22 January 2026, Thursday

സാമ്പത്തിക വളർച്ച: കണക്കുകളിലെ വ്യാജ നിർമ്മിതി

ഡോ. ഗ്യാൻ പഥക്
May 30, 2025 4:00 am

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വൻ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു എന്ന് മേയ് 25ന് നിതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്മണ്യം പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള ജർമ്മനിയെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ പിറകിലാക്കാൻ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഈ അവകാശവാദത്തിന്റെ പേരിൽ ഭരണകക്ഷി നടത്തുന്ന കൊട്ടിഘോഷങ്ങൾ, രാജ്യത്തെ ജനസംഖ്യയിലെ ചെറുന്യൂനപക്ഷത്തിനുവേണ്ടി സമ്പത്ത് സൃഷ്ടിക്കുകയെന്ന തെറ്റായ തന്ത്രവും ലോകത്തെ ഏറ്റവും അധികം അസന്തുഷ്ടർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന വസ്തുതയും മറച്ചുവയ്ക്കുന്നതാണ്. 2025ലെ ആഗോള സന്തോഷ സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം 118-ാമതാണ്. 2014ൽ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിനുശേഷം പിറകിലോട്ട് പോകുകയാണുണ്ടായത്. 

2014ൽ 2.1 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയുടെ ജിഡിപി, ലോകത്ത് പത്താം സ്ഥാനത്തായിരുന്നു. ഇപ്പോൾ അത് 4.3 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി വളർന്നു എന്നാണ് അവകാശവാദം. അതായത് ഇരട്ടിയിലധികമായിരിക്കുന്നു. ജിഡിപിയിൽ ഇത്രയും വളർച്ചയുണ്ടായിട്ടും ഇന്ത്യ എന്തുകൊണ്ട് കൂടുതൽ സന്തുഷ്ടരുടെ നാട് ആകാത്തതും ലോകത്തിലെ ഏറ്റവും അസന്തുഷ്ട രാഷ്ട്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തത് എന്നതിനെക്കുറിച്ച് ഗൗരവതരമായ ആത്മപരിശോധന ആവശ്യമുണ്ട്. ഈയവസ്ഥ കാണിക്കുന്നത് നിലവിലെ സമ്പത്ത് സൃഷ്ടിക്കൽ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും നിലവാരം ഉയര്‍ത്തുന്നതിൽ പരാജയപ്പെടുന്നു എന്നാണ്. ജിഡിപി വളർച്ചാനിരക്കിനെ കുറിച്ച് അമിതമായ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ഇത് വ്യക്തമാക്കുന്നു. സൃഷ്ടിക്കപ്പെടുന്ന സമ്പത്ത് എവിടേക്കാണ് പോകുന്നത് എന്ന ചോദ്യവും ഇത് ഉയർത്തുന്നുണ്ട്. ഉത്തരം എല്ലാവർക്കും അറിയാവുന്നതുമാണ്. സമ്പത്ത് ചെറുന്യൂനപക്ഷത്തിന്റെ കയ്യിൽ കേന്ദ്രീകരിക്കപ്പെടുന്നുവെന്നും ആനുപാതികമായ സാമ്പത്തിക വളർച്ച പൊതുജനങ്ങൾക്കിടയിൽ അനുഭവവേദ്യമാകുന്നില്ലെന്നുമാണ് ഇതിന്റെ അർത്ഥം. 

