പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി വേട്ടയാടുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തു. 2013ല്‍ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്ന കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദിച്ചെന്ന ആരോപണവുമുയര്‍ന്നു. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ഓമന്തുരാര്‍ സര്‍ക്കാര്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോഗ്രാം ടെസ്റ്റില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ബെെപ്പാസ് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം സെന്തില്‍ ബാലാജിയെ ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
ചികിത്സയിൽ ആയതിനാൽ ആശുപത്രിയിൽ തുടരും. ഇവിടെയെത്തിയാണ് മജിസ്ട്രേറ്റ് നിയമനടപടികൾ പൂർത്തിയാക്കിയത്. സെന്തില്‍ ബാലാജിയെ കാണാനില്ലെന്ന് കാട്ടി നേരത്തെ ഭാര്യ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സെന്തിലിന്റെ ജാമ്യഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.
മന്ത്രിയുടെ ചെവിക്കു സമീപം നീരുണ്ടെന്നും ഇത് മര്‍ദനത്തില്‍ സംഭവിച്ചതാണെന്നും ഡിഎംകെ നേതാക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇഡി നടപടിക്കെതിരെ ആശുപത്രിക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രിക്കു പുറത്ത് ഉള്‍പ്പെടെ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മന്ത്രിമാരായ ശേഖര്‍ ബാബു, ഉദയനിധി സ്റ്റാലിൻ, എം സുബ്രഹ്മണ്യൻ, ഇ വി വേലു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തില്‍ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇഡി നടപടിയെ അപലപിച്ച് രംഗത്തെത്തി.
English Summary: ED arrests Tamil Nadu minister V Senthil Balaji
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.