
തമിഴ്നാട് മദ്യ അഴിമതിക്കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫെഡറലിസത്തിന് രാജ്യത്ത് എന്ത് സംഭവിക്കുന്നുവെന്നാണ് കേസ് പരിഗണിക്കവേ കോടതി ചോദിച്ചത്. ആരാണ് ഇവിടെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. തമിഴ്നാട്ടിലെ മദ്യ വ്യാപാര രംഗത്തെ പ്രബലശക്തിയായ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) പ്രവർത്തനങ്ങളിൽ ഒന്നിലധികം ക്രമക്കേടുകൾ കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ചോദ്യങ്ങള്‍. രാജ്യത്തെ ഫെഡറൽ ഘടനയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ചോദിച്ച കോടതി, സംസ്ഥാനത്തിന്റെ അന്വേഷണ അവകാശത്തിലേക്ക് കടന്നുകയറുകയല്ലേ നിങ്ങള്‍ ചെയ്യുന്നതെന്നും ചോദിച്ചു. ചീഫ് ജസ്റ്റിസ് ബിആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഇഡിയെ വിമർശിച്ചത്.
സംസ്ഥാന പൊലീസ് കുറ്റകൃത്യം അന്വേഷിക്കുന്നില്ലേ, നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരോട് ഇക്കാര്യം ചോദിക്കാമല്ലോ. എന്തിനാണ് നിങ്ങൾ നേരിട്ട് കേസ് അന്വേഷിക്കുന്നത്? കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ഇഡി അന്വേഷിച്ച നിരവധി കേസുകൾ ഞാൻ കണ്ടു. പക്ഷേ, ഇപ്പോൾ ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അല്ലാത്തപക്ഷം അത് മാധ്യമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മുകുൾ റോഹത്ഗിയുമാണു തമിഴ്‌നാട് സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായത്.
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി പൊലീസ് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ടാസ്മാക് റെയ്ഡ് ചെയ്യാനും കമ്പ്യൂട്ടറുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഇഡിക്ക് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. ടാസ്മാക് ഇടപാടുകളിൽ സംസ്ഥാന പൊലീസ് 47 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. മേയ് മാസത്തിൽ നടന്ന വാദത്തിനിടയിലും സുപ്രീം കോടതി ഇഡിയെ വിമർശിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിൽ നിന്ന് ഇഡിയെ താത്കാലികമായി തടയുകയായിരുന്നു.
എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ മാത്രമാണ് തങ്ങൾ അന്വേഷിക്കുന്നതെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചത്. ടാസ്മാകില്‍ ആയിരം കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്. മാര്‍ച്ചില്‍ കേസുമായി ബന്ധപ്പെട്ട് ടാസ്മാക് ആസ്ഥാനം ഉള്‍പ്പെടെ ആറിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. മേയില്‍ കേസന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് ഇഡിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമായിരുന്നു സുപ്രീം കോടതി നടപടി. ഇഡി നടത്തിയ പരിശോധനയ്ക്കെതിരെ തമിഴ്നാട്ടില്‍ ഭരണത്തിലിരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെതിരായ ഹര്‍ജി പരിഗണിച്ചായിരുന്നു നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.