15 November 2024, Friday
KSFE Galaxy Chits Banner 2

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഫലപ്രാപ്തി

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 6, 2024 4:45 am

ന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ മുന്‍കയ്യെടുത്തതിനെ തുടര്‍ന്നാണല്ലോ 2030നകം ഏതാനും ചില സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജികള്‍) സാക്ഷാത്ക്കരിക്കണമെന്നൊരു തീരുമാനത്തിലെത്തിയത്. നാം ഇതുവരെയായി നേടിയിട്ടുള്ള വികസനം സുസ്ഥിരമാക്കി മാറ്റാന്‍ കഴിയും എന്നതാണ് പ്രതീക്ഷ. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ — ‘സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഗോള്‍ഡ്’ — എന്നതിലൂടെ 2030നകം 17ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്നാണ് പദ്ധതി ഇട്ടിരുന്നത്. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനിയും ആറുവര്‍ഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നിരിക്കെ ഇതുവരെയായി അതിലൊന്നുപോലും നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
സമീപകാലത്ത് ചേര്‍ന്ന ഗ്ലോബല്‍ സൗത്ത് ഉന്നതതലത്തില്‍ ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഈ പ്രശ്നത്തിലേക്ക് സമ്മേളനത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. നിര്‍ദിഷ്ട എസ്ഡിജികള്‍ സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുന്നതിന് നിലവിലുള്ള സാമ്പത്തിക നയസമീപനത്തില്‍ ഒരു പരിവര്‍ത്തനം അനിവാര്യമാണെന്നും ധനമന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തവരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യാതിരുന്നില്ല. ഈ പരിവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതിന് അവശ്യം വേണ്ടത് സ്വകാര്യ പൊതുനിക്ഷേപ വര്‍ധനവാണ്. ഇത് അതിവേഗ വര്‍ധനവുതന്നെ ആയിരിക്കുകയും വേണം. ഇന്നത്തെ അനുഭവത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം കിട്ടുന്നതിന് വേറെ കുറുക്കുവഴികളൊന്നുമില്ല. 

