15 February 2026, Sunday

ബജറ്റില്‍ അനുവദിച്ച 3,709 കോടി വിഭ്യാഭ്യാസ മന്ത്രാലയം പാഴാക്കി

Janayugom Webdesk
ന്യൂഡൽഹി
February 15, 2026 10:17 pm

രാജ്യത്തെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, അനുവദിക്കപ്പെട്ട ബജറ്റ് വിഹിതത്തിൽ 3,709 കോടി രൂപ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാഴാക്കി. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നാണ് ഈ വീഴ്ച.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ബജറ്റ് വിഹിതം പൂർണമായി ഉപയോഗിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം പരാജയപ്പെടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019–20 സാമ്പത്തിക വർഷത്തിൽ 5,324 കോടിയാണ് മന്ത്രാലയം പാഴാക്കിയത്. 2021–22‑ൽ ഇത് 7,171 കോടിയായി ഉയർന്നു. 2024–25ല്‍ 3,709 കോടി വിനിയോഗിക്കാതെ ബാക്കിവച്ചു. 2021–22ൽ 93,224 കോടിയായിരുന്ന ബജറ്റ് വിഹിതം 2026–27ൽ 1,39,289 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ കടലാസിലെ ഈ വർധനവ് പ്രായോഗികമായി സ്ഥാപനങ്ങളിൽ എത്തുന്നില്ല. 

യുജിസി ഗ്രാന്റുകൾ വെട്ടിക്കുറച്ചതോടെ ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ ബാധ്യതയിലാണ്. പുതിയ കോഴ്സുകൾ തുടങ്ങാൻ ഫണ്ട് നൽകാത്തതിനാൽ പല സർവകലാശാലകളും ‘സ്വാശ്രയ’ മാതൃകയിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. ബാധ്യത നികത്താൻ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫീസിൽ വലിയ വർധനവ് വരുത്തുന്നു. ഇത് സാധാരണക്കാരായ വിദ്യാർത്ഥികളെ വിദ്യാഭ്യാസ വായ്പകളിലേക്ക് തള്ളിവിടുന്നുവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പ്രീ-മെട്രിക്, മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പുകളുടെ വിതരണവും ഏതാനും വര്‍ഷങ്ങളായി മന്ദഗതിയിലാണ്. സ്കോളർഷിപ്പ് വിനിയോഗം ഇപ്പോൾ 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞു.

2035ഓടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 50% പ്രവേശന അനുപാതം കൈവരിക്കുമെന്നും ഡിജിറ്റൽ ക്ലാസ് മുറികൾ യാഥാർത്ഥ്യമാക്കുമെന്നുമാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ അനുവദിച്ച തുക പോലും കൃത്യമായി ചെലവഴിക്കാത്തത് ഈ ലക്ഷ്യങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.