26 June 2024, Wednesday
KSFE Galaxy Chits

നെല്ല്‌ സംഭരണം കാര്യക്ഷമം

Janayugom Webdesk
തിരുവനന്തപുരം
June 10, 2024 10:46 pm

നടപ്പ്‌ സീസണിൽ കാര്യക്ഷമമായി നെല്ല്‌ സംഭരണം നടത്താൻ സപ്ലൈകോയ്ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. 1100 കോടിയോളം രൂപ കർഷകർക്ക്‌ വിതരണം ചെയ്‌തു. 500 കോടിയോളം രൂപ മാത്രമാണ്‌ നെല്ല്‌ സംഭരിച്ച വകയിൽ നൽകാനുള്ളത്‌. കേന്ദ്രസർക്കാർ നൽകേണ്ട 1070 കോടി രൂപ നൽകിയിട്ടില്ല. കൃത്യമായി പി ആർഎസ്‌ വായ്പയായി തുക കൊടുത്ത്‌ കൊണ്ടിരിക്കുകയാണ്‌. എത്രയും വേഗത്തിൽ തുക മുഴുവൻ കർഷകർക്ക്‌ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 23.68 ലക്ഷം പേരാണ്‌ സപ്ലൈകോ ഔട്ട്‌ലറ്റുകളിൽനിന്നായി ശബരി കെ റൈസ്‌ വാങ്ങിയതെന്ന്‌ മന്ത്രി നിയമസഭയെ അറിയിച്ചു. ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി 30 രൂപയ്ക്കുമാണ്‌ നൽകുന്നത്‌. പൊതുവിപണിയിൽനിന്ന്‌ വാങ്ങുന്ന അരി 12 രൂപ കുറച്ചാണ്‌ ആളുകൾക്ക്‌ എത്തിക്കുന്നത്‌. കേരളത്തിന്‌ ആവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 20 ശതമാനം മാത്രമാണ്‌ ഇവിടെ ഉല്പാദിപ്പിക്കുന്നത്‌. ഉച്ചഭക്ഷണത്തിന്‌ ഉപയോഗിക്കാൻ കഴിയുന്ന നല്ലയിനം അരി വിതരണം ചെയ്യുക എന്നതാണ് കെ റൈസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. 1,17,600 ക്വിന്റൽ അരിയാണ്‌ വിതരണം ചെയ്‌തത്‌. ഇതിനായി 34.71 കോടി രൂപ ചെലവ്‌ വന്നു. ഇതിലൂടെ സപ്ലൈകോയ്ക്ക്‌ ഉണ്ടായ ബാധ്യത 14.12 കോടിയാണെന്നും മന്ത്രി പറഞ്ഞു. 

ശക്തമായ വിപണി ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയില്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായി കഴിഞ്ഞവർഷം നവംബറിൽ സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. ജില്ലാതലങ്ങളിൽ കളക്ടർമാർ, ഭക്ഷ്യ, കൃഷി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ എല്ലാമാസവും യോഗം ചേർന്ന്‌ ശുപാർശകൾ സഹിതമുള്ള റിപ്പോർട്ട്‌ ഭക്ഷ്യ പൊതുവിതരണ കമ്മിഷണർക്ക്‌ നൽകി വരുന്നു. ഈ റിപ്പോർട്ടുകൾ ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ശുപാർശകൾ പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിനായി ഉന്നതതല കമ്മിറ്റിക്ക്‌ സമർപ്പിക്കുന്നുണ്ട്‌.

2016 ൽ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന്‌ മുമ്പ്‌ 16 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യം കേരളത്തിന്‌ ലഭിച്ചിരുന്നു. നിലവിൽ 14.25 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യം മാത്രമാണ്‌ നിലവിൽ ലഭിക്കുന്നത്‌. ടൈഡ്‌ ഓവർ വിഹിതമായി ലഭിക്കുന്ന ഭക്ഷ്യധാന്യത്തിലും കുറവ്‌ വരുത്തി. പ്രസ്‌തുത വിഹിതം വർധിപ്പിച്ച്‌ നൽകണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാൽ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. ഓപ്പൺ മാർക്കറ്റ്‌ സെയിൽസ്‌ സ്‌കീം വഴി സബ്‌സിഡി പ്രകാരമുള്ള ഭക്ഷ്യധാന്യം എഫ്‌സിഐയിൽനിന്ന്‌ ടെൻഡർ നടപടി പ്രകാരം വാങ്ങാൻ സർക്കാർ ഏജൻസികൾക്ക്‌ സാധിക്കുന്നുമില്ല. വർഷത്തിൽ 40 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യം കേരളത്തിന്‌ ആവശ്യമുണ്ട്‌. സംസ്ഥാനത്ത്‌ ആവശ്യമായതിന്റെ 20 ശതമാനം മാത്രമാണ്‌ ഉല്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ കൈവശം ഉണ്ടായിരുന്നതും സറണ്ടർ ചെയ്‌തതും പരിശോധനയിലൂടെ സർക്കാരിലേക്ക്‌ ലഭിച്ചതുമായ 4,21,863 മുൻഗണനറേഷൻ കാർഡുകൾ അർഹരായവർക്ക്‌ ഇക്കാലയളവിൽ വിതരണം ചെയ്‌തതായും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു.

Eng­lish Summary:Efficient rice storage

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.