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് പ്രത്യേക ധനകാര്യ സഹായവും ആവശ്യമാണ്. ഇതിലേക്കായുള്ള ഏക ആശ്രയം വായ്പകളാണ്. ഇത്തരം വായ്പകള്‍ക്ക് പലിശ അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേകമായ ഇളവുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. തന്മൂലം നിലവിലുള്ള വായ്പാ ബാധ്യതകളില്‍ വര്‍ധനവുണ്ടാകുമെന്നത് ഉറപ്പാണല്ലോ. ഇന്ത്യക്കും ഇത് ബാധകമായിരിക്കും. ഇന്നത്തെ നിലയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള താണവരുമാന രാജ്യങ്ങളില്‍ 60ശതമാനവും പ്രതിവര്‍ഷം കടവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായിട്ടാണ് പണം ചെലവഴിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്കായി അഞ്ചിരട്ടി തുകയാണ് പാഴാക്കിക്കളയുന്നത്. ഈ രണ്ടിനം ചെലവിലുമുണ്ടാകുന്ന വര്‍ധന വികസനത്തെയായിരിക്കുമല്ലോ പ്രതികൂലമായി ബാധിക്കുക.
2024ല്‍ ഐക്യരാഷ്ട്ര സഭ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരുന്നു. “ഫൈനാന്‍സിങ് ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്” എന്ന പേരില്‍ ഒരു രേഖ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. ഈ എഫ്എസ്ഡിആര്‍ നല്‍കുന്ന സൂചന, പ്രത്യേകമായി വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വികസ്വര രാജ്യങ്ങള്‍ കൂടുതലായി പ്രതിവര്‍ഷം നാല് ലക്ഷം കോടി‍ ഡോളര്‍ നിക്ഷേപമേഖലയില്‍ മുടക്കേണ്ടിവരുമെന്നാണ്. ഇതില്‍ത്തന്നെ പകുതിയിലേറെ — 2.2ലക്ഷം കോടി‍ ഡോളര്‍ — നിക്ഷേപം ഊര്‍ജമേഖലാ മാറ്റങ്ങള്‍ക്കായി മാത്രം ചെലവാക്കേണ്ടിവരുമത്രെ.
സാങ്കേതിക വിദ്യ പുതുക്കല്‍, ഊര്‍ജ കാര്യക്ഷമതാ വര്‍ധന തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ വേണ്ടിവരിക. ഇതിലൂടെ ഏഴാമത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അതായത്, ശുദ്ധവും പുതുക്കാന്‍ കഴിയുന്നതുമായ ഊര്‍ജം മാത്രമല്ല കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അധികം ചെലവുകളും കൂടി നിര്‍വഹിക്കേണ്ടിവന്നേക്കാം. ഇതിനുപുറമെ, നല്ലൊരു തുക നിക്ഷേപമെന്ന നിലയില്‍ ജലവിതരണം, ശുചീകരണം, ആന്തരഘടനാ വികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായും കണ്ടെത്തേണ്ടിവരും. ഇതെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന ചെലവില്‍ ലഭ്യമാക്കുകയും വേണം. ഇത്രയുമധികം മൂലധന നിക്ഷേപത്തിനു പുറമെ, 2022ല്‍ വികസിത രാജ്യങ്ങള്‍, വികസ്വര രാജ്യങ്ങള്‍ക്കായി മാത്രം 11,590കോടി‍ ഡോളര്‍ പ്രത്യേകം കണ്ടെത്തി നല്‍കിയിരുന്നു. ഈ തുക തന്നെ യഥാര്‍ത്ഥത്തില്‍ വികസ്വര രാജ്യങ്ങള്‍ക്കാവശ്യമുള്ള ദേശീയ വികസന നിക്ഷേപ ആവശ്യത്തിന്റെ ഭാഗികമായ നിര്‍വഹണത്തിനു മാത്രമേ പര്യാപ്തമാകുന്നുള്ളു എന്നതാണ് വസ്തുത. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ആഗോളതലത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയാണ് കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങള്‍ നേരിടുന്നതില്‍ സാമാന്യം ഭേദപ്പെട്ട മുന്നേറ്റം നടത്തിയിരിക്കുന്നത്. 2026ആകുന്നതോടെ കാര്‍ബണ്‍ ക്രെഡിറ്റ് വ്യാപാര പദ്ധതിക്ക് അര്‍ത്ഥവത്തായൊരു നീക്കം നടത്തുന്ന ഒരു രാജ്യം ഇന്ത്യയായിരിക്കും. ഇതോടൊപ്പം സൗരോര്‍ജത്തിനും കാറ്റാടിയന്ത്രങ്ങള്‍ വഴിയുള്ള ഊര്‍ജത്തിനും നാം മുന്തിയ പ്രാധാന്യമായിരിക്കും നല്‍കുക. ഹൈഡ്രജന്റെ ഉല്പാദനവും വന്‍തോതില്‍ ഉയര്‍ത്താനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം തന്നെ ഹരിത ഊര്‍ജമെന്ന ലക്ഷ്യത്തിലേക്കുള്ള മാറ്റത്തിന് സുഗമമായ വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ഊര്‍ജാവശ്യങ്ങള്‍ക്കായി ഇന്ധനമെന്ന നിലയില്‍ മറ്റ് മാര്‍ഗങ്ങളാണ് സ്വീകരിക്കുകയെങ്കില്‍ പരിസ്ഥിതി മലിനീകരണത്തിനും വായു മലിനീകരണത്തിനും ഇടയാക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയുമായിരിക്കും ചെയ്യുക.
ഇതെല്ലാം ശരിയാണെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ ഐഎംഎഫിന്റെ ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ക്ക് തടയിടുന്നതിലേക്ക് നാം പ്രതിവര്‍ഷം ജിഡിപിയുടെ നാലു മുതല്‍ എട്ട് ശതമാനം വരെയെങ്കിലും നീക്കിവയ്ക്കേണ്ടിവരും. ഇത് നിസാരമായൊരു ബാധ്യതയായിരിക്കില്ല. ഇത്രയും വലിയൊരു നിക്ഷേപം സ്വകാര്യ മേഖലയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. അതുകൊണ്ടുതന്നെ ഈ ബാധ്യത മുഴുവനായും സര്‍ക്കാര്‍ ഏറ്റെടുക്കാനും നിര്‍ബന്ധിതമാകും. ഇതിലേക്കായി നിലവിലുള്ള ധനകാര്യ മേഖലാ നിക്ഷേപ മുന്‍ഗണനകളും നിക്ഷേപ മാതൃകകളും മൊത്തത്തില്‍ പൊളിച്ചെഴുതേണ്ടതായും വരും. തൊലിപ്പുറത്തുള്ള മാറ്റങ്ങള്‍ പര്യാപ്തമാവില്ല. 

