15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 20, 2023
September 17, 2023
September 14, 2023

ഉക്രെയ്‌നിൽ മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളെ വീണ്ടും ചൂഷണം ചെയ്യാൻ ഒരുങ്ങി വിദ്യാഭ്യാസ ഏജൻസികൾ രംഗത്ത്

സ്വന്തം ലേഖകൻ
കൊച്ചി
September 22, 2022 3:34 pm

റഷ്യൻ യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ ഉക്രെയ്‌നിൽ മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളെ വീണ്ടും ചൂഷണം ചെയ്യാൻ ഒരുങ്ങി വിദ്യാഭ്യാസ ഏജൻസികൾ രംഗത്ത്. വിദ്യാർഥികൾക്ക് ഉക്രെയ്‌നിൽ പഠനത്തിന് ക്രമീകരണം ഒരുക്കി നൽകിയ ഏജൻസികളും അവിടുത്തെ സർവകലാശാലകളുടെ ഏജൻറുമാരായി പ്രവർത്തിക്കുന്നവരുമാണ് തുടർപഠനം പ്രതിസന്ധിയിലായി നിൽക്കുന്ന വിദ്യാർഥികളെ ചൂഷണം ചെയ്യാൻ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ തുടർപഠന സാധ്യത തെളിയുമ്പോഴാണ് അവസരം മുതലാക്കി ചൂഷണത്തിന് ഇവർ രംഗത്തിറങ്ങിയിട്ടുള്ളത്. ദേശീയ മെഡിക്കൽ കമീഷൻ അംഗീകരിച്ച അക്കാദമിക് മൊബിലിറ്റി പദ്ധതി പ്രകാരം 29 രാജ്യങ്ങളിലെ മെഡിക്കൽ സർവകലാശാലകളിലാണ് ഉക്രെയ്‌നിൽ നിന്ന് യുദ്ധം മൂലം മടങ്ങിയ പതിനെട്ടായിരത്തോളം വരുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് സാധ്യത തെളിഞ്ഞിട്ടുള്ളത്. എന്നാൽ, ഇതിൽ ഇഷ്ട രാജ്യവും സർവകലാശാലയും തെരഞ്ഞെടുക്കാനുള്ള വിദ്യാർഥികളുടെ നീക്കത്തെയാണ് ഇവിടുത്തെ വിദ്യാഭ്യാസ ഏജൻസികൾ അട്ടിമറിക്കാൻ ഒരുങ്ങുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തും മറ്റും പഠനത്തിന് പോയ വിദ്യാർഥികൾ ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്. ഏറെക്കുറെ മുഴുവൻ വിദ്യാർഥികളും വിദേശത്ത് അഡ്മിഷൻ ശരിയാക്കി നൽകുന്ന ഏജസികൾ വഴി ഉക്രെയ്‌നിൽ പഠനത്തിന് പോയവരാണ്. ഇവർ തുടർ പഠനത്തിന് പോകാൻ ഇതേ ഏജൻസികളെ സമീപിക്കുമ്പോഴാണ് അവർ ചൂഷണത്തിന്റെ മുഖം പുറത്തെടുക്കുന്നത്. തങ്ങൾ നിർദേശിക്കുന്ന രാജ്യത്ത് തുടർ പഠനം നടത്തണമെന്നാണ് ഇവർ ആദ്യം നിർദേശിക്കുന്നത്. താജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇവർ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അടുത്ത കാലത്ത് മാത്രം സജീവമായ രാജ്യങ്ങളാണിവ. ഉക്രെയ്‌നിൽ പഠിച്ചിരുന്ന ആയിരക്കണക്കിന് വിദ്യാർഥികളെ ഒറ്റയടിക്ക് ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ലെന്നാണ് വിവരം. ഇവിടത്തെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ചും പല രക്ഷിക്കാക്കൾക്കും ആശങ്കയുമുണ്ട്. എന്നാൽ ഈ രാജ്യങ്ങളിലേക്കല്ലാതെ മാറ്റം അനുവദിക്കില്ലെന്നാണ് ഏജൻസിക്കാർ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ, ഉക്രൈൻ സരവകലാശാലകൾ ഇത്തരത്തിൽ ഒരു നിബന്ധന മുന്നോട്ട് വെക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഏജൻസികൾ സമ്മർദം തുടരുമ്പോൾ നിസഹായാവസ്ഥയിലാണ് രക്ഷിതാക്കൾ. ഉക്രെയ്‌നിലെ സർവകലാശാലകളുടെ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നവരും ഏജൻസികൾക്ക് ഒത്താശയുമായി രംഗത്തുണ്ട്. പഠനം മറ്റൊരു രാജ്യത്താണെങ്കിലും ബിരുദം നൽകുന്നത് ഉക്രെയ്‌ൻ സർവകലാശാല തന്നെയായിരിക്കുന്നതിനാൽ ഏജൻസികളുടെയും കോർഡിനേറ്റർമാരുടേയും ചൂഷണ നിലപാടിനെതിരെ പരസ്യമായി രംഗത്തുവരാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. പഠനം തുടരാൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെങ്കിൽ ഉടൻ ഒരുലക്ഷം രൂപ അടക്കേണ്ടി വരുമെന്നും ഏജൻസിക്കാർ അറിയിക്കുന്നുണ്ട്. യുദ്ധ സമയത്ത് പുസ്തകങ്ങളും വസ്ത്രങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഓരോ വിദ്യാർഥിക്കും അവിടെ ഉപേക്ഷിച്ച് പോരേണ്ടി വന്നത്. മറ്റൊരു രാജ്യത്ത് പഠനം തുടരാൻ അനുമതി ലഭിച്ചാൽ എല്ലാം പുതുതായി വാങ്ങേണ്ടി വരും. ഇതിനുള്ള പണം കണ്ടെത്താൻ പുതിയ വായ്പകൾ വേണ്ടി വരുന്ന സാഹചര്യത്തിലാണ് അവസരം മുതലാക്കി ചൂഷണത്തിന് ഏജൻസികൾ ഒരുങ്ങുന്നത്. യുദ്ധ സമയത്ത് ഫോൺ വിളിച്ചാൽ പോലും എടുക്കാതിരുന്ന ഏജൻസിക്കാർ തുടർപഠനം ഏത് രാജ്യത്ത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള വിദ്യാർഥികളുടെ അവസരം കൂടിയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

Eng­lish sum­ma­ry; Edu­ca­tion­al agen­cies try­ing to exploit Indi­an stu­dents who are doing med­ical stud­ies in Ukraine

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.