26 December 2024, Thursday
KSFE Galaxy Chits Banner 2

സാമ്പത്തിക വളര്‍ച്ച അപകടത്തില്‍: ഹിന്ദു വളര്‍ച്ചാ നിരക്കിനോട് അടുക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
March 5, 2023 11:28 pm

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അപകടകരമായ ഹിന്ദു വളര്‍ച്ചാ നിരക്കിനോട് അടുക്കുകയാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
1950 കളിലെ താഴ്ന്ന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ വിശേഷിപ്പിക്കുന്ന പദമാണ് ഹിന്ദു വളര്‍ച്ചാ നിരക്ക്. 1980കള്‍ വരെ ഇത് ഏകദേശം 4 ശതമാനം ആയിരുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചയെ വിവരിക്കാന്‍ 1978 ല്‍ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ഈ പദം ഉപയോഗിച്ചത്.
സ്വകാര്യമേഖലയിലെ നിക്ഷേപം, ഉയര്‍ന്ന പലിശനിരക്ക്, ആഗോള വളര്‍ച്ചയില്‍ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് രഘുറാം രാജന്റെ നിഗമനം. ത്രൈമാസ വളര്‍ച്ചയിലെ തുടര്‍ച്ചയായ മാന്ദ്യം ആശങ്കാജനകമാണെന്ന് കഴിഞ്ഞ മാസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ ദേശീയ വരുമാനത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടി രഘുറാം രാജന്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) 6.3 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 5.2 ശതമാനമായിരുന്നു വളര്‍ച്ച. ആര്‍ബിഐ ഇപ്പോഴും നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്നും സ്വകാര്യമേഖല നിക്ഷേപിക്കാന്‍ തയ്യാറല്ലെന്നും രഘുറാം രാജന്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4.2 ശതമാനമാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ കോവിഡ് മഹാമാരിക്ക് മുമ്പ് മൂന്ന് വര്‍ഷം മുമ്പുള്ള പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടോബര്‍ — ഡിസംബര്‍ പാദത്തിലെ ശരാശരി വാര്‍ഷിക വളര്‍ച്ച 3.7 ശതമാനമാണ്. ഇത് നമ്മുടെ പഴയ ഹിന്ദു വളര്‍ച്ചാ നിരക്കിനോട് അപകടകരമാം വിധം അടുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ നിക്ഷേപത്തില്‍ ഗവണ്‍മെന്റ് തങ്ങളുടേതായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പറയുമ്പോഴും നിര്‍മ്മാണ ഊന്നല്‍ ഇതുവരെ ലാഭവിഹിതം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Eco­nom­ic growth in dan­ger: Hin­du growth rate approaches

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.