്നീട് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ലൈബ്രറിയായി മാറിയത്. 8.48 ലക്ഷം സുപ്രധാന രേഖകള്‍, അപൂര്‍വ ഗ്രന്ഥങ്ങള്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, മന്ത്രാലയം റിപ്പോര്‍ട്ടുകള്‍, വിദേശ പ്രസിദ്ധീകരണങ്ങള്‍ എന്നിവയാണ് സെന്‍ട്രല്‍ ലൈബ്രറിയിലുള്ളത്. മൂന്ന് വലിയ വായനാ മുറികളും വിശാലമായ സ്ഥലവും അന്തരീക്ഷവും കേന്ദ്ര മന്ത്രാലയം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഗവേഷകരും പഠനത്തിനായും ഗവേഷണത്തിനായും ആശ്രയിച്ചിരുന്നു. 

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് വിവിധ വകുപ്പുകള്‍ക്ക് കര്‍ത്തവ്യ ഭവനില്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ കേന്ദ്ര ലൈബ്രറിക്ക് ആവശ്യമായ സ്ഥലം അനുവദിച്ചില്ല. പുതിയ ലൈബ്രറിയില്‍ നിന്നുതിരിയാന്‍ ഇടമില്ലെന്ന് സ്ഥിരമായി ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നോര്‍ത്ത് ബ്ലോക്കിലെ പഴയ ഓഫിസില്‍ കായികം, യോഗ, സംസ്കാരിക പരിപാടികള്‍ നടത്താനും ഇടമുണ്ടായിരുന്നു. കര്‍ത്തവ്യ ഭവനില്‍ ഇതിനുള്ള യാതൊരു സൗകര്യവും ഇല്ലെന്ന് മറ്റൊരുദ്യോഗസ്ഥന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.