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തേടുന്നതില്‍ ഇന്ത്യയുടെ നേട്ടങ്ങളുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാര്‍ നിതി ആയോഗ് വഴി തയ്യാറാക്കിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് നമ്മുടെ സ്കോര്‍ 2023–24ല്‍ 71ല്‍ എത്തിയിരിക്കുന്നു എന്നാണ്. കോവിഡ് ഒരുക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് നല്ലൊരു പുരോഗതിയാണ്. 2020–21ല്‍ 66ഉം 2017–18ല്‍ 57ഉം മാത്രമായിരുന്നു സ്കോര്‍. അതേയവസരത്തില്‍ 2030ആകുമ്പോഴേക്ക് മുഴുവന്‍ ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഇന്ത്യ ഇനിയും ഇക്കാര്യത്തില്‍ ഒട്ടേറെ വേഗത കൈവരിക്കാതെ തരമില്ല.
ഭേദപ്പെട്ട നേട്ടത്തിന് അര്‍ഹമായതിനുള്ള പ്രധാന കാരണങ്ങള്‍ ആരോഗ്യ – ക്ഷേമ മേഖലകള്‍, ശുദ്ധ ഊര്‍ജം, നഗരമേഖലാ വികസനം തുടങ്ങിയവയില്‍ നേടാനായ പുരോഗതിയാണെന്ന് അംഗീകരിക്കുമ്പോഴും, ശക്തമായ തിരിച്ചടി നേരിടേണ്ടിവന്നത് സാമ്പത്തിക അസമത്വങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാലാണെന്നത് ശ്രദ്ധേയമാണ്. ഇതിനര്‍ത്ഥം സാമ്പത്തിക – സാമൂഹ്യ – ആരോഗ്യ മേഖലകളിലെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടണമെന്നാണ്. അതായത് സുസ്ഥിര വികസനത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തണമെങ്കില്‍ സാമൂഹ്യസുരക്ഷാ വലയം കൂടുതല്‍ വിപുലീകരിക്കണമെന്നാണ്. കൂടുതല്‍ സുതാര്യത കൈവരിക്കുകയും വേണം.
വികസനത്തിന്റെ ലക്ഷ്യം ഭൂരിഭാഗം ജനതയ്ക്കും നേട്ടങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും നിലവിലുള്ള ധനസ്ഥിതിയും കടബാധ്യതയും ഈ പ്രക്രിയ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒട്ടും സഹായകമാവില്ലെന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ പൊതു ധനകാര്യ മാനേജ്മെന്റില്‍ അടിമുടി പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഈ വിഷയത്തില്‍ അവസാന വാക്ക് ധനകാര്യ കമ്മിഷന്റെതാണ്. പുതിയ കമ്മിഷന്റെ റിപ്പോര്‍ട്ടും ശുപാര്‍ശകളും വരുന്നതുവരെ കാത്തിരിക്കുകതന്നെ. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.