22 November 2024, Friday
KSFE Galaxy Chits Banner 2

സാമ്പത്തിക മാന്ദ്യം: ഐടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
September 5, 2022 8:34 pm

പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മുൻകരുതലെന്ന പേരിൽ ജീവനക്കാരെ കൂട്ടത്തോടെ കുറയ്ക്കാനൊരുങ്ങി രാജ്യത്തെ ഐടി കമ്പനികൾ. തങ്ങളുടെ യുഎസ്, യൂറോപ്യൻ ഇടപാടുകാർ ചെലവ് ചുരുക്കുന്നുവെന്ന പേരിലാണ് നടപടി. ആദ്യഘട്ടമായി ഇന്ത്യയിലെ മുൻനിര ഐടി സേവന സ്ഥാപനങ്ങൾ ജീവനക്കാരുടെ ഇൻസെന്റീവ് വെട്ടിക്കുറയ്ക്കുകയും നിയമനങ്ങൾ മന്ദഗതിയിലാക്കുകയും ചെയ്തു.

ഈ മാസം ആദ്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന ദാതാക്കളായ ഇൻഫോസിസ്, ജൂൺ പാദത്തിലെ ജീവനക്കാരുടെ ആനൂകൂല്യത്തിൽ 30 ശതമാനം കുറവുവരുത്തി. ചെലവ് വർധിച്ചതു കാരണം വരുമാനം കുറഞ്ഞതാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ബംഗളുരുവിലെ കമ്പനിയുടെ ആസ്ഥാനത്തു നിന്നുള്ള അറിയിപ്പിൽ പറയുന്നു. മറ്റാെരു ഐടി ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസും ഒരുവിഭാഗം ജീവനക്കാർക്കുള്ള ത്രൈമാസ ഇൻസെന്റീവ് ഒരു മാസത്തേക്ക് വൈകിപ്പിച്ചു. അടുത്തിടെ, വിപ്രോയും തങ്ങളുടെ ജീവനക്കാരുടെ ആനൂകൂല്യം തടഞ്ഞുവച്ചിരുന്നു.

ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ, സൈബർ സുരക്ഷ, ക്രിപ്റ്റോകറൻസി തുടങ്ങിയ ഇടപാടുകളിൽ ഡിമാൻഡ് വർധിച്ചതിനാൽ വിദഗ്ധരായ ജീവനക്കാരെ ആകർഷിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ഐടി കമ്പനികൾ ഉയർന്ന ശമ്പളമായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 5.5 ലക്ഷം കോടിയായിരുന്നു ഏഴ് ഐടി കമ്പനികളുടെ വരുമാനം. ഇതിൽ മൂന്ന് ലക്ഷം കോടി ശമ്പളം നൽകാൻ ഉപയോഗിച്ചു. രാജ്യത്തെ ഭൂരിഭാഗം കമ്പനികളും വരുമാനത്തിന്റെ 62 ശതമാനവും ശമ്പളം നൽകാനാണ് വിനിയോഗിക്കുന്നത്. എൽ ആന്റ് ടി, ഇൻഫോടെക് തുടങ്ങിയ കമ്പനികളാണ് വരുമാനത്തിന്റെ 60 മുതൽ 63 ശതമാനം വരെ വേതനത്തിനായി ചെലവഴിക്കുന്നത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ വരുമാനത്തിന്റെ 53 ശതമാനം മുതൽ 55 ശതമാനം മാത്രമാണ് ശമ്പളമായി നല്കുന്നത്. എച്ച്സിഎൽ ടെക്നോളജി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ വരുമാനത്തിന്റെ 51 ശതമാനമാണ് ശമ്പളം നല്കാനായി ചെലവഴിക്കുന്നത്.

ആഗോള പ്രതിസന്ധി

ലോകത്തെമ്പാടും വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. നിയമനവും ചെലവും മന്ദഗതിയിലാക്കാൻ ആപ്പിൾ ഈ മാസം 100 കരാർ അടിസ്ഥാനത്തിലുള്ള റിക്രൂട്ടർമാരെത്തന്നെ പിരിച്ചുവിട്ടു. ചൈനീസ് ടെക് ഭീമനായ ടെൻസെന്റ് ഏപ്രിൽ‑ജൂൺ മാസങ്ങളിൽ 5,500 ജീവനക്കാരെ പിരിച്ചുവിട്ടു. നെറ്റ്ഫ്ലിക്സ് ഓരോ മാസവും 150–300 ജീവനക്കാരെ പിരിച്ചുവിടുന്നു. മൈക്രോസോഫ്റ്റ് ജൂലൈയിൽ 1800 ജീവനക്കാരെ ഒഴിവാക്കി. എലോൺ മസ്കിന്റെ ഏറ്റെടുക്കൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ട്വിറ്റർ അതിന്റെ ടാലന്റ് അക്വിസിഷൻ ടീമിലെ 30 ശതമാനം ജീവനക്കാരെ ജൂലൈയിൽ പുറത്താക്കി. മെറ്റായും (പഴയഫേസ്ബുക്ക്) ജൂണിൽ ലേ ഓഫ് ചെയ്യാൻ തുടങ്ങി. ഗൂഗിൾ ഈ മാസം തങ്ങളുടെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത് കൂടുതൽ ജോലി ചെയ്തില്ലെങ്കിൽ വലിയ തോതിലുള്ള പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ്.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‍ല ജൂലൈ മുതൽ പിരിച്ചുവിടൽ തുടങ്ങി. അടുത്ത മാസം, യുഎസിലും കാനഡയിലുമായി ഏകദേശം 2,000 സ്ഥിരം തൊഴിലാളികളെയും 1,000 കരാർ തൊഴിലാളികളെയും ഫോർഡ് പിരിച്ചുവിടും. അടുത്തിടെ തമിഴ്‌നാട്ടിലും ഗുജറാത്തിലുമായി രണ്ട് പ്ലാന്റുകൾ പൂർണമായും അടച്ചുപൂട്ടിയതിനു പുറമെയാണിത്. വാൾമാർട്ട്, ഷോപ്പിഫൈ തുടങ്ങിയ ഇ‑കൊമേഴ്സ് കമ്പനികളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്.

Eng­lish Sum­ma­ry: Eco­nom­ic reces­sion: Mass lay­offs in the IT sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.