രാജ്യാന്തര സിറോ വേസ്റ്റ് ദിനമായ മാർച്ച് 30നുള്ളിൽ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ആധുനിക ശാസ്ത്രീയ സംവിധാനങ്ങളുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ കൊച്ചി നഗരസഭയിലെ രവിപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ആരംഭിക്കുന്നതോടൊപ്പം പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതുൾപ്പെടെയുള്ള പൊതുജന മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. ബ്രഹ്മപുരം ഒരു പൂങ്കാവനമാക്കി മാറ്റുന്നതിനാണ് സർക്കാരും നഗരസഭയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അജൈവമാലിന്യ സംസ്കരണത്തിനായി ആരംഭിച്ച അഞ്ചാമത്തെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററാണ് മന്ത്രി ഉദ്‌ഘാടനം ചെയ്തത്. രവിപുരം ഡിവിഷനിലെ കെഎസ്എൻ മേനോൻ റോഡിൽ, 2,200ചതുരശ്രയടി വിസ്തൃതിയിൽ സ്ഥാപിച്ചിട്ടുള്ള ആർആർഎഫിൽ പ്രതിദിനം അഞ്ചുടൺ അജൈവമാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സിന്തൈറ്റ് ഇന്റസ്ട്രീസ് ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് സജ്ജമാക്കിയ ഇതിന്റെ നടത്തിപ്പുചുമതല ഗ്രീൻ വേംസ് എന്ന സ്ഥാപനത്തിനാണ്.
മേയർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരം സമിതി അധ്യക്ഷരായ പി ആർ റെനീഷ്, വി എ ശ്രീജിത്ത്, കൗൺസിലർ എസ് ശശികല, സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. വിജു ജേക്കബ്, ഗ്രീൻ വേംസ് സിഇഒ ജാബിർ കാരാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.