
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. എട്ട് വർഷം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിലാണ് വിധി വരുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെടുന്നതോടെയാണ് കേസിന്റെ തുടക്കം. മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. സംഭവത്തിന് പിന്നിൽ നടൻ ദിലീപ് നൽകിയ കൊട്ടേഷൻ ആണെന്നാണ് പൊലീസ് കണ്ടെത്തിയത്.
പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് , സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.ആലുവ അത്താണിയില്‍ വെച്ച് മുഖ്യപ്രതി പള്‍സര്‍ സുനി ഓടിച്ച ടെമ്പോ ട്രാവലര്‍ എസ് യു വിയില്‍ ഇടിക്കുകയും, തുടര്‍ന്ന് സുനി വാഹനത്തില്‍ അതിക്രമിച്ചുകയറി നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിലാണ് ദിലീപ് പ്രതിയാകുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗംബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ, ഗൂഢാലോചന നടത്തിയത് നടൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ പങ്കാളിത്തം എട്ടര വർഷത്തിനിപ്പുറവും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷൻ കഴിയുമോ എന്നതാണ് ഏറെ നിർണായകം. കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
വൈരാഗ്യത്തിന്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ, ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഏറ്റവും ഒടുവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.