23 December 2024, Monday
KSFE Galaxy Chits Banner 2

പ്രതികാര ഏജന്‍സികള്‍ തമിഴ്‌നാട്ടിലെത്തുമ്പോള്‍

Janayugom Webdesk
June 16, 2023 5:00 am

കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തമിഴ്‌നാട്ടിലെത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ ആസ്ഥാനമായ സെക്രട്ടേറിയറ്റില്‍ കടന്ന് പരിശോധന നടത്തിയെന്നതാണ് തമിഴ്‌നാട്ടില്‍ നടന്ന ഇഡി നടപടികളെ വ്യത്യസ്തമാക്കുന്നത്. പത്തു മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ ഈ ഏജന്‍സികളുടെ നാടകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പഴയ കേസുകള്‍ കുത്തിപ്പൊക്കിയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇഡി, ആദായ നികുതി (ഐടി) വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തുടങ്ങിയവ അമിത ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത് പത്തുവര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന ഒരു കേസിന്റെ പേരിലാണ്. 2013ല്‍ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്നതായിരുന്നു കേസ്. 2011 മുതല്‍ 15 വരെ ജയലളിതയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ബാലാജി മന്ത്രിയായിരുന്നു. 2014ല്‍ സസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ വിവിധ തസ്തികകളിലേയ്ക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ കോഴ ഇടപാട് നടന്നുവെന്നായിരുന്നു ആരോപണം. മകന് ജോലി ലഭിക്കുന്നതിന് 2.6 ലക്ഷം രൂപ കോഴ നല്കിയെന്ന് ആരോപിച്ച് ദേവസഹായം എന്ന വ്യക്തി ചെന്നൈ പൊലീസില്‍ പരാതി നല്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കേസില്‍ പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.

പിന്നാലെ മറ്റ് പലരും പരാതികളുമായെത്തി. ഇതില്‍ ഗോപി എന്നയാള്‍ നല്കിയ പരാതിയില്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സമാനമായ 81 പരാതികള്‍ ലഭിച്ചുവെന്നും എല്ലാം ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗോപിയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഗോപിയുടെ പരാതിയില്‍ മന്ത്രി ബന്ധുവിനെതിരെ ആരോപണമുണ്ടായിരുന്നുവെങ്കിലും ദേവസഹായത്തിന്റെ പരാതിയില്‍ ഇല്ലായിരുന്നു. അക്കാര്യം ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് 2017 ജൂണില്‍ അന്തിമ റിപ്പോര്‍ട്ട് നല്കുകയും ചെയ്തു. ഇതിലാകട്ടെ സെന്തില്‍ ബാലാജിയോ സഹോദരനടക്കം ബന്ധുക്കളോ ഉള്‍പ്പെട്ടിരുന്നതുമില്ല. ഇതിനിടെ എഐഎഡിഎംകെയിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് സെന്തില്‍ ബാലാജി പുറത്തു പോകുകയും 2018 ഡിസംബറില്‍ ഇപ്പോഴത്തെ ഭരണ കക്ഷിയായ ഡിഎംകെയില്‍ ചേരുകയുമായിരുന്നു. അതുവരെ ഈ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് താല്പര്യമില്ലായിരുന്നു. കാരണം ബിജെപിക്ക് ബാലികേറാമലയായ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ തമിഴ്‌നാട്ടില്‍ അവരുടെ സഖ്യ കക്ഷിയായിരുന്നു എഐഎഡിഎംകെ. സംസ്ഥാനത്ത് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ മറ്റ് പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ എന്നതുപോലെ തമിഴ്‌നാട്ടിലെ സര്‍ക്കാറിനെതിരെയും പഴയ കേസുകള്‍ തപ്പിത്തുടങ്ങി.


ഇതുകൂടി വായിക്കൂ:ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ 


അതിനിടയില്‍ സെന്തില്‍ ബാലാജിക്കെതിരായ കേസിന്റെ കാര്യം സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് മന്ത്രി സെന്തില്‍ ബാലാജിയുടെ പേരിലുള്ള പഴയ കേസിന്റെ കടലാസുകള്‍ തപ്പിയെടുക്കുന്നത്. പിന്നെ കേന്ദ്ര ഏജന്‍സികളെ വിട്ട് അന്വേഷണം, പരിശോധന തുടങ്ങി സ്ഥിരം കലാപരിപാടികള്‍. ആദ്യം സഹോദരന്റെ വീട്ടിലും ഓഫിസിലുമായിരുന്നു പരിശോധന. മോഡി സര്‍ക്കാരിന്റെ ആജ്ഞകള്‍ക്കനുസരിച്ച് വാലാട്ടികളായ ഐടി വകുപ്പും ഇഡിയുമൊക്കെ തമിഴ്‌നാട്ടില്‍ സ്ഥിര താമസമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അതിവേഗമാര്‍ജിച്ച ഇഡി നടപടികളുടെ ഭാഗമായി സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്ത് കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷ നിരയില്‍ ശക്തമായ നിലപാടുകളെടുക്കുന്ന സംസ്ഥാനമെന്ന നിലയില്‍ തമിഴ്‌നാട്ടിനെതിരായ കേന്ദ്രത്തിന്റെ വേട്ടയാടല്‍ തുടരുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. എം കെ സ്റ്റാലിനെ തന്നെ പിടികൂടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്കിയത്. അതിനര്‍ത്ഥം പഴയ ഏതെങ്കിലും കേസില്‍ ബന്ധപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രിയെ പിടികൂടാന്‍ ഡല്‍ഹിയില്‍ നടപടി തുടങ്ങിയിരിക്കുന്നുവെന്നാണ്. ഡല്‍ഹി, ഝാര്‍ഖണ്ഡ്, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിജെപിയില്‍ നിന്ന് വിട്ടുപോയതിനു ശേഷം ബിഹാര്‍ തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജന്‍സികളുടെ തേര്‍വാഴ്ചയാണ്. കേരളത്തിലും പല പേരുകളിലും അവര്‍ കയറിയിറങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കൂടുതല്‍ പരിശോധനകളും കേസുകളും പ്രതീക്ഷിക്കുകയും ചെയ്യണം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും വരുതിയിലാക്കുന്നതിനുമാണ് ശ്രമം. ഇതൊക്കെ കൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരായ ജനവികാരം ഇല്ലാതാക്കാമെന്ന ബിജെപിയുടെ ധാരണ മൗഢ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.