സ്വകാര്യ മേഖലയിലെ ജോലി സമയ വര്‍ധന ഉള്‍പ്പെടെ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ. ഓവര്‍ടൈം അടക്കമുള്ള വിഷയങ്ങളില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ആഴ്ചയില്‍ 70 മുതല്‍ 90 മണിക്കൂര്‍ വരെ ജോലി ചെയ്യണമെന്ന കോര്‍പറേറ്റുകളുടെ അഭിപ്രായം വിവാദമായി തുടരുന്നതിനിടെയാണ് സാമ്പത്തിക സര്‍വേയിലും വിഷയം കടന്നുവന്നിരിക്കുന്നത്.
ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്ലതല്ലെന്ന് സര്‍വേയില്‍ പറയുന്നു. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി സമയം എന്നത് കണക്കാക്കുന്നതില്‍ ഇളവുനല്‍കണമെന്നതാണ് പ്രധാന ആവശ്യം. ഫാക്ടറി നിയമത്തിലും ഓവര്‍ ടൈം നിയമത്തിലും മാറ്റം വേണം. ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ കൂടുതല്‍ തൊഴിലിനും സാമ്പത്തിക വികസനത്തിനും സാധ്യത തെളിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപകല്പന ചെയ്ത തൊഴില്‍ നിയന്ത്രണങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നതായും ഇത്തരം നിയമങ്ങളൊന്നും ബാധകമല്ലാത്തവരുമായി ആഗോള വിപണികളില്‍ അന്തരം സംഭവിക്കുന്നുവെന്നും സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ എട്ട് മണിക്കൂര്‍ ജോലിസമയത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വന്നേക്കും.
അതേസമയം ആഴ്ചയില്‍ 60 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ഗുരുതരമായ മാനസിക‑ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും സാമ്പത്തിക സര്‍വേയിലുണ്ട്. അന്താരാഷ്ട്രതലത്തില്‍ നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യുന്നത് മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒരു ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന് സാപിയന്‍ ലാബ്സ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ബ്രയ്ന്‍ ആന്റ് മൈന്‍ഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ചെലവഴിക്കുന്ന മണിക്കൂറുകള്‍ കണക്കിലെടുത്താണ് പലരും അനൗദ്യോഗികമായി ഉല്പാദനക്ഷമത വിലയിരുത്തുന്നത്. എന്നാല്‍ ആഴ്ചയില്‍ 55–60 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വിഷയത്തില്‍ സംയുക്ത നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി, ജോലിസ്ഥലത്തെ സംസ്കാരം, കുടുംബബന്ധങ്ങള്‍ തുടങ്ങിയവ പ്രതിമാസം രണ്ടോ മൂന്നോ തൊഴില്‍ ദിനം നഷ്ടപ്പെടുത്തിയേക്കാമെന്നും പഠനത്തില്‍ പറയുന്നു. ജോലി ചെയ്യുന്ന മണിക്കൂറുകള്‍ മാത്രമല്ല മേലുദ്യോഗസ്ഥരുടെ സമീപനം, ജോലി സാഹചര്യം തുടങ്ങിയ കാരണങ്ങള്‍ നാലോ അഞ്ചോ തൊഴില്‍ദിനങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുന്നുവെന്നും പഠനങ്ങള്‍ പുറത്തുവന്നിരുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പ്രതിവര്‍ഷം 1,200 കോടി തൊഴില്‍ദിനങ്ങളും ഒരു ലക്ഷം കോടി ഡോളറിന്റെ നഷ്ടവും സംഭവിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.