
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേന്ദ്രഭരണകൂടത്തിന്റെ ചട്ടുകമായി തെളിവില്ലാത്ത കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് എന്നതിന്റെ കണക്കുകള്‍ പുറത്ത്. നരേന്ദ്ര മോഡി ഭരണത്തിലെത്തിയ 2014 ജൂണ്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) 6,312 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് ശിക്ഷിക്കപ്പെട്ടതാകട്ടെ കേവലം 120 കേസുകളിലും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുറ്റം തെളിയിക്കപ്പെടാത്ത 93 കേസുകള്‍ ഇഡി അവസാനിപ്പിക്കുകയും ചെയ്തു. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചതാണ് കണക്കുകള്‍. പിഎംഎല്‍എ നിയമം ഭേദഗതി ചെയ്യുന്ന 2019 ഓഗസ്റ്റ് ഒന്നിന് മുമ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ റീജിയണല്‍ സ്പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്സ്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ അവസാനിപ്പിച്ചിരുന്നു. പിഎംഎല്‍എ നിയമം നടപ്പില്‍ വന്ന 2005 ജുലൈ ഒന്നിനും 2019 ജുലൈ 31നും ഇടയില്‍ വ്യക്തമായ തെളിവ് കണ്ടത്താനാകാത്ത 1,185 കേസുകളാണ് ഇഡി അവസാനിപ്പിച്ചത്. ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപി ശത്രുഘ്‌നൻ സിൻഹയാണ് 2014 ജൂണ്‍ മുതല്‍ 2025 നവംബര്‍ വരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും ലഭിച്ച ശിക്ഷകളുടെയും വിവരം തേടിയത്.
2019–20 സാമ്പത്തിക വർഷത്തിന് മുമ്പ് രേഖപ്പെടുത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ എണ്ണം 200 കടന്നിരുന്നില്ല. എന്നാല്‍ ആ സാമ്പത്തിക വർഷം അത് 557 ൽ എത്തി. 2020–21 ൽ 996 ആയി കുതിച്ചുയർന്നു, 2021–22 ൽ 1,116 ആയി വർധിച്ചു. 2022–23ല്‍ കേസുകളുടെ എണ്ണം കുറഞ്ഞു. പക്ഷേ പിന്നീട് പ്രതിവർഷം 700 ൽ താഴെ പോയില്ല. 2015 നവംബർ ഒന്നിനും 2025 ജൂൺ 30നും ഇടയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 49 ക്ലോഷർ റിപ്പോർട്ടുകൾ ഇഡി പ്രത്യേക പിഎംഎൽഎ കോടതികളിൽ സമർപ്പിച്ചതായി ജൂലൈയിൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ ചൗധരി പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസുകളുടെ വിശദംശങ്ങള്‍ നല്‍കണമെന്ന് ശത്രുഘ്‌നൻ സിൻഹ ആവശ്യപ്പെടുകയായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ കടുക്കാന്‍ ലക്ഷ്യമിട്ട് ഇഡി നടത്തുന്ന അന്വേഷണം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് 2022ല്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇഡി കേസില്‍ ലഭിച്ച ശിക്ഷകളുടെ എണ്ണം വളരെക്കുറവാണെന്ന് ഈ വർഷം ആദ്യം കോടതി നിരീക്ഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.