22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

മോഡി ഭരണത്തില്‍ വര്‍ധിച്ചത് സാമ്പത്തിക അതൃപ്തിയും തൊഴിലില്ലായ്മയും

 വളര്‍ന്നത് കുത്തകകള്‍ മാത്രമെന്ന് സര്‍വേ
 കുടുംബച്ചെലവ് താങ്ങാനാവുന്നില്ലെന്ന് 62 ശതമാനം
Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2024 9:26 pm

മോഡി ഭരണത്തില്‍ രാജ്യത്ത് ജനങ്ങളുടെ സാമ്പത്തികസ്ഥിതി താറുമാറായെന്നും തൊഴില്‍ നെെരാശ്യം വര്‍ധിക്കുന്നതായും സര്‍വേ റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ 2024 സര്‍വേയിലാണ് രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളും യുവജനങ്ങളുടെ തൊഴില്‍ ദൗര്‍ലഭ്യവും ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ തഴച്ചുവളര്‍ന്നത് കുത്തക കമ്പനികള്‍ മാത്രമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും പറയുന്നു. മോഡി ഭരണത്തിന്റെ രണ്ടാംഘട്ടമാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്കരമായതും തൊഴിലില്ലായ്മ വര്‍ധിച്ചതും.

സര്‍വേയില്‍ പങ്കെടുത്ത 35,801 പേരും കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെലിഫോണ്‍ സംവിധാനം വഴിയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 2023 ഡിസംബര്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി 28 വരെ നടത്തിയ സര്‍വേയിലാണ് മോഡി ഭരണത്തിന്റെ വിലയിരുത്തല്‍ നടന്നത്.

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണ് എന്നാണ് സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെട്ടത്. തൊഴിലില്ലായ്മ സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് പുറത്ത് വിടാന്‍ മോഡി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സൈന്യത്തില്‍ അഗ്നിവീര്‍ സംവിധാനം നടപ്പിലാക്കിയത് സൈനികരെ വാടകയ്ക്ക് എടുക്കുന്ന വിധത്തിലായി മാറി. 2011ലെ സെന്‍സസ് അനുസരിച്ചുള്ള രാജ്യത്തെ പകുതിയിലേറെ യുവജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ മോഡി സര്‍ക്കാരിന് സാധിച്ചിട്ടില്ല.

രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം കുടുംബങ്ങളെയും ദോഷകരമായി ബാധിച്ചു. വര്‍ധിച്ച കുടുംബച്ചെലവ് താങ്ങാന്‍ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് 62 ശതമാനം പേരും പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കാരണം കുടുംബ ബജറ്റ് താളം തെറ്റി. പണപ്പെരുപ്പവും വിലക്കയറ്റവും കാരണം ജീവിതം ദുസഹമായി. കെ ആകൃതിയിലുള്ള സാമ്പത്തിക വളര്‍ച്ച (ജോലിഭാരം വർധിച്ചുവരുമ്പോഴും കുറഞ്ഞ വേതനം സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന വികസനം) യാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സാമ്പത്തിക നയങ്ങള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ദോഷം വരുത്തുന്നതാണ്.

രാജ്യത്തെ ഭൂരിപക്ഷം പൗരന്‍മാരും കടുത്ത സാമ്പത്തിക ഞെരുക്കത്തിലും തൊഴില്‍ ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ മോഡി സര്‍ക്കാര്‍ കുത്തക കമ്പനികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായി സര്‍വേയില്‍ 65 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഡാനി-അംബാനി തുടങ്ങിയ കോര്‍പറേറ്റ് കമ്പനികളുടെ വളര്‍ച്ചയും അവര്‍ക്ക് അനുകൂലമായ സമീപനങ്ങളും സര്‍ക്കാര്‍ നടത്തുന്നതായും ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Eco­nom­ic dis­con­tent and unem­ploy­ment have increased under the Modi government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.