ഈസ്റ്റർ, വിഷു, റംസാൻ കാലം മുതലെടുക്കാൻ അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ യാത്രാനിരക്ക് കുത്തനെ ഉയർത്തി. സാധാരണ ദിവസങ്ങളിൽ ബംഗളൂരു-തിരുവനന്തപുരം നോൺ എസി ബസുകളിൽ 850 മുതലും എസി ബസുകളിൽ 1050 രൂപ മുതലുമാണ് നിരക്ക്. എന്നാൽ നിലവിൽ 1500ൽ കുറഞ്ഞ നിരക്ക് ഒരു ബസുകളിലുമില്ല. ഈ സീസണിൽ 3800 രൂപ വരെ ഈടാക്കുന്ന സ്വകാര്യ ബസുകളുമുണ്ട്. സാധാരണക്കാർക്ക് ആശ്വാസമായ കെഎസ്ആർടിസി ബസുകളിലാകട്ടെ 1800 രൂപവരെയായി നിരക്ക് ഉയർന്നിട്ടുണ്ട്. സാധാരണ ദിനങ്ങളിൽ 1100 രൂപ മാത്രമുള്ള സ്ഥാനത്താണിത്.
വേഗത്തിലെത്തുമെന്നതും സർവീസ് മുടക്കമില്ലാത്തതും മൂലം വിദ്യാർത്ഥികളടക്കമുള്ളവർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. വേനലവധിക്കാലത്ത് മിക്കവരും നാട്ടിലേക്ക് മടങ്ങുമെന്നതിനാൽ നിരക്ക് ഉയർത്തിയാലും യാത്രക്കാർ കുറയില്ലെന്ന് ഓപ്പറേറ്റർമാർക്ക് ഉറപ്പുണ്ട്. വർഷങ്ങളായി ഇത്തരത്തിൽ തീവെട്ടിക്കൊള്ള നടത്താറുണ്ടെങ്കിലും കൃത്യമായ പരിശോധനയോ പിഴയീടാക്കലോ മോട്ടോർ വാഹന വകുപ്പ് തലത്തിൽ ഉണ്ടാകാറില്ല. കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും സംസ്ഥാനത്തേക്ക് സ്വകാര്യന്മാർ സർവീസ് നടത്തുന്നത്.
സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നിരുന്നു. വാഹന പരിശോധനയ്ക്കായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു.
അവധിക്കാലവും ഉത്സവ സീസണും പ്രമാണിച്ച് കൂടുതൽ ബസ് സർവീസ് നടത്തുവാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയെങ്കിലും നടപടികളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇത് സ്വകാര്യ സര്‍വീസുകളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
നിലവിൽ ബംഗളൂരുവിൽ നിന്ന് തിരുവന്തപുരത്തേക്ക് ഏഴ് ബസുകളാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ദേശീയപാത, എംസി റോഡ് എന്നിവ വഴി തിരുവനന്തപുരത്തേക്ക് മാത്രം 45ഓളം സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നുണ്ട്. മറ്റുള്ളവയുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തേക്ക് 200ഓളം സ്വകാര്യബസുകളാണ് ദിനംപ്രതി സർവീസ് നടത്തുന്നത്.
ട്രെയിനിൽ 435, ഫ്ലൈറ്റിൽ 4500
ബംഗളൂരു- തിരുവനന്തപുരം യാത്രക്ക് ട്രെയിനിൽ 435 രൂപയാണ് കുറഞ്ഞ നിരക്ക്. ഫസ്റ്റ് ക്ലാസ് എസിയില്‍ 2840 രൂപയാണ് നല്‍കേണ്ടത്. സ്വകാര്യ ബസുകൾ 3500 രൂപ വരെ ഈടാക്കുന്ന ഈ യാത്ര വിമാനത്തിലാണെങ്കിൽ 4500 രൂപ നല്‍കിയാല്‍ മതിയാകും.
English Sammury: Easter, Vishu and Ramzan seasons, private buses operating interstate services have hiked fares
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.