2014 മുതലുള്ള പ്രധാന ആഗോളസൂചികകളിലെല്ലാം ഇന്ത്യ വളരെ പിറകിലാണ് നിൽക്കുന്നതെന്ന് കാണാവുന്നതാണ്. ആ വർഷത്തെ ആഗോള സന്തോഷസൂചികയിൽ 158 രാജ്യങ്ങളിൽ 111-ാമത് ആയിരുന്നു ഇന്ത്യ. അസമത്വ സൂചികയിൽ 106, സാമൂഹിക പിന്തുണയിൽ 129, പ്രതിശീർഷ ജിഡിപിയിൽ 104, ആയുർദൈർഘ്യത്തിൽ 102, സ്വാതന്ത്ര്യത്തിൽ 47, ഉദാരതയിൽ 88, അഴിമതിയുടെ കാര്യത്തിൽ 85, സന്നദ്ധ സേവനത്തിൽ 77, ഇതര മനുഷ്യരെ സഹായിക്കുന്ന കാര്യത്തിൽ 111 എന്നിങ്ങനെ സ്ഥാനങ്ങളിലായിരുന്നു ഇന്ത്യ. 158 രാജ്യങ്ങളെ വിലയിരുത്തിയതിലാണ് ഇന്ത്യയുടെ ഈ നില. 2024ലെ ആഗോള സന്തോഷസൂചികയിൽ 147ൽ 118-ാമതായി. 2014നെ അപേക്ഷിച്ച് ഒരു സ്ഥാനം പിറകോട്ടുപോയെന്നർത്ഥം. രാജ്യത്തിന്റെ ജിഡിപി ഇരട്ടിയിലധികം ഉയർന്നപ്പോഴാണ് ഇത് സംഭവിച്ചത്. അസമത്വ റാങ്കിങ്ങിൽ ഇത് കുത്തനെ താഴ്ന്ന് 118ലെത്തി. പൗരന്മാർക്കുള്ള സാമൂഹിക പിന്തുണയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു ദശകത്തിനിടെ ചെറിയ പുരോഗതി ഉണ്ടായി എന്ന മാറ്റം മാത്രമേ എടുത്തു പറയാൻ കഴിയൂ. 129 എന്ന സ്ഥാനം 128ലേക്ക് കയറി. അതേസമയം 2014ന് മുമ്പ് യുപിഎ സർക്കാരിന്റെ കാലത്തുതന്നെ ഈ സൂചികയിൽ രാജ്യം 129-ാം സ്ഥാനത്ത് ഉണ്ടായിരുന്നു. സാമൂഹ്യ പിന്തുണാ സംവിധാനം ഇപ്പോഴും വളരെ മോശമാണെന്നാണ് 2024ലെ സൂചിക കാണിക്കുന്നത്. ഏറ്റവും പുറകിലുള്ള രാജ്യങ്ങളിൽ 19-ാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നതെന്നതും ശ്രദ്ധിക്കണം. 

പ്രതിശീർഷ ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ 2024ൽ 93-ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്ത്, നാലാമത്തെ വൻ സാമ്പത്തിക ശക്തിയായി മാറിയെന്ന് അവകാശപ്പെടുന്നതിൽ കാര്യമില്ലെന്നു മാത്രമല്ല, ലജ്ജാകരവുമാണ്. 2025 ഏപ്രിലിൽ ലഭ്യമായ ഐഎംഎഎഫ് കണക്കുകൾ പ്രകാരം ഈ വർഷം ഇന്ത്യ ജിഡിപിയിൽ ജപ്പാനെ മറികടക്കും എന്നാണ് സൂചിപ്പിക്കുന്നത്. ജിഡിപിയെ താരതമ്യപ്പെടുത്തി ഇന്ത്യക്കാർ ലോകത്തിലെ മികച്ച അഞ്ച് സമ്പദ്ഘടനയ്ക്ക് തുല്യരായിരിക്കുന്നുവെന്ന മിഥ്യാധാരണ സൃഷ്ടിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി ലോക രാജ്യങ്ങളിൽ 93-ാം സ്ഥാനത്ത് തന്നെയാണ് നിൽക്കുന്നത്. ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാം വൻശക്തിയായി മാറിയെന്ന് അവകാശപ്പെടുമ്പോഴും ലോകബാങ്കിന്റെ ജിഎൻഐ (ഗ്രോസ് നാഷണൽ ഇൻകം) കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2023ൽ വാങ്ങൽ ശേഷിയെ അടിസ്ഥാനമാക്കി 10,020 ഡോളർ മാത്രമായിരുന്നു. അതേസമയം ജപ്പാന്റേത് 33,766 ഡോളർ, അതായത് ഇന്ത്യയുടെ മൂന്നിരട്ടിയിലധികം. ജർമ്മനിയുടെ പ്രതിശീർഷ വരുമാനമാകട്ടെ 73,180 ഡോളറാണ്. ഇന്ത്യയെക്കാൾ എത്രയോ മടങ്ങ് അധികമാണിത്. എന്നിട്ടും മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെയും മറികടക്കുമെന്ന നിതി ആയോഗിന്റെ അവകാശവാദം അതിശയോക്തിപരം തന്നെയാണ്. 

