24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2023
June 13, 2023
June 11, 2023
June 2, 2023
June 2, 2023
May 31, 2023
May 26, 2023
May 22, 2023
May 7, 2023
May 5, 2023

ഗുസ്തി താരങ്ങളുടെ സമരം: അടിച്ചൊതുക്കാന്‍ കേന്ദ്ര നീക്കം

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2023 10:56 pm

ഗുസ്തി ഫെഡറേഷൻ അധ്യക്ഷന്‍ ബ്രിജ്ഭൂഷൺ ശരണ്‍ സിങ്ങിനെതിരായ ​ഗുസ്തി താരങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള ഡല്‍ഹി പൊലീസ് നീക്കത്തില്‍ വന്‍ പ്രതിഷേധം. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരവധിയാളുകള്‍ ഇന്നലെ ജന്തര്‍ മന്തറിലെ സമരവേദിയിലെത്തി. ഡല്‍ഹി സര്‍വകലാശാലയിലടക്കം നിരവധി കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കായിക സംഘടനകളും യുവജന സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
കഴിഞ്ഞദിവസം അർധരാത്രി ഡൽ‌ഹി പൊലീസ് ​ഗുസ്തി താരങ്ങളെ മര്‍ദിക്കുകയായിരുന്നു. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും അടക്കമുള്ള നിലവിൽ സമരത്തിന്റെ മുൻ‌നിരയിലുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്. സമരപ്പന്തലിലേക്ക് കിടക്കയും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തതോടെ സമരക്കാരെ പൊലീസ് മര്‍ദിക്കുകയായിരുന്നു. ഒരു ഗുസ്തിതാരത്തിന് തലയ്ക്ക് പരിക്കേറ്റു. എഎപി നേതാവ് സോമനാഥ് ഭാരതി അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ സർക്കാരിന് തിരികെ നൽകാൻ തയ്യാറാണെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്‌രംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് സാക്ഷി മാലിക് പറഞ്ഞു. എന്നാൽ, ഒരു സമരക്കാരെയും തടഞ്ഞിട്ടില്ല എന്നാണ് ഡൽഹി പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലീസും അർധസൈന്യവുമടക്കം ജന്തർ മന്തറിൽ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പന്ത്രണ്ടാം ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ഡല്‍ഹി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അതിനിടെ ഇന്നലെ ഗുസ്തി താരം ​ഗീത ഫോ​ഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ​ഗീത ഫോ​ഗട്ടും ഭർത്താവ് പവൻ സരോഹയുമാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായത്. ​ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്ന ജന്തർ മന്തറിലേക്ക് വരുന്നതിനിടെ കർണാലിൽ വച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. വിനേഷ് ഫോ​ഗട്ടിന്റെ ബന്ധുവും മുൻ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവും ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവുമാണ് ഗീത ഫോഗട്ട്.

സമരം തുടരും;സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കി

ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങള്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി. ഗുസ്തിതാരങ്ങളുടെ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. പരാതിക്കാര്‍ക്ക് എന്തെങ്കിലും വിഷയം ഉയര്‍ന്നാല്‍ മജിസ്‌ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഹര്‍ജി നല്‍കിയതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് ഗുസ്തി താരങ്ങളായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, പരാതിക്കാരുടെ മൊഴിയെടുത്തതായി കേന്ദ്രം അറിയിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെയുള്ള മൊഴി രേഖപ്പെടുത്തിയോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി.
പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്കും കേസിലെ മറ്റു പരാതിക്കാര്‍ക്കും സുരക്ഷ നല്‍കിയെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്നും സമരം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുംവരെ തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ബ്രിജ്ഭൂഷണിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. 

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.