23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 29, 2024
October 31, 2024
October 15, 2024
August 30, 2024
July 18, 2024
May 31, 2024
May 17, 2024
March 26, 2024
January 29, 2024

സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്: ജിഡിപി തളരും

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 31, 2023 11:15 pm

വരുന്ന സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര ഉല്പാദന നിരക്കി (ജിഡിപി) ല്‍ കുറവുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡായ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചത്.
2023–24 സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര ഉല്പാദന നിരക്ക് ആറുമുതല്‍ 6.8 ശതമാനം വരെയെന്നാണ് സാമ്പത്തിക സര്‍വേ വിലയിരുത്തുന്നത്. അന്താരാഷ്ട്ര നാണ്യ നിധി, ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക്, ലോക ബാങ്ക്, റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ളവരുടെ കണക്കുകളുമായി ഏകദേശം ഒത്തുപോകുന്ന വളര്‍ച്ചാ ലക്ഷ്യമാണ് സാമ്പത്തിക സര്‍വേ കണക്കുകളിലും പ്രതിഫലിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാണെന്നും സര്‍വേയിലുണ്ട്. 2021–22ല്‍ ഇത് 8.7 ശതമാനമായിരുന്നു.

വിദേശനാണ്യ കരുതല്‍ തോതില്‍ ഈ വര്‍ഷം കുറവുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കയറ്റിറക്കുമതിയുടെ ബാക്കി പത്രമായ വിദേശ നാണ്യ ശേഖരം 2021–22ല്‍ 607 ദശലക്ഷം ഡോളറായിരുന്നത് നടപ്പു വര്‍ഷം 563 ദശലക്ഷം ഡോളറായി ചുരുങ്ങി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് രാജ്യം വളര്‍ച്ചയുടെ പാതയിലാണ് മുന്നേറുന്നതെന്നും സാമ്പത്തിക സര്‍വേ അവകാശപ്പെടുന്നു. വ്യവസായ മേഖലയില്‍ വളര്‍ച്ച 4.1 ശതമാനത്തിലേക്ക് താഴ്ന്നു. മുന്‍വര്‍ഷം ഇത് 10.3 ശതമാനമായിരുന്നു.

റഷ്യന്‍ യുദ്ധവും അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക രംഗത്തെ ചാഞ്ചാട്ടങ്ങളും രാജ്യത്തെ സമ്പദ്മേഖലയെയും ബാധിക്കുന്നുവെന്നത് സര്‍ക്കാര്‍ സമ്മതിക്കുന്നു. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായെങ്കിലും അത് തുലോം തുച്ഛമാണെന്ന ന്യായീകരണവും മുന്നോട്ടു വയ്ക്കുന്നു. വിലക്കയറ്റം ആറു ശതമാനത്തില്‍ താഴെ വേണമെന്ന ലക്ഷ്യം ഡിസംബറില്‍ മാത്രമാണ് കൈവരിക്കാനായതെന്നും സര്‍വേയിലുണ്ട്.
ആസ്തികള്‍ വിറ്റ് തുലയ്ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ധനക്കമ്മി കുറയ്ക്കാന്‍ ബജറ്റില്‍ കൂടുതല്‍ ആസ്തികള്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യ കോര്‍പറേറ്റുകളിലേക്ക് നീങ്ങുമെന്ന കാര്യം ഉറപ്പായി. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇടം നല്‍കാനും ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകും.
സേവന മേഖലയില്‍ 9.1 ശതമാനം, കാര്‍ഷിക മേഖലയില്‍ 3.5 ശതമാനം എന്നിങ്ങനെയാണ് നടപ്പു വര്‍ഷത്തെ വളര്‍ച്ചാ നിരക്കുകള്‍. പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ധനവ് സാമ്പത്തിക രംഗത്തിന് കാര്യമായ പിന്തുണ നല്‍കിയെന്നും ജിഎസ്‌ടി വരുമാനത്തില്‍ കാര്യമായ പുരോഗതി നേടാനായെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാന്‍ പൊതു മേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിച്ച ഖജനാവിലെ പണം സംബന്ധിച്ച് സര്‍വേയില്‍ കാര്യമായ വിലയിരുത്തലുകളില്ലെന്നതും ശ്രദ്ധേയം.

Eng­lish Sum­ma­ry: Eco­nom­ic sur­vey report: GDP will weaken

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.