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ രാജ്യത്ത് അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം പരിഗണിക്കുമ്പോൾ ഇത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. അസമത്വ റാങ്കിങ്ങിൽ ഇന്ത്യ 2014ൽ 106-ാം സ്ഥാനത്ത് ആയിരുന്നുവെങ്കിൽ 2024ൽ 118-ാം സ്ഥാനത്താണ് നിൽക്കുന്നത് എന്നതും ഓർക്കണം. 2025ലെ വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ ആരോഗ്യകരമായ ആയുർദൈർഘ്യത്തിന്റെ റാങ്ക് നൽകിയിട്ടുമില്ല. അതിശയകരമെന്നു പറയട്ടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച നിരവധി നിയമപരവും നിയമവിരുദ്ധവുമായ നടപടികളിലൂടെ രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിന്റെ റാങ്കിങ്ങിൽ ഇന്ത്യയുടെ റാങ്ക് 2014ൽ 47 ആയിരുന്നത് 2024ൽ 23ലേക്ക് മെച്ചപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് റാങ്ക് മെച്ചപ്പെട്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നമുക്ക് മുന്നിലുണ്ടായിരുന്ന മറ്റ് പല രാജ്യങ്ങളും ഇന്ത്യയെക്കാൾ മോശം പ്രകടനം കാഴ്ചവച്ചതുകൊണ്ടായിരുന്നു ഇതെന്നാണ് അതിനുള്ള ഉത്തരം. ഇതെല്ലാം സൂചിപ്പിക്കുന്നത്, അസമത്വം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ചുരുക്കം ചിലർക്കുവേണ്ടി സമ്പത്ത് സൃഷ്ടിക്കുക എന്ന മോഡി സർക്കാരിന്റെ തന്ത്രം അടിസ്ഥാനപരമായി തെറ്റാണെന്നാണ്.
പൊതുവേ സമ്പത്തിന്റെ മൂല്യത്തെ അമിതമായി വിലയിരുത്തുന്നതും തെറ്റാണ്. കാരണം, സമ്പത്ത് സന്തോഷവും ക്ഷേമവും കൊണ്ടുവരുമെന്നത് വെറും മിഥ്യാധാരണയാണ്. ഉദാഹരണത്തിന്, സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്ക, സന്തോഷ സൂചികയിൽ 24-ാം സ്ഥാനത്താണ്. ചൈന രണ്ടാം സ്ഥാനത്താണെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ 68-ാം സ്ഥാനത്താണ്. സമ്പത്തിൽ ജർമ്മനി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്, പക്ഷേ സന്തോഷത്തിൽ 22-ാം സ്ഥാനത്തും. സമ്പത്തിൽ നാലാം സ്ഥാനത്തായിരുന്ന ജപ്പാനാകട്ടെ സന്തോഷത്തിൽ 55-ാം സ്ഥാനത്താണ്. സമ്പത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായെന്നാണ് ഇപ്പോഴത്തെ കണക്ക്. പക്ഷേ സന്തോഷത്തിൽ 118-ാം സ്ഥാനത്തും. സമ്പത്ത് സൃഷ്ടിക്കുകയോ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുകയോ ചെയ്യുന്ന രാജ്യങ്ങൾ അവരുടെ പൗരന്മാരോട് നീതി പുലർത്തുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. ജനങ്ങളുടെ സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും ചെലവിലാണ് സമ്പത്ത് സൃഷ്ടിക്കപ്പെടേണ്ടത്. അതിനാൽ ഇന്ത്യ കുറച്ചുപേർക്ക് വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണം. സ്വന്തം പൗരന്മാരെ കബളിപ്പിക്കാൻ ജിഡിപിയെ ചുറ്റിപ്പറ്റി ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുകയും വേണം.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.