
കേരളത്തിന്റെ ജൈവവൈവിധ്യത്തിലേക്ക് പുതിയ എട്ടുപേര്‍ കൂടി. വനം വകുപ്പിന്റെയും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്) യുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം വന്യജീവി വനമേഖലകളിൽ നടത്തിയ ജന്തുജാല സർവേയിൽ എട്ട് പുതിയ ജീവികളെ കൂടി തിരിച്ചറിഞ്ഞു. നെയ്യാർ വന്യജീവി സങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, പേപ്പാറ വന്യജീവി സങ്കേതം മേഖലകളിലെ സർവേയിൽ അമ്പതിലധികം ഗവേഷകരും വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു.
നെയ്യാർ വന്യജീവി സങ്കേതത്തിൽ ആകെ 160 ഇനം പക്ഷികള്‍, 165 ഇനം ചിത്രശലഭങ്ങള്‍, 53 ഇനം തുമ്പികള്‍ തുടങ്ങിയവയെ കണ്ടു. ഏഷ്യൻ ഓപ്പൺബിൽ അനസ്റ്റോമസ് ഓസിറ്റൻസ് (ചേരാ കൊക്കൻ) വൂളി-നെക്ക്ഡ് സ്റ്റോർക്ക്-സിക്കോണിയ എപ്പിസ്കോപ്പസ് (കരിംകൊക്ക്) സ്പോട്ടഡ് ഔൾ (പുള്ളിനത്ത്) എന്നിവയെ ആദ്യമായാണ് ഈ മേഖലയിൽ കണ്ടെത്തിയത്.
നെയ്യാറിലെ പുതിയ ചിത്രശലഭങ്ങൾ എട്ടെണ്ണമാണ്. സഹ്യാദ്രി ഗ്രാസ് യെല്ലോ (വേമ്പട ശലഭം), ബറോനെറ്റ്—സിംഡ്രിയ നൈസ് (അഗ്നിവർണൻ), സഫ്യൂസ്ഡ് ഡബിൾ ബാൻഡ് ജൂഡി (വിഴാലശലഭം/ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ് ബാബുൾ ബ്ലു ( ബബുൾ ബ്ലു), ഡാർക്ക് സിലോൺ സിക്സ് ലൈൻ ബ്ലു (ഇരുളൻ സിലോൺ നീലി), ഇന്ത്യൻ വൈറ്റ് നിപ്പഡ് ലൈൻ ബ്ലു (വെള്ളത്തുമ്പുവരയൻ നീലി), പ്ലെയിൻ ബാൻഡെഡ് ഔൾ (കാട്ടുവരയൻ ആര), മലബാർ ഫ്ലാഷ് (തുടലി മിന്നൻ), എന്നിവ. അഞ്ചിനം തുമ്പികളും ഇവിടെ പുതിയതാണെന്ന് തിരിച്ചറിഞ്ഞു. പാരക്കീറ്റ് ഡാർണർ (മരതക ചാത്തൻ/തത്തമ്മ തുമ്പി), മിസ്റ്റിക്കാ സഫയർ (മേഘവർണൻ ), സ്‌പ്ലെൻഡിഡ് ഡാർട്ട്‌ലെറ്റ് (കാട്ടു പുൽച്ചിന്നൻ), ബ്ലാക്ക് ടൊറന്റ് ഡാർട്ട് (കരിമ്പൻ അരുവിയൻ), ബ്ലൂ സ്ട്രൈപ്പഡ് ത്രെഡ് ടെയിൽ (മഞ്ഞക്കറുപ്പൻ മുളവാലൻ) എന്നിവ. ഇതോടെ നെയ്യാറിൽ ആകെ രേഖപ്പെടുത്തിയ തുമ്പികൾ 111 ആയി.
പേപ്പാറ വന്യജീവി സങ്കേതത്തിൽ 115 ഇനം പക്ഷികളെയും 115 ചിത്രശലഭങ്ങളെയും 22 ഇനം തുമ്പികളെയുമാണ് തിരിച്ചറിഞ്ഞത്. സ്പോട്ടഡ് ഔൾ (പുള്ളിനത്ത്) ആണ് പുതിയ പക്ഷി. നിലവിൽ ഇവിടെ 292 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. സഫ്യൂസ്ഡ് ഡബിൾ‑ബാൻഡഡ് ജൂഡി (വിഴാലശലഭം/ഇരുവരയൻ ആട്ടക്കാരൻ), സഹ്യാദ്രി വൈറ്റ് ഹെഡ്ജ് ബ്ലൂ (വെള്ളിനീലി), ട്രാവൻകൂർ ടാണി ഐയിസ് (മലശരവേഗൻ), എന്നീ പുതിയ മൂന്ന് ശലഭങ്ങളെയും കണ്ടെത്തി. ഫോറസ്റ്റ് ലൈറെറ്റൈൽ (ഷോല കടുവ), അഗസ്ത്യമല റീഡ് ടെയിൽ (അഗസ്ത്യമല നിഴൽ തുമ്പി) എന്നിവയാണ് പുതിയവ.
തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, ടിഎൻഎച്ച്എസ് ഡയറക്ടർ കെ ജയകുമാർ, അസിസ്റ്റന്റുമാരായ എ പി അനീഷ് കുമാർ, ജി ആർ അനീഷ്, സലിൻ ജോസ്, വന്യജീവി അസിസ്റ്റന്റ് അജീഷ് എ എസ് എന്നിവർ നേതൃത്വം നല്‍കി.
ഡോ. കലേഷ് സദാശിവൻ, ടോംസ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ വിവരങ്ങള്‍ സമാഹരിച്ചു.
സ്റ്റിയർ നിലമ്പൂർ, ബിബിസി ബാംഗ്ലൂർ, നെസ്റ്റ് തിരുവനന്തപുരം, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ തൃശൂർ, ചിരാഗ് കണ്ണൂർ, കേരള കാർഷിക സർവകലാശാല, അണ്ണാമലൈ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ളവർ സർവേയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.