4 February 2026, Wednesday

തീക്കനലായി ഇടപ്പള്ളി സ്മരണ

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് 75 വയസ് 
ബേബി ആലുവ
കൊച്ചി
February 27, 2025 11:06 pm

ചോര കൊണ്ടെഴുതിയ കമ്മ്യൂണിസ്റ്റ് സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരേടായ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് ഇന്ന് 75 ആണ്ട് തികയുന്നു. 1950 ഫെബ്രുവരി 28നായിരുന്നു ചരിത്ര സംഭവം. പൊലീസ് കസ്റ്റഡിയിൽ നരകയാതനയനുഭവിച്ച് മൃതപ്രായരായിത്തീർന്ന രണ്ട് സഖാക്കളുടെ ജീവനുവേണ്ടി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകർ നടത്തിയ അതിസാഹസികമായ ഇടപെടൽ, പിൽക്കാലത്ത് ക്രിമിനൽ കേസുകളുടെ ചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ടു. ‘കെ സി മാത്യു വേഴ്സസ് സ്റ്റേറ്റ് ’ ലോ കോളജുകളിലും പൊലീസ് ട്രെയിനിങ് കോളജുകളിലും പാഠ്യ വിഷയമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുണ്ടായിരുന്ന നിരോധനം 1947ൽ നീക്കിയെങ്കിലും 48 പകുതി മുതൽ അപ്രഖ്യാപിത നിരോധനമുണ്ടായി. പാർട്ടി നേതാക്കൾ കരുതൽ തടങ്കലിലോ ഒളിവിലോ. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പോണേക്കര പ്രദേശം മുമ്പേ ചുവന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യ യോഗങ്ങൾ മിക്കവാറും ഇവിടം കേന്ദ്രീകരിച്ചായിരുന്നു.

റെയില്‍വേ തൊഴിലാളികൾ 1949 മാർച്ചിലും ഓഗസ്റ്റിലും നവംബറിലുമായി നടത്തിയ മൂന്ന് പണിമുടക്ക് സമരങ്ങൾ ഉരുക്കുമുഷ്ടിയുപയോഗിച്ചാണ് ഭരണകൂടം ഒതുക്കിയത്. 1950 മാർച്ച് ഒമ്പതിന് വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. പണിമുടക്കിന്റെ പ്രാധാന്യം തൊഴിലാളികളിൽ എത്തിക്കുന്നതിൽ വ്യാപൃതരായിരുന്നു പാർട്ടി പ്രവര്‍ത്തകര്‍. അതിനിടെ എൻ കെ മാധവൻ, കെ എ വറുതുകുട്ടി എന്നീ പ്രവര്‍ത്തകര്‍ പൊലീസ് വലയിലായി. ലോക്കപ്പില്‍ അതിക്രൂരമായ മർദനമായിരുന്നു. പിറ്റേന്ന് പുലർച്ചെ 2.15ന് ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ സംഭവിച്ച അരുതായ്കകൾക്ക് കളമൊരുക്കിയത് ആ കൊല്ലാക്കൊലയായിരുന്നു. എട്ട് പൊലീസുകാരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റുകാർ സ്റ്റേഷൻ ആക്രമിക്കാൻ വന്നിരിക്കുന്നു എന്ന് പാതി ഉറക്കത്തില്‍ കേട്ട ആറ് പൊലീസുകാരും ജീവനും കൊണ്ടോടി. ബയണറ്റുമായി ശത്രുക്കൾക്കു നേരെ കുതിച്ച സെൻട്രി മാത്യുവും കോൺസ്റ്റബിൾ വേലായുധനും പരിക്കേറ്റ് വീണു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് ഇടപ്പള്ളിയിലേയ്ക്ക് കുതിച്ചെത്തി. 

കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന തിരക്കില്‍ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാന്‍ വളരെ വൈകിയതിനെ തുടര്‍ന്ന് രണ്ട് പേരും മരിച്ചു. തുടർ ദിവസങ്ങളിൽ എറണാകുളം ജില്ല അക്ഷരാർത്ഥത്തിൽ നരകയാതനയിലായിരുന്നു. 17 പേർ പങ്കെടുത്ത ഇടപ്പള്ളി സംഭവത്തിൽ 33 പ്രതികളുണ്ടായി. 90 ദിവസത്തോളം തുടർച്ചയായി ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിൽ അവർ അതിഭീകരമായ മർദനമേറ്റു. കെ യു ദാസ്, എ വി ജോസഫ് എന്നിവരെ തല്ലിക്കൊന്നു. വിചാരണക്കോടതി വിധി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവ്. പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ രാഷ്ട്രീയ തടവുകാർ എന്ന പരിഗണനയിൽ 1957 ഏപ്രിൽ 12ന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മുഴുവൻ പ്രതികളെയും വിട്ടയച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.