7 December 2025, Sunday

Related news

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

ഇടതോരം കോഴിക്കോട്

അനിൽകുമാർ ഒഞ്ചിയം
കോഴിക്കോട്
November 20, 2025 10:08 pm

കോഴിക്കോടിന് എന്നും ഇടതുമനസാണ്. ഓരോ തെരഞ്ഞെടുപ്പിലും ഈ ഇടതുകൂറ് കൂടുതല്‍ ദൃഢമാകുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിലും സ്ഥിതി മറ്റൊന്നല്ല. കോണ്‍ഗ്രസ്സിന്റേയും മുസ്ലിംലീഗിന്റേയും പരമ്പരാഗത കോട്ടകള്‍പോലും തകരുന്ന കാഴ്ചയ്ക്കാണ് ഏതാനും വര്‍ഷങ്ങളായി ജില്ല സാക്ഷ്യം വഹിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തും കോര്‍പറേഷനും പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കൈകളിലാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് നില മെച്ചപ്പെടുത്തുകയായിരുന്നു. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തോടൊപ്പമാണ് നിലകൊണ്ടത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പ‍ഞ്ചായത്തില്‍ ആകെയുള്ള 27 ഡിവിഷനുകളിൽ എൽഡിഎഫ് പതിനെട്ട് സീറ്റും യുഡിഎഫ് ഒമ്പത് സീറ്റുമാണ് നേടിയത്. 2015ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 11 സീറ്റുകൾ ലഭിച്ചിരുന്നെങ്കിലും 2020ൽ രണ്ട് സീറ്റുകൾകൂടി എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട് കോർപറേഷനിലെ ആകെയുള്ള 75 വാർഡുകളിൽ 50ഉം എൽഡി എഫാണ് നേടിയത്. യുഡിഎഫിനാവട്ടെ 18 വാർഡുകൾ മാത്രമാണ് നേടാനായത്. ബിജെപി ഏഴ് വാർഡുകളിലും വിജയിച്ചു. 2015ലും കോർപറേഷനിൽ ഇതേ കക്ഷിനിലതന്നെയായിരുന്നു. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും നിലവിൽ എൽഡിഎഫാണ് ഭരിക്കുന്നത്. രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് ഭരണം. 2015ൽ യുഡിഎഫ് നാലിടത്ത് അധികാരത്തിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾകൂടി യുഡിഎഫിന് നഷ്ടമായി. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിൽ 43 ഇടത്തും ഇടതുപക്ഷമാണ് ഭരിക്കുന്നത്. 27 ഗ്രാമ പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പമുള്ളത്. ഏഴ് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്ത് എൽഡിഎഫിന്റേയും നാലിടത്ത് യുഡിഎഫിന്റേയും ഭരണസമിതികളാണുള്ളത്. 

കോർപറേഷനിൽ 2020ൽ എൽഡിഎഫിന് 1,43,811 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 1,03,547 വോട്ടും ബിജെപിയ്ക്ക് 73,896 വോട്ടും ലഭിച്ചു. 2015നെ അപേക്ഷിച്ച് 2020ൽ എൽഡിഎഫ് 10,000ത്തോളം വോട്ടുകൾ അധികം നേടിയപ്പോൾ യുഡിഎഫിന് അത്രയും വോട്ടുകൾ കുറയുകയായിരുന്നു. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ 6,56,112 വോട്ടുകൾ നേടി ബഹുദൂരം മുന്നിലെത്തി. യുഡിഎഫിനാകട്ടെ 6,14,154 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി 1,64,728 വോട്ടുകൾ നേടി. യുഡിഎഫിനേക്കാൾ 42,000ൽപ്പരം വോട്ടുകൾ എൽഡിഎഫ് കൂടുതൽ നേടി. 2015ലെ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടുകളാണ് 2020ല്‍ എൽഡിഎഫിന് അധികം ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ 11 ഇടത്തും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രണ്ടിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയം നേടാനായത്. 15 വര്‍ഷമായി ജില്ലയില്‍ ഒരു നിയമസഭാ മണ്ഡലങ്ങളിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ മുസ്ലിംലീഗ്, ആര്‍എംപി സ്ഥാനാര്‍ത്ഥികളാണ് ചെറിയ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പു പോരും ശക്തമായിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുലര്‍ത്തുന്ന ഏകാധിപത്യത്തിനെതിരെ പലയിടങ്ങളിലും പ്രാദേശിക നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ജില്ലയിലെ വിവിധ തദ്ദേശ വാര്‍ഡുകളിലായി അമ്പതിലേറെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിനകം വിമതരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അത് ഇനിയും തുടരുമെന്നുതന്നെയാണ് കണക്കാക്കുന്നത്. കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് കൗണ്‍സിലര്‍ രാജിവച്ച് ആംആദ്മി പാര്‍ട്ടയില്‍ ചേരുന്നതിനും നഗരം സാക്ഷ്യം വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരിലൊരാളും പാര്‍ട്ടിവിട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കം കോഴിക്കോട് ഡിസിസിയില്‍ പല ദിവസങ്ങളിലും സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി. ഏറ്റവുംഒടുവില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് നഗരത്തില്‍ വോട്ടില്ലെന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. കോണ്‍ഗ്രസിലെന്നപോലെ മുസ്ലിംലീഗിലും തെരഞ്ഞെടുപ്പോടെ വിഭാഗീയത രൂക്ഷമായി. ലീഗ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ രാജിവച്ച് ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കവും യുഡിഎഫിന് തിരിച്ചടിയാണ്. വർഗീയ കക്ഷിയുമായുണ്ടാക്കുന്ന സഖ്യത്തിനെതിരെ മുന്നണിക്കകത്ത് വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. 

എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകട്ടെ എല്ലാ തദ്ദേശ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഗൃഹ സന്ദര്‍ശനവും വാര്‍ഡ്, പഞ്ചായത്ത് കണ്‍വന്‍ഷനുകളുമായി എല്‍ഡിഎഫ് ജില്ലയിലുടനീളം സജീവമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ വികസനത്തിന്റെ വെള്ളിവെളിച്ചം എല്ലാപ്രദേശങ്ങളിലും എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് നൽകിയത്. ഒപ്പം നാടിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ സമഗ്ര വികസന ‑ജനക്ഷേമ പദ്ധതികളും ഇടതുപക്ഷത്തിന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തിട്ടുള്ളത്. ഇത്തവണ ഗ്രാമ‑ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനിലുമായി ജില്ലയിലാകെ 1903 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിൽ 971 സീറ്റ് വനിതാ സംവരണമാണ്. 70 ഗ്രാമ പഞ്ചായത്തുകളിലായി 1343 മെമ്പർമാരാണ് ഇത്തവണയുണ്ടാകുക. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 183 മെമ്പർമാരെയും ഏഴ് നഗരസഭകളിലായി 273 കൗൺസിലർമാരെയും തെരഞ്ഞെടുക്കണം. ജില്ലാ പ‍ഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 27ൽ നിന്നും ഇത്തവണ 28 ആയി വർധിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർമാരുടെ എണ്ണവും 75ൽനിന്നും ഒന്ന് വർധിച്ച് 76 ആയി. ജില്ലയിൽ ഇത്തവണ 26.58 ലക്ഷം വോട്ടർമാരാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.