സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. സിന്ധ് പ്രവിശ്യയില്‍ സര്‍ക്കാരിന്റെ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. 10 കിലോ വീതമുള്ള 200 ചാക്കുകളാണ് വിതരണത്തിനായി എത്തിച്ചത്. 65 രൂപ സബ്സിഡി നിരക്കിലാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്.
നിലവിലെ പ്രതിസന്ധികള്‍ക്കിടയില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഗോതമ്പിന്റെയും അരിയുടെയും വിലയിലുണ്ടായത്. കറാച്ചിയിൽ അരിവില കിലോയ്ക്ക് 140 രൂപയില്‍ നിന്ന് 160 ആയി ഉയര്‍ന്നു. ഇസ്‍ലാമാബാദിലും പെഷവാറിലും 10 കിലോ ധാന്യം 1500 രൂപയ്ക്കാണ് വില്‍ക്കുന്നത്. പഞ്ചസാര, പരിപ്പ്, നെയ്യ്, എണ്ണ എന്നിവയ്ക്ക് 100 രൂപയില്‍ കൂടുതലാണ് വില. അതേസമയം, ഗോതമ്പ് ശേഖരം അവസാനിച്ചതായി ബലൂചിസ്ഥാന്‍ ഭക്ഷ്യ മന്ത്രി സമാറക് അച്ക്സായി അറിയിച്ചു. അനുവദിക്കപ്പെട്ട രണ്ട് ലക്ഷം ചാക്കുകളില്‍ 10,000 ചാക്കുകളാണ് ഇതുവരെ ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി അപകടാവസ്ഥയിലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഒമ്പത് ബില്യണ്‍ ഡോളറായി കുറഞ്ഞു. ആറാഴ്ചത്തെ ഊര്‍ജ ഇറക്കുമതിക്ക് മാത്രമെ ഈ പണം തികയൂ.
വാര്‍ഷിക പണപ്പെരുപ്പം 2022 ല്‍ 24.5 ശതമാനമായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ നേടുന്നതല്ലാതെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും ജനുവരി മൂന്ന് മുതല്‍ രാത്രി 8.30 യ്ക്ക് ശേഷം അടച്ചിടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വായ്പ സംബന്ധിച്ച് അന്താരാഷ്ട്ര നാണയനിധിയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് നടപടി. ഏകദേശം 274 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ ഉദേശിച്ചുള്ള പദ്ധതിക്കെതിരെ മാര്‍ക്കറ്റ് അസോസിയേഷനുകളും റെസ്റ്റോറന്റ് ഉടമകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
English Summary: Economic crisis is serious: Famine in Pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.