19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

വിറളിപിടിച്ച ബിജെപി; പ്രതിപക്ഷവേട്ട കടുപ്പിച്ചു

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
October 4, 2023 10:40 pm

ഇന്ത്യ കൂട്ടായ്മയുടെ ആവിര്‍ഭാവത്തോടെ അധികാരം നിലനിര്‍ത്തുക പ്രയാസകരമാണെന്ന് ബോധ്യപ്പെട്ട ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ വേട്ട ശക്തമാക്കി. മാധ്യമവേട്ടയ്ക്ക് പിന്നാലെ ഇഡി, ആദായനികുതി, സിബിഐ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ വട്ടമിടുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ എഎപി രാജ്യസഭാ എംപി സ‍‍ഞ്ജയ് സിങ്ങിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു.

നിരവധി പ്രതിപക്ഷ നേതാക്കളാണ് ഇഡി-സിബിഐ റഡാറിലുള്ളത്. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയോട് ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവ്, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരെ സിബിഐ കേസിലൂടെ പിടികൂടാനുള്ള നീക്കം ഇന്നലെ കോടതി ജാമ്യം അനുവദിച്ചതിലൂടെ താല്‍ക്കാലികമായി തടസപ്പെട്ടു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനെതിരെ ഇഡി അഞ്ചാം തവണയും സമന്‍സ് അയച്ചു. അന്വേഷണത്തിനെതിരെ സൊരേന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബിആര്‍എസ് നേതാവ് കെ കവിതയെയും മദ്യനയക്കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. മഹാദേവ ബെറ്റിങ് തട്ടിപ്പില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വിശ്വസ്തര്‍ക്കെതിരെ അന്വേഷണം തുടങ്ങി. തമി‌ഴ‌്നാട്ടില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി നിലവില്‍ ജയിലിലാണ്. ഇവിടെ കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് നീക്കമുണ്ട്. കര്‍ണാടകയില്‍ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഇഡിയും സിബിഐയും അന്വേഷണം നടത്തുന്ന കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ളതാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

ഇന്നലെ എട്ട് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിങ്ങിന്റെ ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. വ്യവസായി ദിനേഷ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് ഇഡിയുടെ വിശദീകരണം. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പിടിയിലാകുന്ന മൂന്നാമത്തെ പ്രധാന എഎപി നേതാവാണ് സഞ്ജയ് സിങ്. മദ്യനയ അഴിമതിക്കേസില്‍ നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിന്‍ മറ്റൊരു കള്ളപ്പണക്കേസില്‍ അറസ്റ്റിലായി. ന്യൂസ് ക്ലിക്കിനെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയില്‍ പരിശോധന നടത്തുന്നതിനും ഡല്‍ഹി പൊലീസ് ശ്രമിച്ചിരുന്നു.

മണിപ്പൂര്‍ കലാപം, രാജ്യത്തെ ന്യൂനപക്ഷ വേട്ട, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം പ്രതിക്കൂട്ടിലാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫണ്ട് ലഭ്യമാക്കാതെ വികസനം തടയാന്‍ നടത്തുന്ന ശ്രമങ്ങളും പുറത്തുവന്നു. ഏറ്റവും ഒടുവില്‍ ബിഹാറിലെ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചതോടെ ബിജെപി കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന്റെയെല്ലാം ഫലമായി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശകരായ മാധ്യമങ്ങള്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുകയാണ്. നേതാക്കളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish Sum­ma­ry: ED raids on San­jay Singh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.