
രാജ്യത്തെ വിദ്യാഭ്യാസ ചെലവുകൾ കുതിച്ചുയരുമ്പോഴും വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത ചുരുങ്ങുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. വിദ്യാഭ്യാസ വായ്പകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയും എന്നാൽ മൊത്തം വായ്പാ കുടിശിക കുത്തനെ വർധിക്കുകയും ചെയ്തതോടെ ഉന്നത വിദ്യാഭ്യാസം കൂടുതൽ സാധാരണക്കാർക്ക് അപ്രാപ്യമാവുകയാണെന്ന് വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, കായികം എന്നിവ സംബന്ധിച്ച പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി.2014ൽ 23.36 ലക്ഷമായിരുന്ന വിദ്യാഭ്യാസ വായ്പകളുടെ എണ്ണം 2025ൽ 20.63 ലക്ഷമായി കുറഞ്ഞു. വായ്പാ ലഭ്യത കുറയുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവിൽ, മൊത്തം വായ്പാ കുടിശിക ഏകദേശം 52,327 കോടി രൂപയിൽ നിന്ന് 1,37,474 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം കുടിശിക തുക 40% കണ്ട് വർധിച്ചുവെന്നാണ് കണക്ക്.
വിദ്യാർത്ഥികളുടെ എണ്ണം കുറയുമ്പോഴും കുടിശിക വർധിക്കുന്നത് സൂചിപ്പിക്കുന്നത്, വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നതിനാൽ വിദ്യാർത്ഥികൾക്ക് മുമ്പത്തേക്കാൾ വലിയ തുക വായ്പയായി എടുക്കേണ്ടി വരുന്നു എന്നാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വിദ്യാഭ്യാസ വായ്പയുടെ ലഭ്യത കുറയുന്നത് അർഹരായ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നതിലേക്ക് വഴിവയ്ക്കുമെന്നും സമിതി ആശങ്ക രേഖപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ ‘പ്രധാനമന്ത്രി വിദ്യാലക്ഷ്മി യോജന’ യുടെ നടത്തിപ്പിലെ പാളിച്ചകളും സമിതി ചൂണ്ടിക്കാട്ടി. 2025 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വിദ്യാലക്ഷ്മി യോജന പ്രകാരം വകയിരുത്തിയ 4,427 കോടി രൂപയിൽ കേവലം 15% മാത്രമേ വിതരണം ചെയ്തിട്ടുള്ളു. ഈ കാലയളവിൽ ലഭിച്ച 55,887 അപേക്ഷകളിൽ 30,442 പേർക്കാണ് വായ്പ അനുവദിച്ചത്. എന്നാൽ ആനുകൂല്യം കൈകളിലെത്തിയത് 21,976 പേർക്ക് മാത്രമായിരുന്നു. ഈ രീതി ഗ്രാമീണ, താഴ്ന്ന വരുമാനമുള്ള വിദ്യാർത്ഥികളെ കൂടുതൽ ദോഷകരമായി ബാധിക്കുന്നതായും സമിതി വിലയിരുത്തി.
തിരിച്ചടവ് വ്യാപകമായി മുടങ്ങുന്നത് എന്‍ജിനീയറിങ്, നഴ്സിങ് മേഖലകളിലാണ്. വിദ്യാഭ്യാസ വായ്പയുടെ ഏറിയ പങ്കും എടുക്കുന്നത് എന്‍ജിനീയറിങ് ബിരുദധാരികളാണ്. അവരിൽ പലരും തൊഴിൽ രഹിതരായി തുടരുകയോ അല്ലെങ്കിൽ പ്രതിമാസം 10,000 രൂപ മുതൽ 12,000 രൂപ വരെ കുറഞ്ഞ ശമ്പളമുള്ള ജോലികൾ ചെയ്യേണ്ടി വരികയോ ചെയ്യുന്നു. ഇതാണ് വായ്പാ തിരിച്ചടവ് മുടങ്ങുന്നതിന് അടിസ്ഥാന കാരണമെന്നും വിദ്യാഭ്യാസ വിദഗ്ധൻ എൻ വി വർഗീസ് പറഞ്ഞു.
ഗ്രാമീണ മേഖലകളിലെ താഴ്ന്ന വരുമാനക്കാരായ വിദ്യാർത്ഥികൾക്ക് വായ്പ നിഷേധിക്കപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ വായ്പകൾക്ക് പോലും ഈട്/ഗ്യാരന്റി ആവശ്യപ്പെടുന്നു, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ. സർക്കാർ ഗ്യാരന്റി, സബ്സിഡി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മതിയായ അവബോധമില്ലാത്തത്. ബാങ്കിന്റെ നിസഹകരണം തുടങ്ങിയ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും വായ്പ അനുവദിക്കുന്നതിൽ മുൻഗണന നൽകണമെന്നും സമിതി ശുപാർശ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.