30 January 2026, Friday

Related news

January 30, 2026
January 29, 2026
January 29, 2026
January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 20, 2025

കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം: കെ ജെ ജേക്കബ്

Janayugom Webdesk
കുവൈറ്റ് സിറ്റി
January 30, 2026 3:16 pm

രാഷ്ട്രീയത്തിൽ മതം കലർത്തി കേരളത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ. ജേക്കബ് പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാമത് വാർഷിക പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ സനൽകുമാർ നഗറിൽ വെച്ചായിരുന്നു പൊതുസമ്മേളനം നടന്നത്. വർഗീയവാദികൾ കൊടികുത്തി നേടിയതല്ല കേരളം; മറിച്ച് പുരോഗമന-ജനാധിപത്യ ശക്തികളുടെ പോരാട്ടത്തിലൂടെ നേടിയ ചരിത്രമാണ് ഇന്നത്തെ കേരളമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ വികസന നേട്ടങ്ങളെ പിന്നോട്ടടിക്കാനാണ് മത‑സാമുദായിക സംഘങ്ങൾ ശ്രമിക്കുന്നത്. കേരളത്തെ “സുവർണ്ണകാലത്തിലേക്ക്” നയിക്കുമെന്ന് പ്രചരിപ്പിക്കുന്നവർ ആദ്യം കേരളം കൈവരിച്ച ലോകോത്തരമായ ആരോഗ്യ‑വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ലോകകേരള സഭ അംഗം ജെ. സജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ലോകകേരള സഭ അംഗം സി.കെ. നൗഷാദ്, വനിതാവേദി പ്രസിഡന്റ് ഷിനി റോബർട്ട്, വൈസ് പ്രസിഡന്റ് പ്രവീൺ, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലാത്ത്, കേന്ദ്ര കമ്മിറ്റി അംഗം പ്രസീത ജിതിൻ, സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ നവീൻ കെ.വി. എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ പി.ബി. സുരേഷ് നന്ദി രേഖപ്പെടുത്തി.

വി എസ് അച്യുതാനന്ദൻ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ) ചേർന്ന പ്രതിനിധി സമ്മേളനത്തിൽ , മാത്യു ജോസഫ്, സി.കെ. നൗഷാദ്, ബെറ്റി അഗസ്റ്റിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.പ്രസീദ് കരുണാകരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു . ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ബി. സുരേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 25 കേന്ദ്ര കമ്മിറ്റി അംഗങ്ങളും നാല് മേഖലകളിൽ നിന്നുള്ള 361 പ്രതിനിധികളും ഉൾപ്പെടെ 386 പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സബ് കമ്മറ്റികളുടെ ഭാഗമായി മണിക്കുട്ടൻ കോന്നി (കൺവീനർ), ബിതീഷ, രാജീവ് ടി എൽ, എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും, സജിൻ മുരളി (കൺവീനർ), ജിൻസി ബിപിൻ, ശ്രീരാജ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, ജിൻസ് തോമസ് (കൺവീനർ) ഗോപീകൃഷ്ണൻ, തുഷാര ഹരിരാജ് എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയുടെയും, പി ബി സുരേഷ് (കൺവീനർ) മനോജ്, അജിത് പട്ടമന, സുധിൻ, വിജയകൃഷ്ണൻ, അബ്ദുൽ നിസാർ, ജോബിൻ, അരവിന്ദൻ കൃഷ്ണൻകുട്ടി, കൃഷ്ണ മേലാത്ത്, എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.

പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ട്രഷറർ പി ബി സുരേഷ് എന്നിവരടങ്ങിയ 29 അംഗ കേന്ദ്ര കമ്മിറ്റിയെ 2026 പ്രവർത്തന വർഷത്തേക്കു സമ്മേളനം തിരഞ്ഞെടുത്തു. സുമിത വിശ്വനാഥ് (വൈസ് പ്രസിഡന്റ്), പ്രവീൺ പി വി (ജോയിന്റ് സെക്രട്ടറി), കൃഷ്ണ മേലേത്ത്‌ (അബ്ബാസിയ മേഖലാ സെക്രട്ടറി),ഷിജിൻ (അബുഹലീഫ മേഖലാ സെക്രട്ടറി) ‚ശരത്‌ ചന്ദ്രൻ (സാൽമിയ മേഖലാ സെക്രട്ടറി), ബിജോയ്‌ (ഫഹഹീൽ മേഖലാ സെക്രട്ടറി) ‚മണിക്കുട്ടൻ (സാഹിത്യ വിഭാഗം) ‚തസ്നീം മന്നിയിൽ (മീഡിയ സെക്രട്ടറി), അശോകൻ കൂവ (കായിക വിഭാഗം) , പ്രസീത്‌ കരുണാകരൻ (കല വിഭാഗം) ദേവദാസ്‌ (സാമൂഹിക വിഭാഗം),അജിത് പനിക്കാടൻ, അനൂപ് പറക്കോട്, രജീഷ് സി , ശങ്കർ റാം, സന്തോഷ് കെ ജി, ജോബിൻ ജോൺ, ഗോപി കൃഷ്ണൻ,അബ്ദുൽ നിസാർ, അഞ്ജന സജി,ജോസഫ് നാനി, നവീൻ എളയാവൂർ, ഗോപകുമാർ, മാത്യു ജോസഫ്, ജഗദീഷ് ചന്ദ്രൻ, ഷംല ബിജു എന്നിവരാണ് പുതുതായി തെരെഞ്ഞെടുത്ത കേന്ദ്രകമ്മറ്റി അംഗങ്ങൾ.

“ഗാംക പ്രവർത്തനം സുതര്യമാക്കുക”, “SIR — പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുക”, “പ്രവാസികളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന വിമാന പ്രതിസന്ധിയെ കുറിച്ച് അന്വേഷണം നടത്തുക”, “മെഡിക്കൽ ലൈസൻസ് ലഭിക്കുന്നതിനുള്ള വെരിഫിക്കേഷൻ കാലതാമസം പരിഹരിക്കുക”, “മത നിരപേക്ഷ ജനാധിപത്യം സംരക്ഷിക്കുക”,“തൊഴിലാളി വിരുദ്ധമായ പുതിയ ലേബർ കോഡുകൾ പിൻവലിക്കുക”, “തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള യൂണിയൻ സർക്കാറിന്റെ ജനവിരുധ നയങ്ങൾ പിൻവലിക്കുക”, “പൊരുതുന്ന വെനിസ്വലൻ ജനതക്ക് അഭിവാദ്യങ്ങൾ” തുടങ്ങിയ കാലിക പ്രസക്തമായ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ലോകകേരള സഭ അംഗങ്ങളായ ജെ. സജി, അൻസാരി കടയ്ക്കൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു . പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ നവീൻ എളയാവൂർ സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.