
തെക്കൻ, മധ്യ മെക്സിക്കോയിൽ അതി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണുണ്ടായത്. രണ്ട് പേർ മരിച്ചു. തെക്കൻ സംസ്ഥാനമായ ഗ്വെറേറോയിലെ സാൻ മാർക്കോസ് പട്ടണത്തിനടുത്ത് പസഫിക് തീരദേശ റിസോർട്ടായ അകാപുൾകോയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രമെന്ന് മെക്സിക്കോയുടെ ദേശീയ ഭൂകമ്പ ശാസ്ത്ര ഏജൻസി വ്യക്തമാക്കി. തീവ്രമായ ഭൂകമ്പത്തിനു ശേഷം 500 ലധികം തുടർചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.
അകാപുൾകോയ്ക്ക് ചുറ്റും സംസ്ഥാനത്തെ മറ്റ് ഹൈവേകളിലും മണ്ണിടിച്ചിലുകൾ ഉണ്ടായതായി സംസ്ഥാന സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്ത് താമസിച്ചിരുന്ന 50 വയസുള്ള സ്ത്രീ വീട് തകർന്ന് മരിച്ചതായി ഗ്വെറേറോ ഗവർണർ എവ്‌ലിൻ സാൽഗാഡോ പറഞ്ഞു. ഗ്വെറേറോയുടെ തലസ്ഥാനമായ ചിൽപാൻസിംഗോയിലെ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചതായും രോഗികളെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ഭൂചലനമുണ്ടായപ്പോൾ മെക്സിക്കോ സിറ്റിയിലെയും അകാപുൾകോയിലെയും താമസക്കാരും വിനോദസഞ്ചാരികളും തെരുവുകളിലേക്ക് ഓടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് തുടർന്ന് ഒരാൾ മരിച്ചതായി മെക്സിക്കോ സിറ്റി മേയർ ക്ലാര ബ്രൂഗഡ പറഞ്ഞു. ഗ്വെറേറോയിലെ റാഞ്ചോ വിജോയിൽ നിന്ന് 2.5 മൈൽ വടക്ക്-വടക്ക് പടിഞ്ഞാറ് മാറി 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പുതുവർഷത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാമിന്റെ പത്രസമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഭൂചലനമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.